Thursday, March 12, 2026 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 12.32 PM

കനൽവഴികളിൽ വിരിഞ്ഞ പുഞ്ചിരി: ഇത് അതിജീവനത്തിന്റെ 'മേരി ഗാഥ'

uploads/news/2026/03/829810/mary-paul.jpg

ദോഹ: ദേഹത്തെ രോഗം പടനിലമാക്കി മാറ്റുമ്പോൾ ദേഹം നശിപ്പിക്കാനെത്തുന്ന ശത്രുസൈന്യവും അതിനെ പ്രതിരോധിക്കാനുള്ള വൈദ്യസന്നാഹവും തമ്മിൽനടക്കുന്നജൈവമഹായുദ്ധത്തിൽ കരുത്തും കരുതലുമാകുകയാണ് മേരിപോൾസച്ചിത്ത്.അർബുദ രോഗികൾക്ക് അതിജീവനത്തിന്റെ സാന്ത്വനം പകരുന്ന കാരുണ്യപ്രവർത്തനത്തിൽ മേരിപോൾ കർമ്മനിരതയായിട്ട് പതിനഞ്ചുവർഷങ്ങൾ പിന്നിടുന്നു.ക്യാൻസർ എന്ന വെല്ലുവിളിയെ മനോധൈര്യം കൊണ്ട് അതിജീവിച്ച മേരി പോൾ ഇന്ന് ആ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന നൂറുകണക്കിന് ആളുകൾക്ക് പ്രതീക്ഷയുടെ തുരുത്തായി മാറുകയാണ്. ക്യാൻസർ ചികിത്സയുടെ കാഠിന്യവും അത് നൽകുന്ന മാനസിക സമ്മർദ്ദവും നേരിട്ടറിഞ്ഞ വ്യക്തി എന്ന നിലയിൽ, രോഗികൾക്ക് വേണ്ടത് മരുന്നുമാത്രമല്ല മനസ്സുകൊണ്ട് ചേർത്തുപിടിക്കലും കൂടിയാണെന്ന് മേരി വിശ്വസിക്കുന്നു. ആശുപത്രി വാർഡുകളിലും വീടുകളിലും എത്തി അവർക്ക് സാന്ത്വനം നൽകാനും ചികിത്സാ കാര്യങ്ങളിൽ സഹായിക്കാനും മേരി മുന്നിലുണ്ട്. കീമോതെറാപ്പി കഴിഞ്ഞു തളർന്നിരിക്കുന്നവർക്ക് മുന്നിൽ തന്റെ മാരത്തൺ മെഡലുകൾ ഉയർത്തിക്കാട്ടി മേരിപോൾ ആത്മവിശ്വാസം പകരുന്നു. ശാരീരികമായ അവശതകളേക്കാൾ വലുതാണ് മനസ്സിന്റെ കരുത്തെന്ന് ഓരോ രോഗിയെയും ബോധ്യപ്പെടുത്തുകയാണ് ​േ​മരിപോൾ.

നാട്ടിൽ കൊച്ചിൻ ക്യാൻസർ സോസൈറ്റിയിലൂടെ ക്യാൻസർ ബോധവൽക്കരണ ക്ലാസുകളും ശാസ്ത്രീയപരിശോധനാക്യാമ്പുകൾ സംഘടിപ്പിക്കാനും മുന്നണിയിലുണ്ടായിരുന്ന മേരിപോൾ ക്യാൻസർ വിന്നേഴ്സിന്റെ പ്രധാനസംഘാടകയുമാണ്. ക്യാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ മരണത്തിന്റെ നിഴൽ വീണിരുന്ന ആ വാക്കിനെ 'പ്രത്യാശ' എന്ന് തിരുത്തുകയാണ് സാന്ത്വനപ്രവർത്തനത്തിലൂടെ എറണാകുളം നോർത്ത് പറവൂർ സ്വദേശിനിയായ മേരിപോൾ.2006-ലാണ് മേരിയുടെ ജീവിതത്തിൽ ആ അശുഭവാർത്ത എത്തുന്നത്. മുപ്പതുകളുടെ തുടക്കത്തിൽ, ജീവിതം മനോഹരമായി മുന്നോട്ട് പോകുമ്പോഴാണ് ഇടതു സ്തനത്തിൽ ഒരു മുഴ പ്രത്യക്ഷപ്പെട്ടത്. അതോടെ മേരിയുടെ ജീവിതം ആശുപത്രി വരാന്തകളിലേക്കും ശസ്ത്രക്രിയാ മേശകളിലേക്കും പറിച്ചുനടപ്പെട്ടു.

