-->
കാസർഗോഡ്: ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായ മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി എകെഎം അഷ്‌റഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ രംഗത്ത്. അഷ്‌റഫ് വർഗീയമായ രീതിയിൽ പ്രസംഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുരേന്ദ്രൻ തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർക്ക് ഔദ്യോഗികമായി പരാതി സമർപ്പിച്ചു.
കർണാടകയിലെ എംഎൽഎ ഭരത് ഷെട്ടിക്കെതിരെ അഷ്‌റഫ് നടത്തിയ ചില പരാമർശങ്ങളാണ് പരാതിക്ക് ആധാരം. കെ.സുരേന്ദ്രന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനെത്തിയ എംഎൽഎക്ക്, മംഗളൂരുവിലെ ഒരു മലപ്പുറം സ്വദേശിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് അഷ്‌റഫ് ആരോപിച്ചിരുന്നു. ഒരു കന്നഡ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു അഷ്‌റഫിന്റെ ഈ വിവാദ വെളിപ്പെടുത്തൽ.
മലപ്പുറം സ്വദേശിയുടെ മരണം ഒരു മതപരമായ കാരണത്താലാണെന്ന് അഷ്‌റഫ് പറഞ്ഞതായും പരാതിയിൽ വ്യക്തമാക്കുന്നു. ഇത്തരം പ്രസ്താവനകൾ പ്രദേശത്ത് വർഗീയ ലഹളയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും സുരേന്ദ്രൻ തന്റെ പരാതിയിൽ ആരോപിച്ചു. മഞ്ചേശ്വരം ബിജെപി വലിയ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നാണ്. തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ആരോപണം.