-->
പരീക്ഷയില്‍ ജയിക്കാനായി പല കുറുക്കുവഴികളും പയറ്റുന്ന നിരവധി വിരുതന്മാരെ നാം കണ്ടിട്ടുണ്ട്. സമാനമായ ഒന്നായിരുന്നു അങ്ങ് ജാര്‍ഖണ്ഡില്‍ നടന്ന ബോര്‍ഡ് പരീക്ഷയിലും സംഭവിച്ചത്. പരീക്ഷയില്‍ ഉത്തരമെഴുതാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് ജയിക്കാനായി അധ്യാപകനെ സ്വാധീനിക്കാന്‍ ഉത്തരക്കടലാസിനൊപ്പം 1000 രൂപ വച്ചിരിക്കുകയാണ് ഒരു വിദ്യാര്‍ത്ഥി. പലാമു എന്ന മൂല്യനിര്‍ണ്ണയ കേന്ദ്രത്തില്‍ വച്ച് സംസ്‌കൃത ഉത്തരക്കടലാസ് പരിശോധിക്കുന്നതിനിടെയാണ് വിചിത്ര സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥി, ആ പേജിന് താഴെ രണ്ട് 500 രൂപ നോട്ടുകള്‍ വെച്ചിരുന്നു. എന്നാല്‍, മൂല്യനിര്‍ണ്ണയ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ച അധ്യാപകന്‍ ആ ചോദ്യത്തിന് പൂജ്യം മാര്‍ക്ക് നല്‍കി മൂല്യനിര്‍ണയത്തിലെ സുതാര്യത ഉയര്‍ത്തിപ്പിടിച്ചു. സംഭവം പുറത്തറിഞ്ഞതോടെ ഇതുപോലെയുള്ള പാഴ്ശ്രമങ്ങള്‍ വിദ്യാര്‍ത്ഥിയുടെ പരീക്ഷാഫലത്തെ അപകടത്തിലാക്കുക മാത്രമല്ല, പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെത്തന്നെ തകര്‍ത്തേക്കും. അറിവും കഴിവും സത്യസന്ധമായി വിലയിരുത്തപ്പെടേണ്ട ഇടങ്ങളില്‍ ഇത്തരം വഴിവിട്ട രീതികള്‍ സ്വീകരിക്കുന്നത് വിദ്യാര്‍ത്ഥിയുടെ അക്കാദമിക് റെക്കോര്‍ഡിനെയും വ്യക്തിത്വത്തെയും ദീര്‍ഘകാലം പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഉത്തരക്കടലാസിനുള്ളില്‍ പണം വെച്ചിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ ചര്‍ച്ചകളാണ് ഉയരുന്നത്. എന്നാല്‍, പരീക്ഷാ മൂല്യനിര്‍ണ്ണയം പൂര്‍ണ്ണമായും സുതാര്യമാണെന്നും പേപ്പറില്‍ എഴുതിയിരിക്കുന്ന ഉത്തരങ്ങള്‍ക്ക് മാത്രമാണ് മാര്‍ക്ക് നല്‍കുന്നതെന്നും അധ്യാപകര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. പണം നല്‍കിയതുകൊണ്ട് മാര്‍ക്ക് ലഭിക്കില്ലെന്ന് മാത്രമല്ല, ഇത്തരം പ്രവൃത്തികള്‍ ഗുരുതരമായ അച്ചടക്ക ലംഘനമായി കണക്കാക്കി നടപടികള്‍ സ്വീകരിക്കാനും സാധ്യതയുണ്ട്.