-->
തേരാപ്പാരാ തെക്കുവടക്ക് നടന്നവര്‍ക്ക് തെരഞ്ഞെടുപ്പടുക്കവേ വെളിപാടുണ്ടാകുന്നു;എന്താ..? കാസര്‍ഗോട്ടേക്കുവച്ച് പിടിക്കാന്‍. എന്തിനാ;വടക്കൂന്ന് തുടങ്ങി അങ്ങ് തെക്കേയറ്റം തിരോന്തരം വരെ നീളുന്നൊരു ക്ലീഷേ യാത്ര.
എന്തിനാ യാത്രയെന്നൊന്നും ചോദിച്ചേക്കരുത്. നാട്ടുനടപ്പാകുമ്പോ ഇങ്ങനെയൊക്കെ ചില ആചാരങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് മുറ തെറ്റാതെ അനുഷ്‌ഠിക്കേണ്ടതുണ്ട്. ശബരിമലയിലെ ആചാരലംഘനം ഉയര്‍ത്തി ഇക്കുറിയും നാലോട്ട് യന്ത്രത്തില്‍ വീഴ്‌ത്താന്‍ തക്കം പാര്‍ക്കവേ, തെരഞ്ഞെടുപ്പ് ആചാരം തെറ്റിക്കേണ്ടെന്ന് കരുതിയാകും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇത്തവണയും വടക്ക്-തെക്ക് യാത്ര തുടങ്ങിയത്.
ജില്ലകള്‍ പിന്നിട്ട് കോഴിക്കോടന്‍ അതിര്‍ത്തി കടന്നതോടെ സതീശന് ആശ്വാസ പെരുമഴ. കൈവളര്‍ന്നോ കാല്‍ വളര്‍ന്നോ എന്ന മട്ടില്‍ താലോലിച്ച് രാഷ്‌ട്രീയ കളത്തില്‍ ഒരുക്കിയെടുത്ത പ്രിയ ശിഷ്യന്‍ ഷാഫി പറമ്പിലിന്റെ നാടാണിപ്പോള്‍ കോഴിക്കോടങ്ങാടീം പരിസരോം. പാലക്കാട് ഒക്ക ചങ്ങായി രാഹുല്‍ മാങ്കൂട്ടത്തിന് കൈമാറി 'വടേര'യങ്ങെടുത്തതില്‍ പിന്നെ ഷാഫി കോഴിക്കോട്ടുകാരനായി. ആര്‍ത്തിരമ്പി വന്ന ഡിഫി പ്രതിഷേധ വിപ്ലവ പടയ്‌ക്ക് മുന്നില്‍, കാറില്‍നിന്നിറങ്ങി നെഞ്ച് വിരിച്ച് നിന്നവാനാണീ ഷാഫി. പാതിരാത്രി തെരുവിലിറങ്ങി സംരക്ഷണമൊരുക്കി മുദ്രാവാക്യം വിളിച്ചവര്‍ക്ക് സമുദായ സ്‌നേഹിയാണ് ഷാഫി. അങ്ങിനെയൊരു ഷാഫി ചേര്‍ന്ന് നില്‍ക്കാനുണ്ടെങ്കില്‍ ആരെ പേടിക്കാനെന്ന ആത്മഗതത്തോടെ ആത്മവിശ്വാസം നിറച്ചാണ് കോഴിക്കോടതിര്‍ത്തി കടന്ന് കുറ്റ്യാടി അങ്ങാടീലെത്തിയത്.
ആദ്യ സ്വീകരണ യോഗത്തില്‍ തന്നെ ഷാഫിയുണ്ട്. മാങ്കുട്ടത്തേയും ഷാഫിയേയും ഇടം വലം ചേര്‍ത്താണ് ഒപ്പം വളര്‍ത്തിയത്. അതിലൊന്ന് സൈക്കോയായി, വഷളന്‍ ചിരിയുടെ മേമ്പൊടിയില്‍ പെണ്‍മയ്‌ക്ക് കെണിയൊരുക്കി വേടനായെന്നറിഞ്ഞതോടെ കൈവിട്ടു. ബാക്കിവന്നൊന്ന് രണ്ടിന്റെ ഗുണം ചെയ്യുമെന്നൂറ്റം കൊണ്ടാണത്രേ, ഷാഫിയെ നെഞ്ചോട് ചേര്‍ക്കാന്‍ സ്വീകരണ വേദിയിലേക്ക് ചാടികയറിയത്.