ഭീതിയുടെ ആ നാളുകളിൽ മേരിക്ക് തുണയായത് ഡോ. വി.പി. ഗംഗാധരന്റെ സൗമ്യമായ വാക്കുകളായിരുന്നു. "ക്യാൻസർ എന്നാൽ മരണമല്ല" എന്ന ഉറച്ച ബോധ്യം ആ വാക്കുകൾ മേരിക്ക് നൽകി. എങ്കിലും ഒരു സ്ത്രീ എന്ന നിലയിൽ സ്തനം മുറിച്ചുമാറ്റപ്പെടുക എന്നത് അംഗീകരിക്കാൻ പ്രയാസകരമായിരുന്നു. ആറിലും ഒൻപതിലും പഠിക്കുന്ന മക്കൾ, വിദേശത്തുള്ള ഭർത്താവ് ആശങ്കകളുടെ നടുവിലും സഹോദരങ്ങളുടെയും ഡോക്ടർമാരുടെയും പിന്തുണ മേരിയെ തളരാതെ കാത്തു.മേരിയുടെ പോരാട്ടം അവിടെ അവസാനിച്ചില്ല. 2009-ൽ അണ്ഡാശയത്തിൽ ട്യൂമർ, 2012-ലും 2014-ലും വലതു സ്തനത്തിൽ മുഴകൾ, ഒടുവിൽ ഗർഭപാത്രം നീക്കം ചെയ്യൽ - വേദനയുടെ ഓരോ ഘട്ടത്തിലും മേരി തന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കേണ്ടി വന്ന നാളുകളിൽ പോലും ആ ചിരി മാഞ്ഞില്ല. ഡോ. ചിത്രതാരയുടെ ഊർജ്ജസ്വലമായ സാന്നിധ്യം മേരിക്ക് വലിയൊരു പ്രചോദനമായി.

തന്റെ വലത് സ്തനത്തിൽ വീണ്ടും മുഴകൾ കണ്ടെത്തിയതിനെത്തുടർന്ന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്ന സമയത്ത് വിധി മറ്റൊരു രൂപത്തിൽ മേരിയെ പരീക്ഷിച്ചു. ഖത്തറിലായിരുന്ന ഭർത്താവ് സച്ചിത്തിന് 'കൊളോറെക്റ്റൽ കാൻസർ' (Colorectal Cancer) സ്ഥിരീകരിച്ചു. തന്റെ ശസ്ത്രക്രിയയേക്കാൾ അടിയന്തിരമായി ഭർത്താവിന്റേത് ചെയ്യേണ്ടതുണ്ടെന്ന് മേരി തിരിച്ചറിഞ്ഞു. സ്വന്തം വേദനകൾ മാറ്റിവെച്ച് ഭർത്താവിന്റെ തണലായി മേരി നിന്നു. അദ്ദേഹത്തിന് 'കൊളോസ്റ്റമി ബാഗ്' (Colostomy Bag) ഘടിപ്പിക്കേണ്ടി വന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. തുടർന്ന് ഡോ. വി.പി. ഗംഗാധരന്റെ നിർദ്ദേശപ്രകാരം കീമോതെറാപ്പി മരുന്നുകളുമായി അദ്ദേഹം ഖത്തറിലേക്ക് മടങ്ങി. മാസങ്ങൾക്ക് ശേഷം നാട്ടിലെത്തി ബാഗ് മാറ്റുന്ന ശസ്ത്രക്രിയയും പൂർത്തിയാക്കി.

