-->
രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായതിന് പിന്നാലെ യുവതി കുഞ്ഞിന് ജന്മം നല്‍കി. ഉത്തര്‍പ്രദേശ് സ്വദേശിനിയാണ് ശസ്ത്രക്രിയ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 2023ല്‍ രണ്ട് കുട്ടികള്‍ ഉള്ളപ്പോള്‍ തന്നെ ശാശ്വതമായി ഗര്‍ഭധാരണം തടയാന്‍ വേണ്ടിയാണ് 27കാരിയായ യുവതി ഈ നടപടി സ്വീകരിച്ചത്. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് 18 മാസങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും പ്രസവിച്ചതോടെ, ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണിതെന്ന് ചൂണ്ടിക്കാട്ടി യുവതി ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിക്കുകയായിരുന്നു.
സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് യുവതിയുടേത്. കൂലിപ്പണിക്കാരനായ ഭര്‍ത്താവും രണ്ട് കുട്ടികളും ഉള്‍പ്പെടുന്ന സംയുക്ത കുടുംബത്തില്‍ മൂന്നാമതൊരു കുട്ടിയെ വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. നിലവില്‍ ഒന്നര വയസ്സുള്ള കുട്ടിയുടെ സംരക്ഷണവും വളര്‍ത്താനുള്ള ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ശസ്ത്രക്രിയ പൂര്‍ണ്ണ വിജയമാണെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നതായും, തങ്ങളുടെ പരാതികള്‍ ഉദ്യോഗസ്ഥര്‍ അവഗണിച്ചതായും കുടുംബം ആരോപിക്കുന്നു.
സംഭവത്തില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ജലൗണ്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കേസ് ഫയലുകള്‍ പരിശോധിച്ചുവരികയാണെന്നും ആരോഗ്യവകുപ്പിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുവതിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.