-->
ദോഹ: പ്രാദേശികമായ വെല്ലുവിളികളും ആക്രമണങ്ങളും തുടരുന്ന സാഹചര്യത്തിലും സമാധാനത്തിനായി നയതന്ത്ര ചർച്ചകൾക്ക് ഖത്തർ മുൻഗണന നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം (MoFA) വ്യക്തമാക്കി. മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി ദോഹയിൽ നടത്തിയ പ്രതിവാര വാർത്താ സമ്മേളനത്തിലാണ് രാജ്യത്തിന്റെ നിലപാട് ആവർത്തിച്ചത്.സൗദി അറേബ്യയിലെ ജനവാസ മേഖലകൾക്ക് നേരെയുണ്ടായ ഇക്കഴിഞ്ഞ ഇറാൻ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും അയൽരാജ്യങ്ങളുടെ പരമാധികാരത്തിന്റെയും ലംഘനമാണെന്ന് ഡോ. അൽ അൻസാരി പറഞ്ഞു. മേഖലയെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെ ഖത്തർ തള്ളിക്കളയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ ഖത്തർ തീവ്രമായ നയതന്ത്ര നീക്കങ്ങളാണ് നടത്തുന്നത്. ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ ബിൻത് അഹമ്മദ് ബിൻ സെയ്ഫ് അൽ ഥാനി വഴി യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പങ്കാളികൾക്ക് ഔദ്യോഗിക സന്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. ഇതിനുപുറമെ ഇറാഖ്, ലെബനൻ, തുർക്കി, അസർബൈജാൻ, സൈപ്രസ് എന്നീ രാജ്യങ്ങളോട് ഖത്തർ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഖത്തർ എനർജി കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഉൽപ്പാദനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. തൊഴിലാളികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും സാഹചര്യം അനുകൂലമായാൽ ആഗോള വിപണിയിലേക്കുള്ള വിതരണം പുനരാരംഭിക്കുമെന്നും ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ വിതരണം തടസ്സപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ഖത്തറിന്റെ പ്രതിരോധ പങ്കാളിത്തം ശക്തമായി തുടരും. മേഖലയിലെ സുരക്ഷയ്ക്കും പ്രതിരോധത്തിനും ഈ സഖ്യം അനിവാര്യമാണെന്നും വിദേശ സൈനിക താവളങ്ങളുടെ കാര്യത്തിൽ പുനർചിന്തയുടെ ആവശ്യമില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രാലയ വക്താവ്പറഞ്ഞു.
യുദ്ധങ്ങൾ എന്നെന്നും നിലനിൽക്കില്ല, ഏതൊരു സംഘർഷവും അവസാനിക്കുന്നത് ചർച്ചാ മേശയിലാണ്, ഡോ. അൽ അൻസാരി പറഞ്ഞു. യുദ്ധത്തിന്റെ ഭാഗമാകാൻ ഖത്തർ ആഗ്രഹിക്കുന്നില്ലെന്നും സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനാണ് രാജ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഷഫീക്ക് അറയ്ക്കൽ