-->
ദോഹ: മേഖലയിൽ നിലനിൽക്കുന്ന കലുഷിതമായ സാഹചര്യങ്ങളിലും ഇറാന്റെ പ്രകോപനപരമായ ആക്രമണങ്ങളിലും പതറാതെ നിലകൊള്ളുന്ന ജനതയെ നെഞ്ചോട് ചേർത്ത് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഥാനി. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും അസാമാന്യമായ ഒത്തൊരുമയെ അദ്ദേഹം പ്രകീർത്തിച്ചത്.ഒരു ഖത്തറി എന്ന നിലയിൽ നമ്മുടെ സമൂഹത്തിന്റെ ഈ കെട്ടുറപ്പിലും ഐക്യത്തിലും ഞാൻ അത്യധികം അഭിമാനിക്കുന്നു. സ്വദേശികളായാലും വിദേശികളായാലും ഒരേ മനസ്സോടെ ഈ പ്രതിസന്ധിയെ രാജ്യം നേരിടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈനിക കേന്ദ്രങ്ങൾക്കപ്പുറം സാധാരണക്കാരായ ജനങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യം വെക്കുന്ന ഇറാന്റെ നടപടി അങ്ങേയറ്റം ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന് യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.പൗരന്മാരുടെയും താമസക്കാരുടെയും ജീവിതം സാധാരണ നിലയിൽ തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.ദോഹയെ ലക്ഷ്യം വെച്ചെത്തിയ മിസൈലുകളെ ആകാശത്തുവെച്ച് തന്നെ തകർത്ത് രാജ്യത്തിന് സുരക്ഷാ കവചമൊരുക്കുന്ന സായുധ സേനയെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.മുൻകാലങ്ങളിൽ ഖത്തർ നേരിട്ട ഓരോ വെല്ലുവിളിയും രാജ്യത്തെ കൂടുതൽ ശക്തമാക്കുകയാണുണ്ടായതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ പരീക്ഷണഘട്ടത്തെയും ഖത്തർ അതിജീവിക്കുമെന്നും ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമാധാനത്തിന്റെ പാതയിലേക്ക് ഇരുപക്ഷവും മടങ്ങണമെന്നും ആക്രമണങ്ങൾ ആർക്കും ഗുണകരമാകില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ഷഫീക്ക് അറയ്ക്കൽ