-->
ചൈനയിൽ നിന്നും പുറത്തുവരുന്ന ഒരു ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നത്. മരിച്ചുപോയ സ്വന്തം അമ്മയെ തന്‍റെ അമ്മാവൻ, വിവാഹം ചെയ്ത് കുടുംബത്തിന്‍റെ സ്വത്ത് തട്ടിയെടുത്തെന്ന പരാതിയുമായി ഒരു യുവതി രംഗത്തെത്തിയ വാർത്തയാണിത്. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള സൺ എന്ന 27-കാരിയാണ് തന്റെ അമ്മാവന്റെ ക്രൂരമായ ചതി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.
2008-ൽ സണ്ണിന് ഒമ്പത് വയസ്സുള്ളപ്പോഴാണ് അമ്മ ഷാവോ ഫാങ്ങ് രോഗം ബാധിച്ച് മരിക്കുന്നത്. വിവാഹമോചിതയായിരുന്ന അമ്മയുടെ മരണശേഷം അമ്മായിയുടെയും അമ്മാവന്റെയും സംരക്ഷണയിലാണ് സൺ വളർന്നത്. അമ്മയുടെ പേരിലുണ്ടായിരുന്ന വലിയ തോതിലുള്ള സ്വത്തുക്കൾ സൺ പ്രായപൂർത്തിയാകുമ്പോൾ കൈമാറാമെന്നായിരുന്നു ബന്ധുക്കളുടെ വാഗ്ദാനം.
പ്രായപൂർത്തിയായ ശേഷം തന്റെ അവകാശപ്പെട്ട സ്വത്തുക്കൾക്കായി നിയമനടപടികൾ ആരംഭിച്ചപ്പോഴാണ് സൺ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. 2008-ൽ മരിച്ച തന്റെ അമ്മ 2009-ൽ പുനർവിവാഹം കഴിച്ചതായി നോട്ടറി ഓഫീസിലെ രേഖകൾ വ്യക്തമാക്കുന്നു. നിയമപ്രകാരം അമ്മ വിവാഹിതയായതോടെ സണ്ണിന് സ്വത്തിന്മേലുള്ള ഏക അവകാശം നഷ്ടപ്പെടുകയും ചെയ്തു. ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ച സണ്ണിന് കണ്ടെത്താനായത് അവിശ്വസനീയമായ കാര്യങ്ങളായിരുന്നു. അമ്മയുടെ ഭർത്താവായി രേഖകളിൽ ചേർത്തിരിക്കുന്നത് സ്വന്തം സഹോദരനെത്തന്നെയായിരുന്നു.
സ്വത്ത് തട്ടിയെടുക്കുന്നതിനായി അമ്മാവൻ നടത്തിയ ആസൂത്രിതമായ നീക്കമായിരുന്നു ഈ വ്യാജ വിവാഹം. അമ്മയുടെ തിരിച്ചറിയൽ കാർഡിൽ അമ്മായിയുടെ ഫോട്ടോയും വിലാസവും ചേർത്ത് വ്യാജ രേഖകൾ നിർമ്മിക്കുകയായിരുന്നു. ഈ രേഖകൾ ഉപയോഗിച്ച് അമ്മാവൻ തന്റെ ഭാര്യയെത്തന്നെ സ്വന്തം സഹോദരിയുടെ പേരിൽ വീണ്ടും വിവാഹം കഴിച്ചതായി രജിസ്റ്റർ ചെയ്തു. ഇതോടെ സഹോദരിയുടെ സ്വത്തുക്കൾ നിയമപരമായി ഭർത്താവ് എന്ന നിലയിൽ അമ്മാവന്റെ പേരിലേക്ക് മാറ്റപ്പെട്ടു. ആഭരണങ്ങളും വാണിജ്യ കെട്ടിടങ്ങളും ഉൾപ്പെടെയുള്ള വലിയ സമ്പാദ്യം ഇത്തരത്തിൽ അമ്മാവൻ സ്വന്തമാക്കി.
യുവതിയുടെ പരാതി ചൈനീസ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ചൈനീസ് നിയമപ്രകാരം മക്കൾക്കും മാതാപിതാക്കൾക്കുമാണ് സ്വത്തിൽ ഒന്നാം മുൻഗണനയെന്നിരിക്കെ, അത് അട്ടിമറിക്കാനാണ് ഇത്തരമൊരു വ്യാജ വിവാഹം സംഘടിപ്പിച്ചത്. സംഭവത്തിൽ ഗൗരവകരമായ അന്വേഷണത്തിന് ചൈനീസ് അധികൃതർ ഉത്തരവിട്ടു. ചതിയിലൂടെ നഷ്ടപ്പെട്ട തന്റെ പാരമ്പര്യ സ്വത്തുക്കൾ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സൺ ഇപ്പോൾ.