-->
ഇന്ന് ലോകം സെക്കന്റുകള്‍ക്കും മിനിറ്റുകള്‍ക്കും പിന്നാലെ പായുമ്പോള്‍, സമയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ ജീവിക്കുന്ന ഒരു ജനവിഭാഗമാണ് ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളിലുള്ള ആമോണ്ടാവ ഗോത്രം. ഇവരുടെ ഭാഷയില്‍ 'സമയം', 'ആഴ്ച', 'മാസം', 'വര്‍ഷം' തുടങ്ങിയ പദങ്ങളോ സങ്കല്പങ്ങളോ ഇല്ലെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂതകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളോ ഭാവികാലത്തെക്കുറിച്ചുള്ള ആശങ്കകളോ ഇല്ലാതെ, പൂര്‍ണ്ണമായും വര്‍ത്തമാനകാലത്തില്‍ വിശ്വസിച്ച് ജീവിക്കുന്നവരാണ് ഇവര്‍. ബ്രിട്ടനിലെ പോര്‍ട്‌സ്മൗത്ത് സര്‍വകലാശാലയിലെ പ്രൊഫസര്‍ ക്രിസ് സിന്‍ഹയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഇവരുടെ ഈ അപൂര്‍വ്വമായ സാംസ്‌കാരിക സവിശേഷത ലോകമറിഞ്ഞത്.
ആമോണ്ടാവ ഗോത്രക്കാര്‍ക്ക് നിശ്ചിതമായ 'പ്രായം' എന്നൊന്നില്ല എന്നതും ശ്രദ്ധേയമാണ്. ജന്മദിനങ്ങള്‍ ആഘോഷിക്കുന്നതിന് പകരം, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഇവര്‍ സ്വന്തം പേര് മാറ്റിക്കൊണ്ടിരിക്കും. ഒരു കുട്ടി ജനിക്കുമ്പോള്‍ കുടുംബത്തിലെ മുതിര്‍ന്നയാള്‍ തന്റെ പേര് ആ കുട്ടിക്ക് നല്‍കുകയും സ്വയം പുതിയൊരു പേര് സ്വീകരിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പേര് മാറുന്നതിലൂടെയാണ് ഒരാള്‍ ജീവിതത്തില്‍ വളര്‍ച്ച പ്രാപിച്ചതായി സമൂഹം തിരിച്ചറിയുന്നത്. ക്ലോക്കിനോ കലണ്ടറിനോ പകരം സൂര്യോദയവും അസ്തമയവും, മഴക്കാലവും വേനല്‍ക്കാലവും നോക്കിയാണ് ഇവര്‍ തങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ ക്രമീകരിക്കുന്നത്.
1986ല്‍ മാത്രം പുറംലോകം തിരിച്ചറിഞ്ഞ ഈ ഗോത്രം ഇന്ന് ഏകദേശം 150 ഓളം അംഗങ്ങള്‍ മാത്രമുള്ള ചെറിയൊരു സമൂഹമാണ്. സര്‍ക്കാര്‍ രേഖകള്‍ക്കായി ജനനത്തീയതി നല്‍കേണ്ടി വരുമ്പോള്‍ ഇവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തത് ഉദ്യോഗസ്ഥരെ കുഴപ്പിക്കാറുണ്ട്. വനനശീകരണവും പുറമെ നിന്നുള്ള രോഗങ്ങളും ഇവരുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നുണ്ട്. കൂടാതെ, ആധുനിക സംവിധാനങ്ങളുമായി പൊരുത്തപ്പെടുന്നതിനായി പോര്‍ച്ചുഗീസ് ഭാഷ പഠിക്കുന്നത് ഇവരുടെ തനതായ ഭാഷയും സമയ സങ്കല്പമില്ലാത്ത അപൂര്‍വ്വ സംസ്‌കാരവും ഇല്ലാതാക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.