Tuesday, March 10, 2026 Last Updated 22 Min 35 Sec ago English Edition
Todays E paper
Ads by Google
 ജിനേഷ്‌ പൂനത്ത്‌
ജിനേഷ്‌ പൂനത്ത്‌
Monday 23 Feb 2026 11.40 PM

തൃശൂരിന്‌ പൂരാവേശം; തത്തകൃതി വോട്ട്‌മേളം

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അക്കൗണ്ട്‌ തുറന്ന ബി.ജെ.പി. കൈവരിച്ച സ്വാധീനം പല മണ്‌ഡലങ്ങളിലും വിതറുന്നത്‌ ശക്‌തമായ ത്രികോണ മത്സരത്തിന്റെ ആവേശം.
uploads/news/2026/02/826891/All-party.jpg

ചെറുപൂരങ്ങളേറി പൂരങ്ങളുടെ പൂരത്തിലേക്കുള്ള നാട്ടുകൂട്ടങ്ങളുടെ ആരവക്കാലത്ത്‌ തന്നെയാണ്‌ ഇത്തവണ തൃശൂരില്‍ തെരഞ്ഞെടുപ്പ്‌ മേളത്തിനും പതികാലെ കോല്‌ വീണത്‌.പൂരങ്ങളിലെ വൈവിദ്ധ്യമെന്നപോലെ ഇത്തവണ തെരഞ്ഞെടുപ്പിലും തൃശൂരില്‍ പ്രത്യേകതകളേറെ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അക്കൗണ്ട്‌ തുറന്ന ബി.ജെ.പി. കൈവരിച്ച സ്വാധീനം പല മണ്‌ഡലങ്ങളിലും വിതറുന്നത്‌ ശക്‌തമായ ത്രികോണ മത്സരത്തിന്റെ ആവേശം. അപ്രതീക്ഷിത സ്‌ഥാനാര്‍ത്ഥികളുടെ ആഗമനം ചില മണ്‌ഡലങ്ങളെ രാഷ്‌ട്രീയ ശ്രദ്ധയിലേക്കെത്തിക്കാനുള്ള സാധ്യതയുമുണ്ട്‌. ഇരു മുന്നണികളുടേയും പ്രചാരണ യാത്രകള്‍ കടന്നുപോയ ആവേശം അണികളില്‍ പ്രകടം. ബി.ജെ.പി. പ്രവര്‍ത്തകരാകട്ടെ, ദേശീയ അധ്യക്ഷന്‍ തന്നെ നേരിട്ടെത്തി നല്‍കിയ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള തന്ത്രപ്പാടിലുമാണ്‌.ഇത്തരത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തെത്തിയയോടെ ചര്‍ച്ചകളും മുന്നൊരുക്കങ്ങളുമായി തൃശൂരില്‍ പാര്‍ട്ടികളും മുന്നണികളും സജീവമായി കഴിഞ്ഞു. സി.പി.എം. ഭൂരിപക്ഷം സിറ്റിങ്‌ എംഎല്‍എമാരെയും വീണ്ടും രംഗത്തിറക്കുമെന്ന്‌ വ്യക്‌തമാക്കി കഴിഞ്ഞു. കോണ്‍ഗ്രസിന്‌ ജില്ലയിലുള്ള ഏക എം.എല്‍.എ. വീണ്ടും രംഗത്തുണ്ടാകും. അഞ്ച്‌ എംഎല്‍എമാരുള്ള സി.പി.ഐ. ഔദ്യോഗികമായി തീരുമാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ സജീവം.
തൃശൂര്‍ അടക്കം ജില്ലയിലെ ഒന്നിലേറെ സീറ്റുകളില്‍ പ്രതീക്ഷ വച്ച്‌പുലര്‍ത്തുന്ന ബി.ജെ.പിയും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഇടത്‌ വലത്‌ മുന്നണികളില്‍ ഘടക കക്ഷികള്‍ക്ക്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ സീറ്റുകളുടെ കാര്യത്തില്‍ ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌ താനും. സ്‌ഥാനാര്‍ഥി മോഹികള്‍ എറ്റവും കൂടുതലുള്ള പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്‌, സ്‌ഥാനാര്‍ഥി പട്ടിക തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക്‌ കടന്നുകഴിഞ്ഞു.
സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചുള്ള റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിക്ക്‌ ജില്ലാ സെക്രട്ടറി സമര്‍പ്പിച്ച്‌ കഴിഞ്ഞു. സിറ്റിങ്‌ എംഎല്‍എമാര്‍ തുടരാന്‍ അന്തിമമായി തീരുമാനിക്കപ്പെട്ടാല്‍ ജില്ലയില്‍ സ്‌ഥാനാര്‍ഥി നിര്‍ണയം എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ പാര്‍ട്ടിക്കാകും. ജില്ലയില്‍ ആകെയുളള 13 നിയമസഭാ മണ്‌ഡലങ്ങളില്‍ ഒരിടത്തൊഴികെ മറ്റെല്ലായിടങ്ങളിലും കഴിഞ്ഞ തവണ വിജയിച്ചത്‌ എല്‍.ഡി.എഫാണ്‌. ഇതില്‍ എട്ടിടത്ത്‌ സി.പി.എമ്മിന്‌ വിജയം. ചേലക്കരയില്‍ വിജയിച്ച കെ. രാധാകൃഷ്‌ണന്‍ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലും സി.പി.എം. സീറ്റ്‌ നിലനിര്‍ത്തി. വിജയിച്ച യു.ആര്‍. പ്രദീപ്‌ ഒരു ടേം തന്നെ പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ ഇത്തവണയും സീറ്റ്‌ ഉറപ്പിച്ച്‌ കഴിഞ്ഞു. ഒരു ടേം പൂര്‍ത്തീകരിച്ച പുതുക്കാട്‌ കെ.കെ. രാമചന്ദ്രനും വടക്കാഞ്ചേരിയില്‍ സേവ്യര്‍ ചിറ്റിലപ്പിളളിയും ഗുരുവായൂരില്‍ എന്‍.കെ. അക്‌ബറും വീണ്ടും മത്സരിക്കുമെന്ന്‌ ഉറപ്പായി. നേരത്തേ വടക്കാഞ്ചേരിയിലും നിലവില്‍ കുന്നംകുളത്തുമായി മൂന്ന്‌ ടേം പൂര്‍ത്തീകരിക്കുകയും കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയാവുകയും ചെയ്‌ത എ.സി. മൊയ്‌തീനും, രണ്ട്‌ ടേം പൂര്‍ത്തീകരിച്ച മണലൂര്‍ എം.എല്‍.എ മുരളി പെരുനെല്ലിയും മാറാനാണ്‌ സാധ്യത. ഇങ്ങനെ വന്നാല്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം ടി.വി. ഹരിദാസിനാണ്‌ മണലൂരില്‍ മുന്‍തൂക്കം. മണലൂരിലെ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിത്വം മുന്‍ എം.പി: ടി.എന്‍. പ്രതാപന്‍ ഉറപ്പിച്ചിരിക്കെ, ഈ സാഹചര്യം കൂടെ കണക്കിലെടുത്താകും സി.പി.എം. സ്‌ഥാനാര്‍ത്ഥി നിര്‍ണയം. നിലവില്‍ ഡല്‍ഹി സെന്ററായി പ്രവര്‍ത്തിക്കുന്ന പോളിറ്റ്‌ ബ്യൂറോ അംഗം എ. വിജയരാഘവന്‍ സംസ്‌ഥാനത്ത്‌ സജീവമാകണമെന്ന പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്ന്‌ മത്സരിക്കുകയാണെങ്കില്‍ പൊന്നാനിക്ക്‌ പുറമെ കുന്നംകുളവും പരിഗണനയിലുണ്ട്‌.
മുഖ്യമന്ത്രി പിണറായി വിജയനും മത്സര രംഗത്തുള്ള സാഹചര്യത്തില്‍ പി.ബി. അംഗങ്ങളില്‍ എത്ര പേര്‍ മത്സരിക്കണമെന്നതില്‍ തീരുമാനമെടുക്കേണ്ടതും പാര്‍ട്ടി നേതൃത്വമാണ്‌. ഇരിങ്ങാലക്കുടയില്‍ നിലവില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണം തുടങ്ങിയ സിറ്റിങ്‌ എം.എല്‍.എ: ആര്‍.ബിന്ദു, ഒരു ടേം മാത്രമാണ്‌ മത്സരിച്ചതെങ്കിലും ഭര്‍ത്താവ്‌ വിജയ രാഘവന്‍ മത്സര രംഗത്തുണ്ടെങ്കില്‍ പിന്‍വാങ്ങിയേക്കും.
