Thursday, March 12, 2026 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.07 AM

നിങ്ങൾ ഈ ഹോബി ഉള്ളവരാണോ? എങ്കിൽ ഓർമ്മശക്തിയും ശ്രദ്ധയും വർധിപ്പിക്കുമെന്ന് പുതിയ പഠനം

hobby

ഓരോ മനുഷ്യനും വ്യത്യസ്തമായ ഓരോ ഹോബികളുണ്ട്. ഇത്തരത്തിൽ ചില വിനോദങ്ങൾ നമ്മുടെ ബുദ്ധിശക്തിയെയും ഓർമ്മശക്തിയെയും കാര്യമായി സ്വാധീനിക്കുമെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. പക്ഷിനിരീക്ഷണം എന്ന വിനോദം വസ്തുക്കളെക്കുറിച്ചുള്ള ധാരണ, ശ്രദ്ധ, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് നാഡീഗവേഷണ രംഗത്തെ വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്.

ദൃശ്യവിവേചന ശക്തിയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗങ്ങൾ സാധാരണക്കാരെ അപേക്ഷിച്ച് പക്ഷിനിരീക്ഷകരിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
​തുടക്കക്കാരായ പക്ഷിനിരീക്ഷകരുടെയും വർഷങ്ങളായി ഈ രംഗത്തുള്ള വിദഗ്ദ്ധരുടെയും മസ്തിഷ്ക പ്രവർത്തനങ്ങൾ താരതമ്യം ചെയ്താണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ഒറ്റക്കാഴ്ചയിൽ തന്നെ പക്ഷികളെ തിരിച്ചറിയാനും അവയുടെ പ്രത്യേകതകൾ വിശദീകരിക്കാനും കഴിയുന്ന വിദഗ്ദ്ധരുടെ തലച്ചോറ് ഉയർന്ന തലത്തിലുള്ള മികവ് പ്രകടിപ്പിച്ചു. ബേക്രെസ്റ്റ് ഗവേഷണ കേന്ദ്രത്തിലെ കോഗ്‌നിറ്റീവ് ന്യൂറോ സയന്റിസ്റ്റായ ഡോ. എറിക് എ വിംഗിൻ്റെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ, മസ്തിഷ്കത്തിലെ കലകളിലൂടെയുള്ള ജല തന്മാത്രകളുടെ വ്യാപനമാണ് പ്രധാനമായും നിരീക്ഷിച്ചത്.

​സെറിബ്രൽ കോർട്ടക്സിൽ ദൃശ്യങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ സഹായിക്കുന്ന ഭാഗങ്ങളിൽ വിദഗ്ദ്ധരായ പക്ഷിനിരീക്ഷകർക്ക് കാര്യമായ വ്യത്യാസമുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. 22 മുതൽ 79 വയസ്സുവരെയുള്ളവരിൽ നടത്തിയ ഈ പഠനത്തിൽ ശ്രദ്ധേയമായ മറ്റൊരു വസ്തുത, പ്രായമേറുമ്പോഴും വിദഗ്ദ്ധരായ പക്ഷിനിരീക്ഷകരുടെ മസ്തിഷ്കത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നില്ല എന്നതാണ്. മുൻപ് കണ്ട പക്ഷികളെ വീണ്ടും കാണുമ്പോൾ അവയുടെ പേരും പ്രത്യേകതകളും കൃത്യമായി ഓർത്തെടുക്കുന്നത് ഓർമ്മശക്തിയെ ഉണർത്താൻ സഹായിക്കുന്നു.

​പ്രായം കൂടുമ്പോഴും അറിവ് വർദ്ധിപ്പിക്കാനും മസ്തിഷ്കത്തിൻ്റെ ചുറുചുറുക്ക് നിലനിർത്താനും പക്ഷിനിരീക്ഷണം പോലുള്ള വിനോദങ്ങൾ സഹായിക്കുമെന്ന് ഗവേഷകർ ഉറപ്പിച്ചു പറയുന്നു. തലച്ചോറിലെ സവിശേഷ ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നതിലൂടെ വാർദ്ധക്യ സഹജമായ മറവിയെ ഒരു പരിധിവരെ തടയാനും ഇത്തരം ഹോബികൾ ഉപകരിക്കും. പക്ഷിനിരീക്ഷണത്തിൻ്റെ ഈ ശാസ്ത്രീയ വശങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് 'ദി ജേണൽ ഓഫ് ന്യൂറോസയൻസ്' എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW