-->
നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് നടന്‍ ഇര്‍ഷാദ് അലി. '' രാജേട്ടന്‍ പോയി... ' ഏഴിലംപാല' എന്ന സീരിയല്‍ കാലത്ത് തുടങ്ങിയ ബന്ധമാണ്. എത്രയെത്ര ഓര്‍മകള്‍... പ്രിയപ്പെട്ട കലാകാരന് വേദനയോടെ വിട'', ഇര്‍ഷാദ് അലി ഫേസ്ബുക്കില്‍ കുറിച്ചു.
കൊല്ലം പട്ടത്താനത്തെ വസതിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം വെളളിയാഴ്ച തൃശ്ശൂരില്‍ വെച്ച് നടക്കും. നടനും എംഎല്‍എയുമായ എം. മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭര്‍ത്താവാണ്.
ക്യാരക്ടര്‍ റോളും വില്ലന്‍ റോളും ഒരുപോലെ വഴങ്ങുന്ന നടനായിരുന്നു. അറുപതോളം ചലച്ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങള്‍ക്ക് പുറമേ ടെലിവിഷന്‍ പരമ്പരകളിലെ പ്രധാന വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. കളിയാട്ടം, പട്ടാഭിഷേകം, നരസിംഹം, മീശമാധവന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.