വേദിയാകട്ടെ വേലിയേറ്റ കടലെന്നപോലെ ആര്‍ത്തിരമ്പി നില്‍പ്പാണ്. നേതാക്കളിലൊന്നു പോലുമില്ല സദസിലെന്ന മട്ടില്‍ വേദി നിറഞ്ഞ് തിക്കിത്തിരക്കി ബാലന്‍സ് ചെയ്‌താണ് നില്‍പ്പ്. ഇതിലേക്കൊരു തുള്ളി വീണെന്ന പോലെ സതീശ സാന്നിധ്യത്തില്‍ വേദിയൊന്നുലഞ്ഞു. ഇവരെല്ലാം ഞാന്‍ വിളിച്ചിട്ടു വന്ന ആള്‍ക്കാരാണെന്ന മട്ടില്‍, ഉലയുന്ന വേദിയില്‍ പദമുറപ്പിച്ച്, കിണ്ണം കാച്ചിയ പ്രസംഗത്തിനായി തയ്യാറെടുത്ത ഷാഫിയെ നോക്കുകുത്തിയാക്കി അകലെ നിന്നൊരു തല മൈക്കിനടുത്തേക്ക് നീണ്ടു. ഡി.സി.സി. സെക്രട്ടറിയാണ് കക്ഷി. തിക്കും തിരക്കിലും ഉടലെവിടെ നിന്നെന്നറിയാത്ത തല, ഒട്ടും സമയം കളയാതെ പ്രസംഗിക്കാനായി വി.ഡിയെ ക്ഷണിച്ച് പിന്മാറ്റത്തിനൊരുങ്ങി.
മലയോരത്ത് പ്രകമ്പനം കൊള്ളിച്ച്, ജന സ്വാധീനം വി.ഡിയ്‌ക്ക് മുന്നില്‍ തെളിയിക്കാന്‍ അവസരം കാത്ത് നിന്ന ഷാഫിയൊന്ന് ഞെട്ടി. ഞെട്ടല്‍ മാറിയ പാടെ ഷാഫിയുടെ കൈത്തഴക്കം, ഒരു പ്രത്യേക ആക്‌ഷനില്‍, വി.ഡിയെ ക്ഷണിച്ച ഡി.സി.സി. സെക്രട്ടറിയുടെ കഴുത്തില്‍ നാഗഫണം കണക്കെ വരിഞ്ഞു മുറുകി. വിരമിക്കല്‍ പ്രായത്തോടടുത്ത സെക്രട്ടറിയുടെ ഞരക്കം തൊണ്ടയില്‍ കുരുങ്ങിയിട്ടും വേദി പഴയപടി തന്നെ. എന്നാല്‍ മൂലയ്‌ക്കൊരു ചെയറ് കിട്ടി നേരത്തെ കാലത്തെ ഇരുപ്പുറപ്പിച്ച, പാര്‍ട്ടിയില്‍ ശേഷിക്കുന്ന ഗാന്ധിയന്‍ മുല്ലപ്പള്ളിക്ക് അങ്ങിനെയങ്ങ് കണ്ടില്ലെന്ന് നടിക്കാനൊക്കുമോ..? എഴുന്നേറ്റൊരു മാത്ര എത്തി നോക്കിയതേയുള്ളൂ;ഇരുന്ന കസാരയാരോ വലിച്ച് ഇരിപ്പിടമാക്കി. സാഹചര്യം പന്തിയല്ലെന്ന് തോന്നി പൊടുന്നനെയിരിക്കാനാഞ്ഞ മുല്ലപ്പള്ളി, നിന്ന നില്‍പ്പില്‍ പാതാളത്തിലേക്ക് പതിച്ചെന്ന പോലെ അപ്രത്യക്ഷം..!
സംഗതി നാടാകെ അറിഞ്ഞതോടെ നാണം മറയ്‌ക്കാന്‍ കാപ്‌സ്യൂളുമായി നേതൃത്വപ്പട രംഗത്തിറങ്ങിയതും ചിരിക്ക് തന്നെ വകയായി. കഴുത്തിന് പിടുത്തമിട്ടതിന് സ്‌നേഹ തള്ളലെന്ന ഓമന പേരിട്ടാണ് ഡി.സി.സി. പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ ന്യായീകരണം ചമച്ചത്. കഴുത്തിന് പിടിച്ചില്ല;തലോടുകയായിരുന്നുവെന്ന് ഡി.സി.സി. സെക്രട്ടറിയും..! പിടിവിട്ട കസാരയും കൃത്യസമയത്ത് കസാര പൊക്കിയവനെയും തേടി മുല്ലപ്പള്ളി ഇനിയൊരു യാത്ര വേറെ നടത്തുമോയെന്നാണ് കണ്ടറിയേണ്ടത്.
