Friday, March 13, 2026 Last Updated 25 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 18 Oct 2025 10.25 AM

ഒരു ചുവടു മതി മറുകരയെത്താന്‍: ലോകത്തിലെ ഏറ്റവും ഇടുങ്ങിയ നദി ദാ ഇവിടെയുണ്ട്

world, narrow, river

നദികളുടെ വലിപ്പം എത്രത്തോളമെന്ന് പൊതുവെ നമ്മുക്ക് അറിയാന്ന കാര്യമാണ്. എന്നാല്‍ ഒരു ചുവട് വയ്ക്കുമ്പോള്‍ തന്നെ മറുകരയില്‍ എത്തുന്ന നദിയെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? പറഞ്ഞുവരുന്നത് വടക്കന്‍ ചൈനയിലെ ഇന്നര്‍ മംഗോളിയ പീഠഭൂമിയില്‍ സ്ഥിതിചെയ്യുന്ന ഒരു നദിയുടെ കുറിച്ചാണ്. കരയില്‍ നിന്ന് ഒരു ചുവടു വച്ചാല്‍ തന്നെ മറുകര എത്തും. കാരണം ഈ നദിയുടെ ശരാശരി വീതി 15 സെന്റിമീറ്റര്‍ മാത്രമാണ്. അതായത് ഒരു സാധാരണ സ്‌കെയില്‍കൊണ്ട് അളക്കാവുന്നത്ര വലിപ്പം.

ഹവോലായ് നദി എന്നാണ് കൗതുകം ഉണര്‍ത്തുന്ന ഈ ജലാശയത്തിന് നല്‍കിയിരിക്കുന്ന പേര്. വെറുമൊരു നീര്‍ച്ചാല്‍ എന്ന് വിശേഷിപ്പിച്ചാല്‍ പോരെ എന്നതാവും ആരുടെയും സംശയം. എന്നാല്‍ ഒരു നദിയുടെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളുന്നതിനാല്‍ സംശയാതീതമായി ഹവോലായ് നദി തന്നെയാണെന്ന് ഇതിനെക്കുറിച്ച് പഠനം നടത്തിയവര്‍ ഉറപ്പിച്ചു പറയുന്നു. ഹവോലായ് പെട്ടെന്നുണ്ടായ ഒരു നീരൊഴുക്കുമല്ല. 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നദി ഇതേ രീതിയില്‍ ഒഴുകുന്നുണ്ട്.

ഏകദേശം 17 കിലോമീറ്റര്‍ ദൂരത്തിലാണ് ഹവോലായ് ഒഴുകിയെത്തുന്നത്. ശരാശരി വീതി 15 സെന്റിമീറ്ററാണെങ്കിലും നദിയുടെ ഏറ്റവും ഇടുങ്ങിയ ഭാഗം വെറും നാല് സെന്റീമീറ്റര്‍ മാത്രം വീതിയുള്ളതാണ്. നമ്മുടെ ചെറുവിരലിനേക്കാള്‍ ചെറുത്. നദിയുടെ ആഴമാകട്ടെ ഏകദേശം 50 സെന്റിമീറ്ററും. ഒരു ഭൂഗര്‍ഭ നീരുറവയാണ് ഹവോലായുടെ ഉറവിടം. വര്‍ഷത്തിലുടനീളം അതിന്റെ ഒഴുക്ക് സ്ഥിരമായി തുടരുന്നുമുണ്ട്. ഹെക്‌സിഗ്‌റ്റെന്‍ ഗ്രാസ്ലാന്‍ഡ്‌സ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിനുള്ളില്‍ വിശാലമായ പുല്‍മേടുകളാല്‍ ചുറ്റപ്പെട്ടാണ് നദി സ്ഥിതി ചെയ്യുന്നത്. ഇത് ഒഴുകി ചെല്ലുന്നത് പ്രദേശത്തെ ഒരു പ്രധാന ജലാശയമായ ദലൈ നൂര്‍ തടാകത്തിലേക്കാണ്.

മാത്രമല്ല വലുപ്പത്തില്‍ നന്നേ ചെറുതാണെങ്കിലും പ്രദേശത്തെ ആവാസ വ്യവസ്ഥയിലെ ഒരു അവിഭാജ്യ ഘടകം തന്നെയാണ് ഹവോലായ് നദി. പുല്‍മേട്ടില്‍ മേയാന്‍ എത്തുന്ന കന്നുകാലികളാണ് പ്രധാനമായും നദിയെ ആശ്രയിക്കുന്നത്. ഇത്ര ചെറിയ ഒന്നിനെ നദി എന്ന് വിശേഷിപ്പിക്കാമോ എന്ന തരത്തില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ടെങ്കിലും നദീതടത്തിന്റെ വലുപ്പം, ഇടതടവില്ലാതെയുള്ള ഒഴുക്ക്, കാലപ്പഴക്കം എന്നിവയൊക്കെ കണക്കാക്കുമ്പോള്‍ മറ്റ് ഏതൊരു നദിക്കും പിന്നിലല്ല ഹവോലായ് എന്ന് ഗവേഷകര്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW