-->
കൊച്ചുകുട്ടികളെ വളർത്തുക എന്നത് തീര്‍ത്തും ശ്രമകരമായ കാര്യമാണ്. ഒരു കുഞ്ഞ് വളര്‍ന്നു വലുതായി സ്വന്തമായി കാര്യങ്ങള്‍ ചെയ്യുന്ന നിലയിലേക്ക് എത്തിക്കുന്ന വരെയുള്ള വെല്ലുവിളികൾ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കുന്നത് ആത്മസന്തോഷം നല്‍കുന്ന കാര്യമാണെങ്കിലും കടുത്ത മാനസിക സമ്മർദ്ദവും വളരെയധികം തളർച്ചയുണ്ടാക്കുന്ന ഒന്നാണെന്നും പല മാതാപിതാക്കളും സമ്മതിക്കാറുണ്ട്. മുഴുവന്‍ സമയം ശ്രദ്ധ ആവശ്യമായതിനാല്‍ മാതാപിതാക്കളുടെ ദൈനംദിന കാര്യങ്ങള്‍ പോലും തടസ്സപ്പെട്ടേക്കാം.
ഇപ്പോഴിതാ രണ്ടു വയസ്സുകാരന്റെ അമ്മ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വൈകാരികമായ ഒരു അനുഭവമാണ് വൈറലായി മാറുന്നത്. താൻ കടന്നുപോകുന്ന കടുത്ത മാനസിക സമ്മർദ്ദത്തെക്കുറിച്ചാണ് രണ്ടു വയസ്സുകാരന്റെ അമ്മയായ ജസ്ജിത് സിങ് നരൂല സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടത്. തന്റെ കുട്ടി ഒരു നിമിഷം പോലും തന്നെ വിട്ടുമാറാൻ ആഗ്രഹിക്കുന്നില്ലെന്നും ഭക്ഷണം കഴിക്കുമ്പോഴും ബാത്ത്റൂമിൽ പോകുമ്പോഴും ഉൾപ്പെടെ ഒന്നിനും കുഞ്ഞ് തന്നെ വിട്ടുമാറുന്നില്ലെന്ന് അവർ വീഡിയോയിൽ പറയുന്നു. കൊച്ചുകുട്ടികളുള്ള അമ്മമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വളരെ അപൂർവ്വമായി മാത്രമേ ആളുകൾ സംസാരിക്കാറുള്ളൂ എന്ന് പറഞ്ഞുകൊണ്ടാണ് നരൂല വീഡിയോ തുടങ്ങുന്നത്.
‘‘എനിക്കൊന്ന് സമാധാനമായി ചായ കുടിക്കാൻ പോലും കഴിയുന്നില്ല. ‘അമ്മേ, ഒന്നെടുക്കൂ... അമ്മേ, ഒന്നെടുക്കൂ, അമ്മേ, മടിയിൽ ഇരുത്തൂ’ എന്ന ശബ്ദം എപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുകയാണ്. എനിക്ക് ശരിക്കും ഭ്രാന്ത് പിടിക്കുന്നു. അമിതമായ തളർച്ച കാരണം ഞാന്‍ എപ്പോൾ വേണമെങ്കിലും തകർന്നുപോയേക്കാം എന്ന് തോന്നാറുണ്ട്. കുഞ്ഞുങ്ങളെ വളർത്തുന്ന അമ്മമാർ നേരിടുന്ന ഇത്തരം വെല്ലുവിളികൾ പലപ്പോഴും ആരും തുറന്നു സംസാരിക്കാറില്ല. പല മാതാപിതാക്കളും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും അത് പരസ്യമായി പറയാൻ മടിക്കുകയാണ്.