2016-ൽ വീണ്ടും സർജറി വേണ്ടിവന്നപ്പോഴും തന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് മേരി പിന്മാറിയില്ല. ഇതിനിടയിൽ ഹൃദയാഘാതം ഒരു വട്ടം കൂടി മേരിയെ വീഴ്ത്താൻ നോക്കി. എന്നാൽ സ്റ്റെന്റ് ഇട്ടതോടെ കരുത്തോടെ മേരി വീണ്ടും എഴുന്നേറ്റു.താൻ അനുഭവിച്ച മാനസിക സംഘർഷങ്ങൾ മറ്റൊരാൾക്ക് ഉണ്ടാകരുത് എന്ന നിർബന്ധം മേരിയെ ഒരു സന്നദ്ധ പ്രവർത്തകയാക്കി മാറ്റി. ആശുപത്രികളിലും വീടുകളിലും പോയി കാൻസർ രോഗികൾക്ക് ധൈര്യം പകർന്നു. "എനിക്ക് ഇത്രയും സർജറികൾ കഴിഞ്ഞിട്ടും ഓടി നടക്കാൻ പറ്റുമെങ്കിൽ നിങ്ങൾക്കും സാധിക്കും" എന്ന മേരിയുടെ വാക്കുകൾ ആയിരങ്ങൾക്ക് പുതുജീവിതത്തിന് പ്രചോദനം നൽകി.

ഇപ്പോൾ കുടുംബസമേതം ഖത്തറിലുള്ള മേരി പ്രവാസ ലോകത്തെ കാൻസർ രോഗികൾക്കും ആശ്വാസം നൽകാൻ എന്നും സന്നദ്ധയാണ്. "ക്യാൻസർ എന്നത് ഒന്നിന്റെയും അവസാനമല്ല, മറിച്ച് ഒരു പുതിയ തുടക്കമാണ്" എന്ന് മേരി തന്റെ ജീവിതത്തിലൂടെ ഉറക്കെ പ്രഖ്യാപിക്കുന്നു.
സാന്ത്വനപ്രവർത്തനത്തിനുള്ള അംഗീകാരമായി ഇതിനകം ഒട്ടേറെ അവാർഡുകൾ മേരിപോളിന് ലഭിച്ചിട്ടുണ്ട്. ശരീരത്തെ തളർത്താൻ നോക്കിയ ക്യാൻസർ എന്ന മഹാമാരിയെ മനക്കരുത്ത് കൊണ്ട് മറികടന്ന് മാരത്തൺ ട്രാക്കുകളിൽ വിജയക്കൊടി പാറിച്ചുകൊണ്ട് നിരവധി മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്. മകൻ അമലിന്റെ പരിപൂർണ്ണ പിന്തുണ തന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജം പകരുന്നതായി മേരിപോൾ പറഞ്ഞു.രോഗം ശരീരത്തെ ബാധിച്ചേക്കാം, പക്ഷേ മനസ്സിനെ ബാധിക്കാൻ അനുവദിക്കരുത് എന്ന് ലോകത്തോട് വിളിച്ചു പറയുന്ന മേരി പോളിന്റെ തളരാത്തജീവിതം മാരകരോഗത്തിന്റെ ആകുലതയിൽ കഴിയുന്നവർക്ക് കരുത്തോടെ പറന്നുയർന്ന ഫീനിക്സ് പക്ഷിയുടെ വീര്യം പകരുകയാണ്.

ഷഫീക്ക് അറയ്ക്കൽ

Ads by Google
Ads by Google
LATEST NEWS
TRENDING NOW