കഴിഞ്ഞ തവണ അഞ്ച്‌ സീറ്റില്‍ വിജയിച്ച സി.പി.ഐയിലും സ്‌ഥാനാര്‍ത്ഥി ചര്‍ച്ച സജീവം. തൃശൂരില്‍ വിജയിച്ച പി. ബാലചന്ദ്രന്റെ പ്രകടനത്തില്‍ പാര്‍ട്ടിക്കും എല്‍.ഡി.എഫിനും മതിപ്പില്ല. ഒരു ടേം മാത്രമാണ്‌ പൂര്‍ത്തീകരിച്ചതെങ്കിലും വീണ്ടും അവസരം നല്‍കേണ്ടതില്ലെന്ന നിലപാടാണ്‌ സി.പി.ഐ. നേതൃത്വത്തിന്‌. ബി.ജെ.പി. ശക്‌തമായ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സ്‌ഥാനാര്‍ത്ഥി നിര്‍ണയം കരുതലോടെ വേണമെന്ന്‌ സി.പി.എമ്മും ഓര്‍മിപ്പിക്കുന്നു. സി.പി.ഐയില്‍ സ്‌ഥാനാര്‍ത്ഥി തര്‍ക്കം രൂക്ഷമായാല്‍ തൃശൂര്‍ ഏറ്റെടുക്കാനുള്ള പഴുതും സി.പി.എം. തേടുന്നുണ്ട്‌. സി.പി.ഐ യുവ നേതാവും മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ വി.എസ്‌. പ്രിന്‍സ്‌ അടക്കമുള്ള നേതാക്കളും തൃശൂരില്‍ നോട്ടമിട്ടിരിപ്പുമുണ്ട്‌. കഴിഞ്ഞ തദേശ തെരെഞ്ഞെടുപ്പില്‍ തൃശൂരിന്‌ പുറമെ യു.ഡി.എഫ്‌. ഭൂരിപക്ഷം നേടിയ മറ്റൊരു മണ്‌ഡലം ഒല്ലൂര്‍ മാത്രമാണ്‌. രണ്ട്‌ ടേം പൂര്‍ത്തിയായെങ്കിലും സി.പി.ഐയിലെ മന്ത്രി കൂടിയായ കെ. രാജന്‍ ഒല്ലൂരില്‍ സീറ്റ്‌ ഉറപ്പിച്ച്‌ പ്രചാരണം തുടങ്ങി കഴിഞ്ഞു. സി.പി.ഐയുടെ മറ്റ്‌ രണ്ട്‌ സീറ്റുകളായ കൊടുങ്ങല്ലൂരില്‍ വി.ആര്‍. സുനില്‍ കുമാറും കയ്‌പ്പമംഗലത്ത്‌ ഇ.ടി. ടൈസനും രണ്ട്‌ ടേം പൂര്‍ത്തീകരിച്ചതോടെ പാര്‍ട്ടിയിലെ സീറ്റ്‌ മോഹികള്‍ കുപ്പായം തുന്നി രംഗത്തിറങ്ങി കഴിഞ്ഞു. കിസാന്‍സഭ സംസ്‌ഥാന പ്രസിഡന്റ്‌ വസന്തകുമാറാണ്‌ കൊടുങ്ങല്ലൂരില്‍ സാധ്യതാ പട്ടികയില്‍ മുന്നില്‍. മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്‌ കയ്‌പ്പമംഗലത്തിറങ്ങാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചെങ്കിലും ഒരവസരം കൂടെ വേണമെന്ന ആവശ്യത്തിലാണ്‌ ടൈസണ്‍.
