-->
ദോഹ:അപ്രതീക്ഷിതമായി തൊഴിൽ നഷ്ടപ്പെട്ടും, മാരകമായ രോഗങ്ങൾ ബാധിച്ചും, മറ്റു സാമ്പത്തിക പ്രതിസന്ധികളിൽപ്പെട്ടും ഖത്തറിൽ കടക്കെണിയിലായവർക്ക് ആശ്വാസമായി താനി ബിൻ അബ്ദുള്ള ഫൗണ്ടേഷന്റെ 'ഡെബ്റ്റേഴ്സ്' (Debtors Project) പദ്ധതി. നിയമനടപടികളും ജയിൽവാസവും ഭയന്ന് കഴിയുന്ന സാധാരണക്കാർക്ക് അന്തസ്സോടെയുള്ള ഒരു രണ്ടാം ജീവിതം ഉറപ്പാക്കുകയാണ് ഈ മഹത്തായ സംരംഭത്തിന്റെ ലക്ഷ്യം. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങൾ കൊണ്ട് കടബാധ്യതയിൽ കുടുങ്ങിയവരെയാണ് ഈ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. ആഡംബരത്തിനോ അനാവശ്യ ചെലവുകൾക്കോ വേണ്ടിയല്ലാതെ, ജീവിതം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സ്വദേശികൾക്കും പ്രവാസികൾക്കും ഇത് വലിയൊരു തുണയാകും.
അർഹരായവരുടെ കുടിശ്ശികയുള്ള കടങ്ങൾ ഫൗണ്ടേഷൻ നേരിട്ട് തീർപ്പാക്കും. ഇത് ബാങ്കുകളിൽ നിന്നോ വ്യക്തികളിൽ നിന്നോ ഉള്ള സാമ്പത്തിക-നിയമ സമ്മർദ്ദങ്ങളിൽ നിന്ന് മോചിപ്പിക്കും.കടം കാരണം ജയിൽവാസത്തിലായവരുടെ കുടുംബങ്ങൾക്ക് വാടക നൽകാനും, കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനും, നിത്യചെലവുകൾക്കും ഫൗണ്ടേഷൻ ധനസഹായം നൽകും.സാമ്പത്തിക പ്രതിസന്ധി മൂലം മാനസികമായി തളർന്നവർക്ക് വിദഗ്ധമായ കൗൺസിലിംഗും സാമൂഹിക പിന്തുണയും പദ്ധതിയുടെ ഭാഗമായി ലഭിക്കും.അപേക്ഷകരുടെ സാമ്പത്തിക നിലവാരവും സാഹചര്യങ്ങളും പ്രത്യേക കമ്മിറ്റികൾ സൂക്ഷ്മമായി പഠിച്ച ശേഷമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. കൃത്യമായ പരിശോധനകളിലൂടെ അർഹരായവരിലേക്ക് മാത്രം സഹായം എത്തുന്നുണ്ടെന്ന് ഫൗണ്ടേഷൻ ഉറപ്പുവരുത്തുന്നു.കുടുംബങ്ങൾ ശിഥിലമാകുന്നത് തടയാനും സമൂഹത്തിൽ കരുണയുടെയും ഐക്യദാർഢ്യത്തിന്റെയും മൂല്യങ്ങൾ പടർത്താനുമാണ് ഈ പദ്ധതിയെന്ന് താനി ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ വ്യക്തമാക്കി. പ്രവാസി സമൂഹത്തിലെ സുമനസ്സുകൾക്കും ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകാം. ഫൗണ്ടേഷന്റെ വെബ്സൈറ്റ് വഴി ലളിതമായ രീതിയിൽ സംഭാവനകൾ നൽകാൻ സൗകര്യമുണ്ട്. ഒരാളുടെ കണ്ണുനീരൊപ്പുന്നത് ഒരു കുടുംബത്തെ മുഴുവൻ തകർച്ചയിൽ നിന്ന് രക്ഷിക്കുന്നതിന് തുല്യമാണെന്ന വലിയ സന്ദേശമാണ് 'ഡെറ്റേഴ്സ്' പദ്ധതി പങ്കുവെക്കുന്നത്.
ഷഫീക്ക് അറയ്ക്കൽ