-->
റീല്‍സ് ചിത്രീകരണത്തിനിടെ വഴിയാത്രക്കാരനുമായി നടുറോഡില്‍ ഏറ്റുമുട്ടി മോഡലും ഇന്‍ഫ്‌ളുവന്‍സറുമായ മോണിക്ക കബീര്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ധാക്കയിലെ തിരക്കേറിയ ഒരു റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ഒരു മധ്യവയസ്‌കന്‍ മോണിക്കയെ തുറിച്ചുനോക്കിക്കൊണ്ട് സമീപത്തുകൂടി നടന്നുപോയി. ഇയാളുടെ കയ്യിലുണ്ടായിരുന്ന ബാഗ് മോണിക്കയുടെ ശരീരത്തില്‍ തട്ടിയിട്ടുണ്ടെന്നാണ് വീഡിയോ കാണുമ്പോള്‍ മനസിലാകുന്നത്.
എന്തായാലും ഇയാള്‍ നടന്നുപോയതിന് പിന്നാലെ മോണിക്ക പെട്ടെന്ന് അയാള്‍ക്ക് പിന്നാലെ നടന്ന് തര്‍ക്കിക്കുകയും കയ്യിലുണ്ടായിരുന്ന സാധനങ്ങളെടുത്ത് അയാളെ അടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ പിന്നീട് സംഭവിച്ചത് കണ്ട് കാണികള്‍ ഞെട്ടി. മധ്യവയസ്‌കനെ മര്‍ദിച്ച് അവിടെനിന്നോടിച്ച മോണിക്ക ദേഷ്യമൊക്കെ വിട്ട് അതിവേഗം വീണ്ടുമൊരു മോഡലായി ക്യാമറയിലേക്ക് നോക്കി ചിരിക്കുകയും റീല്‍സ് ചിത്രീകരണം തുടരുകയും ചെയ്തു.
എന്തും ഓണ്‍ലൈനില്‍ വിറ്റുപോവുന്നതുകൊണ്ടാകണം, ഈ മുഴുവന്‍ സംഭവവും മോണിക്ക തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു.'സൗന്ദര്യവും ധൈര്യവും ഒന്നിക്കുന്നിടം. ആത്മവിശ്വാസത്തോടെ നിങ്ങളുടെ ദിവസത്തിലേക്ക് ചുവടുവെക്കൂ!' എന്ന അടിക്കുറിപ്പോടെയാണ് മോണിക്ക ഈ വീഡിയോ പങ്കുവെച്ചത്. എന്തായാലും ഇത് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചിരിച്ചു.
ആളുകള്‍ സമ്മിശ്രമായാണ് വീഡിയോയോട് പ്രതികരിച്ചത്. ചിലര്‍ മോശം അനുഭവത്തോടെ അതിവേഗം പ്രതികരിച്ച മോണിക്കയുടെ പെരുമാറ്റത്തോട് അനുകൂല നിലപാടെടുത്തപ്പോള്‍, മോണിക്ക ചെയ്ത് ശരിയായില്ലെന്ന നിലപാടെടുത്തു. അതേസമയം ആ മധ്യവയസ്‌കന്റെ പെരുമാറ്റം മനപ്പൂര്‍വം സംഭവിച്ചതാണോ എന്ന രീതിയിലും ചര്‍ച്ച നടക്കുന്നുണ്ട്. അയാള്‍ അത് ശരിക്കും ചെയ്തതാണെന്ന് അവള്‍ക്ക് തോന്നിയെങ്കില്‍ അധികൃതരെ വിവരം അറിയിക്കണമായിരുന്നുവെന്നും ശാരീരികമായ ആക്രമണം ശരിയല്ലെന്നും മറ്റൊരു വിഭാഗം പറയുന്നു.