കഴിഞ്ഞ സമ്മേളനത്തില്‍ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്ന്‌ പുറത്താക്കപ്പെട്ട മുകുന്ദനെ നിലവില്‍ സാധാരണ പ്രവര്‍ത്തകന്‍ മാത്രയി ഒതുക്കി. അതേസമയം ദളിത്‌ നേതാവുകൂടിയായ മുകുന്ദന്‌ സീറ്റ്‌ നിഷേധിച്ചാല്‍ തിരിച്ചടിയാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്‌. തൃശൂര്‍ കോര്‍പറേഷനിലെ മികച്ച വിജയം നല്‍കിയ ആത്മവിശ്വാസം ഉള്ളപ്പോഴും കോണ്‍ഗ്രസിനെ അലട്ടുന്നത്‌ മികച്ച സ്‌ഥാനാര്‍ഥികളുടെ അഭാവം തന്നെ. തൃശൂര്‍ മണ്‌ഡലത്തില്‍ മുന്നോക്ക ഹിന്ദു സ്‌ഥാനാര്‍ഥിയെ മാറ്റി പരീക്ഷിക്കാനുള്ള ധൈര്യം ഇപ്പോഴും പാര്‍ട്ടി പ്രകടിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ്‌ ദീര്‍ഘകാലം എം.എല്‍.എ. ആയിരുന്ന തേറമ്പില്‍ രാമകൃഷ്‌ണനിലേക്ക്‌ പോലും ചര്‍ച്ചകളെത്തുന്നത്‌. യു.ഡി. എഫ്‌ ജില്ലാ ചെയര്‍മാനായ ടി.വി. ചന്ദ്രമോഹന്റെ പേരാണ്‌ മറ്റൊന്ന്‌. ജില്ലയ്‌ക്കു പുറത്തുനിന്ന്‌ ആരെങ്കിലും എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തേറമ്പലിന്‌ പ്രായമാണ്‌ തടസം. ചന്ദ്രമോഹന്‌ എല്ലാ ഗ്രൂപ്പുകളുടേയും പിന്തുണ ഒരേപോലെ ഇല്ലാത്തതാണ്‌ വിന. ഈ സാഹചര്യത്തിലാണ്‌ പാര്‍ട്ടിയിലേക്ക്‌ പുതുതായെത്തിയ സന്ദീപ്‌ വാര്യരും സീറ്റില്‍ പിടി മുറുക്കാന്‍ കരു നീക്കം നടത്തിയത്‌. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. മുന്നിലെത്തിയ ഒല്ലൂരിലെ സ്‌ഥാനാര്‍ത്ഥിത്വം പ്രതീക്ഷിക്കുന്ന നേതാക്കളുടെ നീണ്ട നിര തന്നെ കോണ്‍ഗ്രസിലുണ്ട്‌. ഇതില്‍ പ്രമുഖന്‍ ഡി.സി.സി. പ്രസിഡന്റ്‌ ജോസഫ്‌ ടാജറ്റാണ്‌. ടാജറ്റിന്റെ നേതൃത്വത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാനായതാണ്‌ അദ്ദേഹത്തിന്‌ അനുകൂലമായി ഉയര്‍ത്തിക്കാട്ടുന്നത്‌. കെ.സി. വേണുഗോപാലുമായുള്ള അടുപ്പമാണ്‌ മറ്റൊരു ഘടകം. ഡി.സി.സികള്‍ക്ക്‌ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ മുഖ്യറോള്‍ കൊടുത്താല്‍ ടാജറ്റ്‌ സ്‌ഥാനാര്‍ഥിയാവാനാണ്‌ സാധ്യത. സ്‌ഥാനാര്‍ഥി മോഹമുള്ള മറ്റൊരു പ്രമുഖന്‍ കെ.പി.സി.സി. സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ്‌. പാലിയേക്കര ടോള്‍ പിരിവിനെതിരേയും ദേശീയ പാതയിലെ യാത്രാ ദുരിതത്തിനെതിരേയും നിരന്തര നീയമ പോരാട്ടം നടത്തുന്ന വ്യക്‌തിയാണ്‌ ഷാജി. ഇതിലൂടെ ജനകീയ പരിവേഷം ആര്‍ജിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയിലെ ഉന്നത നേതാക്കളുടെ കാര്യമായ പിന്തുണ ഇല്ലെന്നത്‌ ന്യൂനതയാണ്‌. മുന്‍ ഡി.സി.സി. പ്രസിഡന്റ്‌ ജോസ്‌ വള്ളൂര്‍, മുന്‍ എം. എല്‍.എ: എം.പി. വിന്‍സെന്റ്‌ എന്നിവരും പരിഗണനാ പട്ടികയിലുളളവരാണ്‌. ഇതില്‍ വളളൂര്‍ കഴിഞ്ഞ തവണ മത്സരിച്ച്‌ പരാജയപ്പെട്ടിരുന്നു. ഇതോടൊപ്പമാണ്‌ തൃശൂരില്‍ പാളിയാല്‍ ഒല്ലൂരെന്ന നിലയില്‍, സന്ദീപ്‌ വാര്യരും പരസ്യ മോഹം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയത്‌. തൃശൂരിനേക്കാള്‍ സുരക്ഷിത മണ്‌ഡലമാണ്‌ ഇതെന്നാണ്‌ പൊതുവിലയിരുത്തല്‍. അതാണ്‌ വാര്യരേയും ആകര്‍ഷിക്കുന്നത്‌. എന്നാല്‍, മണ്‌ഡലത്തിന്‌ പുറത്ത്‌ നിന്നാരും വേണ്ടെന്ന പോസ്‌റ്റര്‍ പ്രചാരണവുമായി പ്രാദേശിക നേതൃത്വം രംഗത്ത്‌ വന്നത്‌ വാര്യര്‍ക്ക്‌ ഇവിടേയും കടമ്പയായി.