കുട്ടികളുടെ വളർച്ചയുടെ ഒരു പ്രത്യേക ഘട്ടത്തിൽ ഇത്തരം പെരുമാറ്റങ്ങൾ സ്വാഭാവികമാണെന്ന് എനിക്ക് അറിയാം. എങ്കിലും, ഈ സാഹചര്യം ദൈനംദിന ജീവിതത്തിലെ ഏറ്റവും ലളിതമായ കാര്യങ്ങൾ പോലും ചെയ്യുന്നതിന് വലിയ തടസ്സമുണ്ടാക്കുന്നു. അമ്മമാരും മനുഷ്യരാണ്, അതുകൊണ്ടുതന്നെ അവർക്കും ഇടയ്ക്ക് മാനസികമായ തളർച്ചയും സങ്കടവും ഉണ്ടാകാറുണ്ട്.
കുഞ്ഞിന് എന്നോട് വല്ലാത്ത അടുപ്പമാണ്, എന്റെ കൂടെയാണ് കുഞ്ഞിന് ഏറ്റവും സുരക്ഷിതത്വം തോന്നുന്നത്. അച്ഛനെയോ മുത്തശ്ശിയെയോ പോലും കുഞ്ഞ് അടുപ്പിക്കുന്നില്ല, എന്റെ എല്ലാ കാര്യങ്ങളും അമ്മ തന്നെ ചെയ്യണമെന്നാണ് കുഞ്ഞിന്റെ വാശി. കുട്ടികളുടെ വളർച്ചയുടെ ഒരു സാധാരണ ഘട്ടമാണിതെന്ന് അറിയാമെങ്കിലും, ഇത് ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്തത്ര ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്റെ കുഞ്ഞ് ടിവിയോ മൊബൈലോ കാണാറില്ല, എപ്പോഴും തന്നോടൊപ്പം കളിക്കാനും ഇടപഴകാനുമാണ് ആഗ്രഹിക്കുന്നത്...’’ ജസ്ജിത് സിങ് നരൂല കണ്ണീരോടെ പറയുന്നു. ഒരു ‘ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേഷൻ’ വിദഗ്ദ്ധ കൂടിയായ അവർ പറയുന്നത്, കാര്യങ്ങളെക്കുറിച്ച് എത്രത്തോളം ശാസ്ത്രീയ അറിവുണ്ടെങ്കിലും അതൊന്നും ഒരു അമ്മയെന്ന നിലയിലുള്ള മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കില്ല എന്നാണ്. മറ്റുള്ളവർക്ക് നിസ്സാരമെന്ന് തോന്നുന്ന ഇത്തരം കാര്യങ്ങൾ മാതാപിതാക്കളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിലേക്കാണ് ഈ വീഡിയോ വിരൽ ചൂണ്ടുന്നത്. നിരവധി പേരാണ് നിരൂലയെ പിന്തുണച്ചും സമാധാനിപ്പിച്ചും കമന്റുകള്‍ കുറിക്കുന്നത്.
ഒരു അമ്മ തന്റെ വിഷമങ്ങൾ കുടുംബത്തോടോ സുഹൃത്തുക്കളോടോ പങ്കുവെക്കുന്നത് അവർക്ക് ലഭിക്കുന്ന പിന്തുണയെയും മറ്റുള്ളവരുടെ മനസ്സിലാക്കലിനെയും ആശ്രയിച്ചിരിക്കും. കൊച്ചു കുട്ടികളെ വളർത്തുന്ന പല അമ്മമാരും ഈ കാലയളവിൽ തങ്ങൾ അവഗണിക്കപ്പെടുന്നതായും നിസ്സഹായരാണെന്നും തോന്നാറുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. ഇത്തരം അനുഭവങ്ങൾ തുറന്നുപറയുന്നത് സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന മറ്റ് മാതാപിതാക്കൾക്ക് വലിയ ആശ്വാസമാകും. തങ്ങൾ ഈ പോരാട്ടത്തിൽ ഒറ്റയ്ക്കല്ലെന്ന് തിരിച്ചറിയാൻ ഇത് അവരെ സഹായിക്കുമെന്നും നരൂല പറഞ്ഞു.