-->
മാതാപിതാക്കളെ സംബന്ധിച്ച് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് മക്കളുടെ വിവാഹം. ഇതിനായി അവർ ഏതറ്റം വരെയും പോകുന്നത് നമ്മുടെ സമൂഹത്തിൽ സാധാരണമാണ്. എന്നാൽ കൊൽക്കത്ത സ്വദേശിയായ ഒരു യുവതിയുടെ അമ്മ ഇതിനായി കണ്ടെത്തിയ വഴിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. 31 വയസ്സായിട്ടും വിവാഹത്തിന് തയ്യാറാകാത്ത മകളെ സമ്മതിപ്പിക്കാൻ വളരെ വിചിത്രമായ ഒരു വാദമാണ് ഇവർ ഉന്നയിക്കുന്നത്. മകൾ വിവാഹം കഴിച്ചില്ലെങ്കിൽ മരണശേഷം അച്ഛന്റെ ആത്മാവ് പരലോകത്ത് ഗതികിട്ടാതെ അലയുമെന്നും കഷ്ടപ്പെടുമെന്നുമാണ് ഈ അമ്മയുടെ ഭീഷണി.
യുവതി തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. 'അൾട്രാ പ്രോ മാക്സ് മാനിപ്പുലേഷൻ' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. തന്റെ മകൾ വിവാഹിതയാകേണ്ടത് പിതാവിന്റെ ആത്മശാന്തിക്ക് അനിവാര്യമാണെന്ന് ഗൗരവത്തോടെ പറയുന്ന അമ്മയുടെ രീതി വൈകാരിക ബ്ലാക്ക് മെയിലിംഗിന്റെ ഒരു വേറിട്ട ഉദാഹരണമായി സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
വീഡിയോയ്ക്ക് താഴേ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി യുവതീയുവാക്കൾ കമന്റ് ബോക്സിൽ എത്തി. തങ്ങളുടെ വീടുകളിലും അച്ഛനെ മുൻനിർത്തി അമ്മമാർ ഇത്തരത്തിൽ വൈകാരിക സമ്മർദ്ദം ചെലുത്താറുണ്ടെന്ന് പലരും കുറിച്ചു. ചിലർ തങ്ങൾക്ക് വിവാഹത്തിനായി ലഭിച്ച വാഗ്ദാനങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ, മറ്റു ചിലർ മാതാപിതാക്കളുടെ ഇത്തരം 'സമ്മർദ്ദ തന്ത്രങ്ങളെ' ചിരിയോടെയാണ് സമീപിച്ചത്.