ചാലക്കുടി കഴിഞ്ഞ തവണ പിടിച്ചെടുത്ത സനീഷ്‌ കുമാര്‍ തന്നെയാകും ഇത്തവണയും കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിയെന്ന്‌ ഉറപ്പായി. യു.ഡി.എഫിന്‌ കഴിഞ്ഞ തവണ ലഭിച്ച ഏക സീറ്റായ ചാലക്കുടിയില്‍ അവര്‍ ഇത്തവണയും പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. പട്ടാമ്പി വിട്ടു കൊടുത്ത്‌ പകരം ഗുരുവായൂര്‍ ലീഗില്‍ നിന്ന്‌ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്‌ ഇടയ്‌ക്ക്‌ നീക്കം നടത്തിയെങ്കിലും ഉപേക്ഷിച്ച മട്ടാണ്‌. ജില്ലാ പഞ്ചായത്ത്‌ ഭരണം ഇത്തവണയും മൃഗീയ ഭൂരിപക്ഷത്തിലാണ്‌ എല്‍.ഡി.എഫ്‌. കൈപ്പിടിയിലൊതുക്കിയത്‌.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴ്‌ നിയമസഭാ മണ്‌ഡലങ്ങളില്‍ ഗുരുവായൂര്‍ ഒഴികെ ആറിലും മുന്നിലെത്തിയാണ്‌ ബി.ജെ.പി.യിലെ സുരേഷ്‌ ഗോപി ആധികാരിക വിജയം നേടിയത്‌. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്‌ഡലങ്ങളിലും പിന്നാക്കം പോയി. ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ടുകള്‍ക്കൊപ്പം ക്രിസ്‌ത്യന്‍ വോട്ടുകളും ഏകീകരിക്കപ്പെട്ടതാണ്‌ സുരേഷ്‌ ഗോപിയുടെ വിജയത്തിലേക്കെത്തിയത്‌. ഇതേ മാതൃകയില്‍ വോട്ട്‌ സമാഹരണമാണ്‌ ബി.ജെ.പി. നിയമസഭയിലേക്കും ലക്ഷ്യം വയ്‌ക്കുന്നത്‌. തൃശൂരില്‍ കണ്ണ്‌ വച്ച സംസ്‌ഥാന സെക്രട്ടറി എം.ടി.രമേശിനെ ഇക്കാര്യം ധരിപ്പിച്ചാണ്‌ പിന്മാറ്റിയത്‌.
അങ്ങിനെയെങ്കില്‍ പത്മജ വേണുഗോപാലിനും സാധ്യത തെളിയും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പായി കോണ്‍ഗ്രസില്‍ നിന്ന്‌ ബി.ജെ.പിയിലേക്കെത്തിയ പത്മജയുടെ ഇടപെടല്‍ സുരേഷ്‌ ഗോപിയുടെ വിജയത്തില്‍ സ്വാധീനം ചെലുത്തിയ ഘടകമാണ്‌. അതേസമയം കഴിഞ്ഞ തവണ ഇരിങ്ങാലക്കുടയില്‍ മത്സരിച്ച മുന്‍ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ജേക്കബ്‌ തോമസ്‌ തൃശൂരിലേക്ക്‌ താമസം മാറ്റിയിട്ടുണ്ട്‌. ഒല്ലൂരിലേക്കും അദ്ദേഹം പരിഗണനാ പട്ടികയിലുണ്ട്‌. സുരേഷ്‌ ഗോപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുന്‍ മേയറും ഇടതു സഹയാത്രികനുമായ എം.കെ. വര്‍ഗീസുമായും ഒല്ലൂരിലെ സ്‌ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട്‌ ഇടക്കാലത്ത്‌ ബി.ജെ.പി. ചര്‍ച്ച നടത്തിയിരുന്നു. ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്റും നിലവില്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്റുമായ കെ.കെ. അനീഷ്‌ കുമാറിന്റെ പേരും കുന്നംകുളത്തിന്‌ പുറമെ ഒല്ലൂരും പരിഗണിക്കുന്നുണ്ട്‌.
