-->
പശ്ചിമേഷ്യയില്‍ യുദ്ധം കനത്തതോടെ ലോകത്തിന്റെ പലഭാഗത്തും ജനജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതില്‍ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം എല്‍പിജി സിലിണ്ടറുകളുടെ അഭാവമാണ്. സിലിണ്ടറിന്റെ ലഭ്യത കുറഞ്ഞതോടെ ഹോട്ടലുകളും കഫേകളും അടച്ച് പൂട്ടിയിരിക്കുകയാണ്. ഇയൊരു സഹാചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് അല്പം 'ഗ്യാസുള്ള' ഒരു ഓഫറാണ്. നഗരങ്ങളില്‍ വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍, ഒരു സിലിണ്ടര്‍ എത്തിക്കുന്നവര്‍ക്ക് 50 പ്ലേറ്റ് മോമോസ് സൗജന്യമായി നല്‍കുമെന്നാണ് ഒരു റെസ്‌റ്റോറന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും, ഗ്യാസ് ക്ഷാമം മൂലം അടുക്കളകള്‍ പൂട്ടേണ്ടി വരുന്ന അവസ്ഥയെയാണ് റെസ്‌റ്റോറന്റ് ഇത്തരത്തില്‍ അവതരിപ്പിച്ചത്.
'ഞങ്ങളെ പാകം ചെയ്യാന്‍ സഹായിക്കൂ, പകരം ഞങ്ങള്‍ നിങ്ങള്‍ക്ക് ഭക്ഷണം നല്‍കാം' പ്രശസ്ത ഇന്തോചൈനീസ് കഫേ ശൃംഖലയായ 'വോക്ക് ആന്‍ഡ് ഫോര്‍ക്ക്' ആണ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഈ ഓഫര്‍ മുന്നോട്ട് വെച്ചത്. 'ഞങ്ങളെ പാകം ചെയ്യാന്‍ സഹായിക്കൂ, ഞങ്ങള്‍ നിങ്ങള്‍ക്ക് ഭക്ഷണം നല്‍കാം' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 'ഗ്യാസ് ഞങ്ങള്‍ക്ക്, മോമോസ് നിങ്ങള്‍ക്ക്' എന്ന ടാഗ്‌ലൈനും ഈ വിചിത്രമായ പരസ്യത്തിനുണ്ട്. ഏതെങ്കിലും ഔട്ട്‌ലെറ്റുകളില്‍ ഒരു കൊമേഴ്‌സ്യല്‍ എല്‍പിജി സിലിണ്ടര്‍ എത്തിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ 50 പ്ലേറ്റ് മോമോസ് ലഭിക്കുമെന്ന ഓഫര്‍ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഭക്ഷണപ്രേമികളും ട്രോളന്മാരും ഒരുപോലെ ഈ ഓഫര്‍ ഏറ്റെടുത്തു കഴിഞ്ഞു.