-->
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും ബിജെപി വന്‍ ശക്തിയായി മാറുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അനില്‍ ആന്റണി. കുറഞ്ഞത് 30 സീറ്റുകളെങ്കിലും കേരളത്തില്‍ നേടുമെന്നും വികസിത ഭാരതത്തിനൊപ്പം വികസിത കേരളവും ഉണ്ടാകണമെങ്കില്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വരണമെന്നും പറഞ്ഞു.
ക്രൈസ്തവര്‍ കൂടുതലുള്ള ഗോവയിലും നോര്‍ത്തഈസ്റ്റ് സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നതെന്നും ക്രൈസ്തവരും എന്‍ഡിഎ ഭരിക്കുന്ന ഇന്ത്യയുടെ ഭാഗമാണെന്നും പറഞ്ഞു. കേരളത്തില്‍ ഇന്ന് ബിജെപിയ്ക്ക് ഒരു എംപിയുണ്ട് ഒരു മേയറും ഡപ്യൂട്ടി മേയറും ഒരു കോര്‍പ്പറേഷനും രണ്ടു മുനിസിപ്പാലിറ്റിയും നിരവധി ഗ്രാമ പഞ്ചായത്തുകളും ഭരണത്തിലുണ്ടെന്നും പറഞ്ഞു. മോദിക്ക് കീഴില്‍ ഭാരതം മൂന്നാമത്തെ വലിയ സാമ്പത്തീകശക്തിയായി മാറാന്‍ ഒരുങ്ങുമ്പോള്‍ കേരളവും വികസനത്തിന് കീഴിലാകണമെന്ന് പറഞ്ഞു.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ബിജെപി ഏറ്റവും മിടുക്കന്മാരായ സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. വികസനത്തെക്കുറിച്ച് കേരളത്തില്‍ ചര്‍ച്ച ചെയ്യുന്നത് രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തില്‍ ബിജെപി മാത്രമാണെന്നും പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കെ.സി. വേണുഗോപാലും ഉന്നയിക്കുന്ന 'ഡീല്‍' ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജനകളെ വിഡ്ഡികളാക്കാനുമാണ്.
ദേശീയതലത്തില്‍ ഇന്‍ഡി സഖ്യത്തിന്റെ ഭാഗമായി ഒന്നിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ മാത്രം പരസ്പരം പോരടിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കൈകോര്‍ക്കുന്ന ഇവര്‍ കേരളത്തില്‍ വ്യാജ മത്സരമാണ് കാഴ്ചവെക്കുന്നത്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിക്കുന്ന രീതിക്ക് ഈ തിരഞ്ഞെടുപ്പോടെ മാറ്റമുണ്ടാകുമെന്നും പറഞ്ഞു. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് 30 സീറ്റുകളില്‍ വിജയിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.