പാര്‍ട്ടിക്ക്‌ മേധാവിത്വമുളള കൊടുങ്ങല്ലൂരില്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ബി. ഗോപാലകൃഷ്‌ണന്‍ സീറ്റ്‌ ഉറപ്പിച്ചു കഴിഞ്ഞു. നാട്ടിക മുന്‍ എം.എല്‍.എ.യും സി.പി.ഐ. നേതാവുമായ ഗീതാ ഗോപിയെ പാര്‍ട്ടിയോട്‌ അടുപ്പിക്കാനും ബി.ജെ.പി. ഇടക്കാലത്ത്‌ കരു നീക്കം നടത്തിയിരുന്നു. വടക്കാഞ്ചേരിയില്‍ കഴിഞ്ഞ തവണ മത്സരിച്ച ഉല്ലാസ്‌ ബാബുവിനെ ഇത്തവണ മണലൂരിലും പരിഗണിക്കുന്നുണ്ട്‌. എറണാകുളത്ത്‌ നിന്ന്‌ എ.എന്‍. രാധാകൃഷ്‌ണനെ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ മണലൂരില്‍ കെട്ടിയിറക്കുന്ന ഏര്‍പ്പാട്‌ ഇനിയും അനുവദിക്കാനാവില്ലെന്ന നിലപാടിലാണ്‌ പ്രാദേശിക നേതൃത്വം. മറ്റ്‌ പല മണ്‌ഡലങ്ങളിലും സംസ്‌ഥാന നേതാക്കള്‍ സ്‌ഥാനാര്‍ഥികളായി എത്താനുള്ള സാധ്യതയുമുണ്ട്‌.
അതേസമയം ചാലക്കുടി, ഇരിങ്ങാലക്കുട, തൃശൂര്‍ എന്നീ മണ്‌ഡലങ്ങളില്‍ നീക്കുപോക്കുകളുടെ ഭാഗമായി ഇടതു വലതു മുന്നണികളില്‍ സസ്‌പെന്‍സ്‌ നിലനില്‍ക്കുന്നുമുണ്ട്‌. തൃശൂര്‍ സീറ്റ്‌ സി.പി.ഐയില്‍ നിന്ന്‌ സി.പി.എം. ഏറ്റെടുക്കാനുള്ള സാധ്യത ഉയര്‍ന്നത്‌ ഇത്തരത്തിലാണ്‌. എം.എല്‍.എയുടെ പ്രവര്‍ത്തനത്തില്‍ സി.പി.ഐക്ക്‌ അകത്ത്‌ അതൃപ്‌തികളുണ്ടെങ്കിലും സീറ്റ്‌ വിട്ട്‌ കൊടുക്കുന്നത്‌ ആത്മഹത്യാപരമാണെന്നാണ്‌ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ നിലപാട്‌. ജില്ലാ ആസ്‌ഥാനത്ത്‌ പാര്‍ട്ടിക്ക്‌ ലഭിക്കുന്ന സ്വീകാര്യതക്ക്‌ വലിയ തിരിച്ചടി നേരിടുമെന്നാണ്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌. എം.എല്‍.എയോടുള്ള ചില വിയോജിപ്പുകളുടെ പേരില്‍ സീറ്റ്‌ വിട്ടുകൊടുത്താല്‍ പിന്നീട്ട്‌ ഒരിക്കലും തിരിച്ചുവരവ്‌ സാധ്യമാവില്ല. ഒപ്പം ജില്ലയില്‍ പാര്‍ട്ടിക്ക്‌ വിജയസാധ്യതയുള്ള സീറ്റ്‌ പകരമായി ലഭിക്കാന്‍ സാധ്യതയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇരിങ്ങാലക്കുട, ചാലക്കുടി സീറ്റുകളാണ്‌ പകര സ്‌ഥാനത്തുള്ളത്‌. ഇതില്‍ ചാലക്കുടി കഴിഞ്ഞ തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പിന്‌ നല്‍കുകയായിരുന്നു.
