-->
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മത്സരിക്കുന്ന ജി. സുധാകരനെ പ്രതിരോധിക്കാന്‍ നേരിട്ടിറങ്ങി സി.പി.എം. സംസ്‌ഥാന നേതൃത്വം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഇന്നലെ ആലപ്പുഴയില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ അജന്‍ഡ പൊതുവായ തെരഞ്ഞെടുപ്പ് ഒരുക്കം ആയിരുന്നെങ്കിലും ഏറിയ പങ്കും അമ്പലപ്പുഴയും സുധാകരനുമാണ് ആലോചനാ വിഷയമായത്. അമ്പലപ്പുഴയില്‍ അതീവ ജാഗ്രത വേണമെന്ന് ഗോവിന്ദന്‍ ജില്ലയിലെ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.
ഭരണം കിട്ടിയാലും അമ്പലപ്പുഴയില്‍ തോറ്റാല്‍ അത് പാര്‍ട്ടിക്കു കനത്ത തിരിച്ചടിയാകുമെന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്. പുന്നപ്ര രക്‌തസാക്ഷികളുടെ മണ്ണില്‍ തിരിച്ചടി നേരിട്ടാല്‍ അത് പാര്‍ട്ടി നേതൃത്വത്തിനുള്ള മറുപടിയായി വ്യാഖ്യാനിക്കപ്പെട്ടേക്കുമെന്നതാണ് പ്രമുഖ നേതാക്കളെ അലട്ടുന്നത്. നിലവിലെ സംസ്‌ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്കെതിരായ ജനകീയ തിരുത്തല്‍ നടപടി എന്ന നിലയില്‍ അമ്പലപ്പുഴ പോരാട്ടത്തെ മാറ്റാന്‍ മണ്ഡലത്തിലെ സി.പി.എം. അണികള്‍ക്കിടയിലും നീക്കം നടക്കുന്നതായുള്ള ആശങ്ക ചില നേതാക്കള്‍ക്കുണ്ട്.
ജി. സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ടെന്നും കേഡര്‍ വോട്ടുകള്‍ പൂര്‍ണമായും ഉറപ്പാക്കാന്‍ കഠിന ശ്രമം വേണമെന്നും എം.വി ഗോവിന്ദന്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. സ്‌ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ ശേഷം ജി. സുധാകരനെ അവഗണിക്കാനായിരുന്നു സംസ്‌ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. എന്നാല്‍, പറവൂരിലെ സി.പി.എം. പ്രതിഷേധ പ്രകടനത്തെത്തുടര്‍ന്ന് പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കും 'ചെറ്റത്തരം' പരാമാര്‍ശത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ സുധാകരന്‍ ആഞ്ഞടിച്ചതോടെ വിവാദമായി. പാര്‍ട്ടി അണികളെ ലക്ഷ്യമിട്ടുള്ള സുധാകരന്റെ നീക്കങ്ങള്‍ നേതൃത്വത്തെ വെട്ടിലാക്കുന്നതായി. പാര്‍ട്ടി കോട്ടകളില്‍ വിള്ളല്‍ വീഴ്‌ത്തി വോട്ട് നേടാനുള്ള തന്ത്രം തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍ ജില്ലാ സെക്രട്ടറിയറ്റില്‍ പറഞ്ഞു. കേഡര്‍ വോട്ടുകള്‍ ഒന്നു പോലും ചോരാതെ ശ്രദ്ധിക്കണമെന്നും അമ്പലപ്പുഴയില്‍ ഭൂരിപക്ഷം കുറയുകയോ തോല്‍ക്കുകയോ ചെയ്‌താല്‍ പാര്‍ട്ടിക്കുണ്ടാക്കുന്ന ക്ഷീണം ചെറുതല്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
സുധാകരന്റെ മത്സരം വര്‍ഗീയ ശക്‌തികളുടെ പിന്തുണയോടെയാണെന്നും ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ. വോട്ടുകള്‍ സമാഹരിക്കാന്‍ യു.ഡി.എഫ്. നേതാക്കള്‍ ചര്‍ച്ചനടത്തുന്നതായും ജില്ലാ നേതാക്കളില്‍ ചിലര്‍ യോഗത്തില്‍ വിശദീകരിച്ചു. സുധാകരനെ പ്രതിരോധിക്കുക എന്നത് ജില്ലയിലെ പാര്‍ട്ടിയുടെ പ്രഥമ ചുമതലയാക്കി. ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി പിണറായിഅമ്പലപ്പുഴയില്‍ പ്രസംഗിക്കുന്നുണ്ട്.