-->
തിരുവനന്തപുരം: തോല്‍വി ഉറപ്പായ സാഹചര്യത്തില്‍ ജനശ്രദ്ധ തിരിക്കാന്‍ കോണ്‍ഗ്രസ് തന്നെ വ്യക്തിപരമായ അധിക്ഷേപം നടത്താന്‍ തുടങ്ങിയിട്ട് കുറേ കാലമായെന്ന് രാജീവ് ചന്ദ്രശേഖര്‍. തന്റെ വീട്, വസ്ത്രധാരണം, കാര്‍, മലയാളം സംസാരിക്കുന്ന രീതി എന്നിവയെല്ലാം കോണ്‍ഗ്രസ് വിവാദമാക്കുകയാണ്. പണ്ടു മുതലുള്ള കോണ്‍ഗ്രസിന്റെ തന്ത്രമാണ് ഇതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചു എന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് രൂക്ഷമായ ഭാഷയിലാണ് രാജീവ് ചന്ദ്രശേഖര്‍ മറുപടി നലകിയത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചതാണ്. പുതിയതായി ഒന്നുമില്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് വീണ്ടും ഇത്തരം കാര്യങ്ങള്‍ കുത്തിപ്പൊക്കുന്നത്. ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ തെളിവുസഹിതം കോടതിയെ സമീപിക്കുകയോ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയോ ആണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് ഇപ്പോള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന കപ്പലാണ്. വിവാദങ്ങള്‍ ഉണ്ടാക്കി എന്‍ഡിഎയ്‌ക്കെതിരെ ജനവികാരം വളര്‍ത്താമെന്നത് അവരുടെ വ്യാമോഹം മാത്രമാണ്. നേമത്തെ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെയാണ് രാജീവ് ചന്ദ്രശേഖറിനെതിരെ കോണ്‍ഗ്രസ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ആരോപണം ഇങ്ങനെ: ബെംഗളൂരുവിലെ കോറമംഗലയിലുള്ള 49,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള, ഏകദേശം 200 കോടി രൂപ വിലമതിക്കുന്ന ആഡംബര ബംഗ്ലാവിന്റെ വിവരം സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
കോടിക്കണക്കിന് രൂപയുടെ ആസ്തിവിവരങ്ങള്‍ അദ്ദേഹം മറച്ചുവെച്ചു എന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാന പരാതി. തന്റെ രാഷ്ട്രീയ മുന്നേറ്റത്തെ തടയാനുള്ള ഇത്തരം നീക്കങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ ഫലം കാണില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു.