-->
ലോകത്തില്‍ വിചിത്രമായ സവിശേഷതകളുള്ള അനേകം നദികളുണ്ട്. എന്നാല്‍ ഒരേ സമയം അഞ്ച് നിറങ്ങളിലൊഴുകുകയും ഒപ്പം വെള്ളത്തില്‍ തന്നെ മഴവില്ലും രൂപം കൊള്ളുകയും ചെയ്യുന്ന നദിയെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ കൊളംബിയയിലെ കാനോ ക്രിസ്റ്റല്‍സ് എന്ന നദിയാണ് ഇത്തരത്തിലൊരു അപൂര്‍വ്വ പ്രതിഭാസംകൊണ്ട് ലോകത്തെ അമ്പരപ്പിക്കുന്നത്. സെറാനി ഡെ ല മകറേന നാഷണല്‍ പാര്‍ക്കില്‍ പര്‍വതങ്ങളുടെ ചുവട്ടിലാണ് സുന്ദരമായ ഈ പുഴ. ലോകപ്രശസ്തമായ ആന്റിസ്, ആമസോണ്‍, ഒറിനോകോ മേഖലകള്‍ യോജിക്കുന്ന സ്ഥലത്താണ് ഈ നദി. ഗ്വായബെറോ നദിയുടെ പോഷക നദിയാണ് കാനോ ക്രിസ്റ്റല്‍സ്.
വനത്തില്‍ ഏറെ ദുഷ്‌കരമായ ഭാഗത്താണ് ഈ നദിയുള്ളത്. അതിനാല്‍ നിരവധി നൂറ്റാണ്ടുകള്‍ നദിയെക്കുറിച്ച് പുറംലോകം അറിഞ്ഞതേയില്ല. മക്കറേനി ക്ലാവിഗേര എന്നൊരു ജലസസ്യമാണ് നദിയ്ക്ക് പലയിടങ്ങളില്‍ നിറവ്യത്യാസം ഉണ്ടാകാന്‍ കാരണം. കാനോ ക്രിസ്റ്റല്‍സ് നദിയിലാണ് ഈ ജലസസ്യമുള്‌ലത്. ഈ നദിയ്ക്ക് ഒഴുക്ക് വളരെ കൂടുതലാണ്. ആദ്യകാലങ്ങളില്‍ ചെടിയ്ക്ക് സാധാരണ പോലെ പച്ച നിറമാകും. ആ സമയം നദിയിലെ തെളിഞ്ഞ വെള്‌ലത്തില്‍ ഇവ കാണാം. പിന്നീട് വളര്‍ച്ചയേറും തോറും മഞ്ഞയും പിന്നീട് പാകമാകുമ്പോള്‍ ചുവപ്പോ അതിന് സമാനമായ ഷേഡോ ആയി ഇത് മാറും. ഇതോടൊപ്പം നദിയിലെ പാറയില്‍ വളരുന്ന കുമിളുകള്‍, പായല്‍, മണല്‍ എന്നിവയെല്ലാം ചേരുമ്പോള്‍ വീണ്ടും വ്യത്യസ്തമായ നിറങ്ങളിലേക്ക് നദി മാറും.
നദിയില്‍ ജലനിരപ്പ് കുറഞ്ഞാലോ ഒരല്‍പം കൂടിയാലോ ഈ പ്രതിഭാസം ഉണ്ടാകില്ല. കൊളംബിയന്‍ സര്‍ക്കാര്‍ നദിയിലെ ഈ പ്രതിഭാസത്തെ സംരക്ഷിച്ചുപോരുന്നുണ്ട്. ഇപ്പോള്‍ കൊളംബിയയിലെ പ്രകൃതിസമ്പത്തിന്റെ പ്രതീകമായാണ് കാനോ ക്രിസ്റ്റല്‍സ് നദിയെ കണക്കാക്കിപ്പോരുന്നത്