-->
കോഴിക്കോട് : എലത്തൂര്‍ മണ്ഡലത്തില്‍ എ കെ ശശീന്ദ്രന് തിരിച്ചടി. എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർത്ഥി പി കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം അനുവദിച്ചു. പാർട്ടി പ്രസിഡന്റ് ഒപ്പിട്ട രേഖയിൽ വ്യത്യാസം എന്നായിരുന്നു എ കെ ശശീന്ദ്രൻ ഉന്നയിച്ച വാദം. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് പി കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം അനുവദിച്ചിരിക്കുന്നത്. എ കെ ശശീന്ദ്രൻ കാഹളം മുഴക്കുന്ന മനുഷ്യൻ ചിഹ്നത്തിൽ മത്സരിക്കും. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ക്ലോക്ക് ചിഹ്നത്തിലായിരുന്നു എ കെ ശശീന്ദ്രൻ മത്സരിച്ചത്.
മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയാണ് എൻസിപി ശരദ് പവാർ വിഭാഗം നേതാവു കൂടിയായ മന്ത്രി എ കെ ശശീന്ദ്രൻ. അദ്ദേഹം വീണ്ടും മത്സരിക്കുന്നതിനെതിരെ പാർട്ടിക്കുളളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായെങ്കിലും ഒടുവിൽ എ കെ ശശീന്ദ്രനെ തന്നെ രംഗത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് തവണ ക്ലോക്ക് ചിഹ്നത്തിലാണ് ഈ മണ്ഡലത്തിൽ എ കെ ശശീന്ദ്രൻ ജയിച്ചത്. ഇടയ്ക്ക് എൻസിപി പിളർന്ന് അജിത് പവാർ വിഭാഗം രൂപീകരിച്ചതോടെ എ കെ ശശീന്ദ്രന് എതിരെ പി കെ ശശീന്ദ്രൻ എന്ന അപരനെ എൻസിപി അജിത് പവാർ വിഭാഗം സ്വതന്ത്ര സ്ഥാനാർത്ഥി ആക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കിടെ കോഴിക്കോട് കലക്ടറേറ്റിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. എൻസിപി അജിത് പവാർ വിഭാഗത്തിന്റെ കീഴിൽ സ്വതന്ത്രനായി മത്സരിക്കുന്ന പി കെ ശശീന്ദ്രന്റെ നാമനിർദേശ പത്രികയാണ് വരണാധികാരി രാവിലെ ആദ്യം സ്വീകരിച്ചത്. എന്നാൽ ഇത് എ കെ ശശീന്ദ്രൻ വിഭാഗം എതിർത്തു. തുടർന്ന് പി കെ ശശീന്ദ്രനെ വീണ്ടും വിളിച്ചുവരുത്തി. ഇതിനിടെ പി കെ ശശീന്ദ്രന്റെ പത്രികയുടെ രസീത് അജ്ഞാതനായ ഒരാൾ കൈപ്പറ്റി കടന്നുകളഞ്ഞുവെന്നും ആരോപണം ഉയർന്നു.