-->
അലാസ്‌കയിലെ ആര്‍ട്ടിക് മേഖലയിലൂടെ ഒഴുകുന്ന നദികള്‍ക്ക് സമീപ കാലങ്ങളിലായി വന്ന നിറംമാറ്റം ശാസ്ത്ര ലോകത്തെ ആശങ്കയിലാഴ്ത്തുന്നു. തുരുമ്പിന്റെ അംശം വെള്ളത്തില്‍ കലരുന്നതാണ് നദികളിലെ നിറം മാറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. അലാസ്‌കയിലെ ബ്രൂക്‌സ് റേഞ്ചിലുള്ള 200ലധികം നദീതടങ്ങളെ ഈ 'നദി തുരുമ്പിക്കല്‍' പ്രതിഭാസം ബാധിച്ചിട്ടുണ്ട്.
പെര്‍മാഫ്രോസ്റ്റ് അഥവാ ആയിരക്കണക്കിന് വര്‍ഷങ്ങളായി മരവിച്ചുകിടക്കുന്ന ആര്‍ട്ടിക് മേഖലയിലെ മഞ്ഞ് ഉരുകുന്നതാണ് ഈ പ്രതിഭാസത്തിന് പിന്നില്‍. കാലാവസ്ഥാ വ്യതിയാനം മൂലം ആഗോള ശരാശരിയേക്കാള്‍ നാലിരട്ടി വേഗത്തിലാണ് ആര്‍ട്ടിക് മേഖല ചൂടാകുന്നത്. മഞ്ഞ് ഉരുകുന്നതോടെ ഭൂമിക്കടിയില്‍ ഒളിച്ചിരുന്ന സള്‍ഫൈഡുകള്‍ പോലുള്ള ധാതുക്കള്‍ പുറത്തുവരുന്നു. ഇവ വായുവും വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഇരുമ്പും മറ്റ് വിഷാംശമുള്ള ലോഹങ്ങളും പുറത്തുവിടുന്നു. അലാസ്‌കയില്‍ അടിക്കടിയുണ്ടാകുന്ന കാട്ടുതീ ഈ പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നു. സസ്യങ്ങള്‍ നശിക്കുന്നതോടെ മഴയിലും മഞ്ഞുരുകലിലും വെള്ളത്തിലൂടെ ലോഹങ്ങള്‍ എളുപ്പത്തില്‍ നദികളിലേക്ക് ഒലിച്ചിറങ്ങുന്നു.
നദികളില്‍ ഇരുമ്പു കലരുന്നത് മൂലം വലിയ പ്രത്യാഘാതങ്ങളാണ് പരിസ്ഥിതിയെ കാത്തിരിക്കുന്നത്. നദികളിലെ അമ്ലത്വം കൂടുന്നത് കുടിവെള്ള സ്രോതസ്സുകളെ ബാധിക്കുന്നു. വെള്ളത്തിലെ രാസമാറ്റങ്ങള്‍ മത്സ്യസമ്പത്തിനേയും കാര്യമായി ബാധിക്കും. സാധാരണഗതിയില്‍ ഖനന മേഖലകളിലാണ് ഇത്തരം മാറ്റങ്ങള്‍ കാണാറുള്ളത്. എന്നാല്‍ മനുഷ്യവാസമില്ലാത്ത പ്രകൃതിദത്തമായ ആര്‍ട്ടിക് മേഖലയില്‍ ഇത് സംഭവിക്കുന്നത് അവിടുത്തെ ജീവജാലങ്ങളെ ദോഷകരമായി ബാധിക്കും. അസിഡിറ്റി കൂടിയ വെള്ളത്തില്‍ മത്സ്യങ്ങള്‍ക്ക് ശ്വസിക്കാനോ ഇര തേടാനോ സാധിക്കില്ല. മാത്രമല്ല ആര്‍ട്ടിക് മേഖലയിലെ പ്രകൃതിദത്തമായ സന്തുലിതാവസ്ഥ ഇതിലൂടെ തകിടം മറിയുന്നു. അലാസ്‌കയിലെ ഈ മാറ്റം കാലാവസ്ഥാ വ്യതിയാനം എത്രത്തോളം വേഗത്തിലാണ് ഭൂമിയെ ബാധിക്കുന്നത് എന്നതിന്റെ മറ്റൊരു ഉദാഹരണമാണ്.
Arctic rivers flowing through Alaska are increasingly turning orange as wildfires, thawing permafrost, and other factors contribute to an influx of heavy metals in these waterways. https://t.co/AV3wmoBVOw pic.twitter.com/xOX8q5hI0v— AccuWeather (@accuweather) December 20, 2025