-->
ചില പാമ്പുകള്‍ക്ക് ഇഴയാന്‍ മാത്രമല്ല പറക്കാനും സാധിക്കുമെന്നും നമ്മുക്കറിയാം. ഇത്തരത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും പറക്കാന്‍ സാധിക്കുന്ന പാമ്പുകളുമുണ്ട്. ചിലത് പറന്ന് വായുവിലൂടെ തെന്നിയിറങ്ങാറുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യന്‍ വനങ്ങളില്‍ കാണപ്പെടുന്ന ഫ്‌ലയിംഗ് സ്‌നേക്ക് എന്ന പേരില്‍ അറിയപ്പെടുന്ന പാമ്പുകള്‍ക്ക് ഈ കഴിവുണ്ട്. നാഗത്താന്‍ പാമ്പെന്നും ഇവയെ അറിയപ്പെടാറുണ്ട്.
ഏകദേശം ഒന്നരമീറ്ററോളം വളര്‍ച്ചയെത്തുന്ന ഈ പാമ്പുകള്‍ക്ക് പറന്നുനടക്കാനായി ചിറകുകളൊന്നുമില്ല. എന്നാലിവ ഉയരമുള്ള മരങ്ങളുടെ കൊമ്പുകളില്‍ നിന്നും താഴേക്ക് ചാടും. ഈ സമയം ശരീരം എസ് ആകൃതിയില്‍ പരന്നരൂപത്തിലാക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വാരിയെല്ലുകള്‍ വശങ്ങളിലേക്ക് വികസിപ്പിച്ച് അടിഭാഗം ഉള്ളിലേക്ക് വലിച്ച് ശരീരം പരന്ന ഒരു റിബണ്‍ പോലെയാക്കി മാറ്റുന്നു. ഇത് അവയെ വായുവില്‍ തങ്ങിനില്‍ക്കാനും ദിശ നിയന്ത്രിക്കാനും സഹായിക്കുന്നു. ശരീരം നിയന്ത്രണവിധേയമാക്കി ചുഴറ്റി 20 മുതല്‍ 30 മീറ്റര്‍ ദൂരം വരെ ഇവയ്ക്ക് സഞ്ചരിക്കാനാകും. കാറ്റുള്ളപ്പോഴാണെങ്കില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാനാകും.
പച്ചനിറത്തില്‍ കറുപ്പും മഞ്ഞ ചുവുപ്പ് വരകളുള്ള ഈ പാമ്പുകള്‍ കൂടുതലായും സഹ്യപര്‍വതനിരകളിലെ കാടുകളിലും തെക്ക് കിഴക്കന്‍ ഏഷ്യയിലുമാണ് കാണപ്പെടുന്നത്. ഈ പാമ്പുകള്‍ക്ക് നേരിയ വിഷമുണ്ടെങ്കിലും ഇത് മനുഷ്യനെ അത്രപെട്ടെന്ന് അപകടപ്പെടുത്തില്ല. പല്ലികള്‍, ഓന്തുകള്‍, ചെറിയ പക്ഷികള്‍ എന്നിവയാണ് ഇവയുടെ പ്രധാനഭക്ഷണം. പശ്ചിമഘട്ടമലനിരകളിലും വനപ്രദേശങ്ങളിലും ഇവയെ കണ്ടുവരുന്നുണ്ട്. കേരളത്തില്‍ ശബരിമലയിലെ വനപ്രദേശങ്ങളില്‍ ഇവ സാധാരണമാണ്.