ആളെ കൂട്ടാനുള്ള വ്യക്‌തി പ്രഭാവമൊന്നുമില്ലെങ്കിലും യാത്രയ്‌ക്കിടെ വേദിയിലെത്തുന്നവരില്‍നിന്ന് വെളുക്കെ ചിരിച്ച് നിവേദനം സ്വീകരിക്കണം. യാത്രയ്‌ക്കിറങ്ങിയാല്‍ പിന്നെ അത് മസ്‌റ്റാണ്. അധികാരത്തിലെത്തിയാല്‍ പിറ്റേന്ന് തന്നെ എല്ലാത്തിലുമൊരു തീരുമാനമാകുമെന്ന് നിവേദനം നല്‍കുന്നവര്‍ക്ക് തോന്നുകയും വേണം. നേതൃത്വ തലത്തിലെ തമ്മില്‍ തല്ലും മുഖ്യമന്ത്രി കസാരയ്‌ക്ക് നോട്ടമിട്ട് മിസ്‌റ്റര്‍ ഹൈക്കമാന്‍ഡ് കെ.സിയുടെ രംഗപ്രവേശവും ഭരണപക്ഷത്തെ യോജിപ്പും ചേര്‍ത്ത് നോക്കുമ്പോള്‍ പ്രതീക്ഷയുടെ തോണി തിരുനക്കര തന്നെ. അപ്പോള്‍ പിന്നെ വാങ്ങിച്ചു കൂട്ടുന്ന നിവേദനങ്ങള്‍ എന്തു ചെയ്യണം..? വേദിയില്‍ പ്രസംഗത്തിനിടവേളയില്‍ കുനുകുനെ ചെറു കുറുനിരകള്‍ പോലെ കീറി വെളിയില്‍ കളയണം;ദത്ര തന്നെ..! വി.ഡിയും അതേ ചെയ്‌തുള്ളു. അതിനാണ് ഇക്കാണുന്ന കോലാഹലമൊക്കെ.. ഇതെന്തോന്ന് ഏര്‍പ്പാട്..?!
ഇതിന് പിന്നില്‍ വിപ്ലവപക്ഷത്തെ സൈബര്‍ പടയാണെന്നാണ് വി.ഡിയുടെ കണ്ടെത്തല്‍. വലതിന് തന്ത്രമൊരുക്കുന്നത് കനഗോലുവെങ്കില്‍ ഇടതോരത്ത് പണ്ട് പ്രചാരണത്തിനിടെ കിണറിലിറങ്ങിയയാളാണ്. കോരിയെടുക്കാന്‍ തൊട്ടിയും കയറുമുണ്ടായിട്ടും അതെല്ലാം മാറ്റി കിണറ്റിലിറങ്ങി വെള്ളം രുചിച്ചവനാണ് കക്ഷി. എന്നിട്ടും നിന്ന നില്‍പ്പില്‍ പൊട്ടിയ പുള്ളി, ക്യാമറാപ്പടയെ വി.ഡിക്ക് പിന്നാലെ വിട്ട് നെഗറ്റീവ് ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് നാടാകെ പ്രചരിപ്പിക്കലാണ് പ്രധാന തന്ത്രം. വേദി കോണ്‍ഗ്രസിന്റേതായതിനാല്‍ തന്നെ ക്യാമറയുമായി വെറുതെ നിന്നാലും ആവശ്യത്തിലേറെ ദൃശ്യങ്ങള്‍ കിട്ടും.
വിപ്ലവമാഷിന്റെ യാത്ര ഇതേ കോഴിക്കോട്ട് കുറ്റ്യാടിയോരത്തെ ബാലുശേരിയില്‍ എത്തിയപ്പോഴാണ് നേരത്തേ പറഞ്ഞ കിണര്‍ ഫെയിം സിങ്കവും സംഘവും ഉണര്‍ന്നത്. ഉടന്‍ തന്നെ ആള് റെഡി. പെന്‍ഷന്‍ കിട്ടിയ വയോധികനോട് കാശ് അപ്പാടെ മാഷിന് കൊടുക്കാനായി തിരക്കഥാ ഭാഗം. മാഷ് കാശും പോക്കറ്റിലിട്ട് തെക്കോട്ട് യാത്ര തിരിച്ചാലോയെന്ന സന്ദേഹത്തില്‍ വയോധികന് വിമ്മിഷ്‌ടം. മാഷ് കാശ് തിരിച്ചു തരും;പത്രത്തില്‍ പടോം വരും സംഘത്തിന്റെ ഉറപ്പില്‍ നാടകം തട്ടേല്‍ കേറി. കാശ് കിട്ടിയ പാടെ;ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന മട്ടില്‍, വെളുക്കെ ചിരിച്ച് മാഷ് നോട്ട് മടക്കി വയോധികന്റെ പോക്കറ്റില്‍ തന്നെ തിരുകി. നേരം ഇരുട്ടി വെളുക്കും മുന്നെ ഗ്രാമീണ വയോധികന്‍ രഹസ്യം പരസ്യമാക്കിയതില്‍ പിന്നെ പീയാര്‍ ടീം മാഷിന് മുന്നിലെത്തിയിട്ടില്ലെന്നാണ് അന്തപുര വര്‍ത്തമാനം.!
ജിനേഷ് പൂനത്ത്