സി.പി.എം. വിട്ടുകൊടുത്ത സിറ്റിങ്‌ സീറ്റില്‍ കോണ്‍ഗ്രസാണ്‌ വിജയിച്ചത്‌. ഈ സീറ്റ്‌ കേരള കോണ്‍ഗ്രസില്‍ നിന്ന്‌ ഏറ്റെടുത്ത്‌ സി.പി.ഐ.ക്ക്‌ നല്‍കുകയാണെങ്കില്‍ ഇരിങ്ങാലക്കുട കേരള കോണ്‍ഗ്രസിന്‌ വിട്ടുകൊടുക്കേണ്ടി വരും. സി.പി.ഐ. ചാലക്കുടി ഏറ്റെടുക്കാന്‍ വിസമ്മതിച്ചാല്‍ ഇരിങ്ങാലക്കുട അവര്‍ക്ക്‌ നല്‍കുന്നതാണ്‌ മറ്റൊരു ഫോര്‍മുല. കേരള കോണ്‍ഗ്രസിന്‌ സീറ്റ്‌ നല്‍കിയതാണ്‌ ചാലക്കുടി കഴിഞ്ഞ തവണ നഷ്‌ടപ്പെടാന്‍ കാരണമെന്നും അതുകൊണ്ടുതന്നെ സീറ്റ്‌ തിരിച്ചെടുക്കണമെന്ന്‌ സി.പി.എം. പ്രാദേശിക നേതൃത്വം വാദിക്കുന്നതിനിടെയാണ്‌ പുതിയ നീക്കം. ഇരിങ്ങാലക്കുട വിട്ടുകൊടുക്കേണ്ടി വന്നാല്‍ മന്ത്രി ആര്‍. ബിന്ദുവിനായി പുതിയ മണ്‌ഡലം കണ്ടെത്തേണ്ടി വരുമെന്നതാണ്‌ തലവേദന. ഇരിങ്ങാലക്കുട വിട്ട്‌ പോകാന്‍ ബിന്ദുവിന്‌ താല്‍പ്പര്യമില്ലെന്നതും സി.പി.എമ്മിനെ കുഴക്കുന്നു. തുടര്‍ മത്സരം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷം മറ്റൊരിടത്തേക്ക്‌ മാറേണ്ടി വരുന്നതിനെ ബിന്ദു അംഗീകരിക്കാതെ വന്നാല്‍ ജില്ലക്ക്‌ പുറത്ത്‌ ഒരുസീറ്റ്‌ സി.പി.എം., സി.പി.ഐ.ക്കായി കണ്ടെത്തേണ്ടി വരും.
യു.ഡി.എഫിലാകട്ടെ ഇരിങ്ങാലക്കുട തലവേദനയായി തുടരുകയാണ്‌. യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസാണ്‌ പതിവായി ഇവിടെ മത്സരിച്ച്‌ വരാറുള്ളത്‌. നിലവില്‍ ഈ സീറ്റിനായി പാര്‍ട്ടി രംഗത്തുണ്ട്‌. മുമ്പ്‌ അഞ്ച്‌ തവണ മത്സരിച്ച തോമസ്‌ ഉണ്ണിയാടന്‍ മത്സരത്തിനുള്ള തയാറെടുപ്പിലുമാണ്‌. 1982 മുതല്‍ 1996വരെ മണ്‌ഡലത്തില്‍ വിജയിച്ച ലോനപ്പന്‍ നമ്പാടനെ പരാജയപ്പെടുത്തി 2001ലാണ്‌ ഉണ്ണിയാടന്‍ ആദ്യമായി മണ്‌ഡലം പിടിച്ചത്‌. മൂന്ന്‌ വിജയവും രണ്ട്‌ പരാജയവുമാണ്‌ ഉണ്ണിയാടന്റെ ക്രെഡിറ്റിലുളളത്‌. ഇക്കുറി ഉണ്ണിയാടന്‌ സീറ്റ്‌ നല്‍കാതെ കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്നാണ്‌ യൂത്ത്‌ കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍. ഈ നീക്കത്തെ പ്രതിരോധിക്കാന്‍ യൂത്ത്‌ ഫ്രണ്ട്‌ രംഗത്തിറങ്ങിയിട്ടുമുണ്ട്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
 ജിനേഷ്‌ പൂനത്ത്‌
ജിനേഷ്‌ പൂനത്ത്‌
Monday 23 Feb 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW