-->
മണിക്ഗഞ്ച് ബാലിയ സ്വദേശിയായ 35 കാരന്‍ മുഹമ്മദ് ബാബുല്‍ ഹുസൈന്‍ തായ്‌ലന്‍ഡിലേക്കുള്ള യാത്രയ്ക്കായി ആവേശത്തോടെയാണ് ധാക്ക വിമാനത്താവളത്തിലെത്തിയത്. വര്‍ഷങ്ങളോളം പണിയെടുത്തുണ്ടാക്കിയ സമ്പാദ്യവും കടം വാങ്ങിയ തുകയും ഉപയോഗിച്ചാണ് ഇയാള്‍ ടിക്കറ്റും വീസയും സംഘടിപ്പിച്ചത്. എന്നാല്‍ ഇമിഗ്രേഷന്‍ പരിശോധനയ്ക്കിടെ താന്‍ കയ്യില്‍ കരുതിയ രേഖകളെല്ലാം വ്യാജമാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് അധികൃതര്‍ ഇയാളെ അറിയിച്ചത്. ഇതോടെ തയ്യല്‍ക്കാരനായ ഹുസൈന്റെ ആറു വര്‍ഷത്തെ കഠിനാധ്വാനവും വിദേശ സ്വപ്നങ്ങളും വിമാനത്താവളത്തില്‍ വെച്ച് തകര്‍ന്നു വീണു.
സോഷ്യല്‍ മീഡിയ വഴിയുള്ള ചതിക്കുഴിയിലാണ് ബാബുല്‍ ഹുസൈന്‍ വീണത്. ഒരു യൂട്യൂബ് ചാനല്‍ വഴിയാണ് സൊഹേല്‍ എന്ന വ്യക്തിയെ ഇയാള്‍ പരിചയപ്പെടുന്നത്. തായ്‌ലന്‍ഡില്‍ 'ബിഡി ഫൂഡ്' എന്ന കമ്പനി നടത്തുന്ന അഫ്രീദി എന്നൊരാളെ തനിക്ക് അറിയാമെന്നും, അവിടെ മാസം 50,000 ടാക്ക ശമ്പളത്തില്‍ ജോലി വാങ്ങിത്തരാമെന്നും സൊഹേല്‍ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച് വിവിധ ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി 3,60,000 ടാക്ക (ഏകദേശം 2.7 ലക്ഷം രൂപ) ഇയാള്‍ക്ക് കൈമാറുകയും ചെയ്തു. പണം ലഭിച്ച ഉടനെ തട്ടിപ്പുകാര്‍ വ്യാജ വീസയും ടിക്കറ്റും അയച്ചുകൊടുത്ത് ഹുസൈനെ വിശ്വസിപ്പിക്കുകയായിരുന്നു.
യഥാര്‍ത്ഥത്തില്‍ ഇത് രണ്ടാം തവണയാണ് ബാബുല്‍ ഹുസൈന്‍ സമാനമായ തട്ടിപ്പിന് ഇരയാകുന്നത്. 2021ല്‍ വിദേശ ജോലി വാഗ്ദാനം ചെയ്ത് മറ്റൊരാള്‍ ഇയാളില്‍ നിന്ന് 2,50,000 ടാക്ക തട്ടിയെടുത്തിരുന്നു. അന്ന് പരാതി നല്‍കിയെങ്കിലും പണം തിരികെ ലഭിച്ചില്ല. ഇത്തവണ തായ്‌ലന്‍ഡിലേക്ക് പോകാനുള്ള പണം കണ്ടെത്താനായി തന്റെ തുന്നല്‍ കടയിലെ സാധനങ്ങള്‍ വരെ ഇയാള്‍ക്ക് വില്‍ക്കേണ്ടി വന്നു. ദരിദ്രമായ സാമ്പത്തിക ചുറ്റുപാടില്‍ നിന്ന് കരകയറാന്‍ ശ്രമിച്ച ഒരു സാധാരണക്കാരനെ വീണ്ടും ചതിക്കുഴിയില്‍ വീഴ്ത്തിയ ഈ സംഭവം വലിയ ചര്‍ച്ചയായിട്ടുണ്ട്.