Wednesday, March 11, 2026 Last Updated 17 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 12.23 PM

തെരുവിലെ തുണിത്തൊട്ടില്‍ വലിച്ചെറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥന്‍, പിന്നാലെ സംഭവിച്ചത്: മനസ്സ് നിറഞ്ഞ് സോഷ്യല്‍ മീഡിയ

mumbai, cop, gifting, baby, cradle, homeless, mother

വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇവയില്‍ ചിലതൊക്കെ നമ്മുടെ മനം കവരാറുണ്ട്. ഇപ്പോഴിതാ മുംബൈയില്‍ നിന്നുള്ള അങ്ങനെയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്. മുംബൈയിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഈ വീഡിയോയിലുള്ളത്. തെരുവില്‍ കഴിയുന്ന ഒരു അമ്മയ്ക്കും കുഞ്ഞിനും അദ്ദേഹം ഒരു പുതിയ തൊട്ടില്‍ സമ്മാനമായി നല്‍കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

സുശീല്‍ ശിഖരെ എന്ന ഉദ്യോഗസ്ഥനാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ ഹൃദയസ്പര്‍ശിയായ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ 10 മില്ല്യണിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. കുഞ്ഞിനെ കിടത്താനായി അമ്മ ഒരു തുണിത്തൊട്ടില്‍ ഉണ്ടാക്കിയിരിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, അത് വലിച്ചെറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥന്‍ ഒരു പുതിയ നല്ല തൊട്ടില്‍ അപ്പോള്‍ തന്നെ വാങ്ങിക്കൊടുക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. പോലീസുകാരന്റെ ഈ പ്രവൃത്തിയില്‍ അമ്മ ആകെ വികാരം കൊള്ളുന്നത് കാണാം. സോഷ്യല്‍ മീഡിയയിലും നൂറുകണക്കിനാളുകളെ ഈ വീഡിയോ സ്പര്‍ശിച്ചു.

മറാത്തിയില്‍ എഴുതിയ അടിക്കുറിപ്പില്‍ പറയുന്നത്, താന്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ വഴിയരികിലുണ്ടായിരുന്ന അമ്മയെയും കുഞ്ഞിനെയും ശ്രദ്ധിച്ചു എന്നാണ്. നടപ്പാതയിലെ താല്‍ക്കാലികമായുണ്ടാക്കിയ തൊട്ടിലില്‍ ആ കുഞ്ഞിനെ കിടത്തിയിരിക്കുന്ന ദൃശ്യം തന്നെ വേട്ടയാടിയതായി ഉദ്യോഗസ്ഥന്‍ പറയുന്നു. കുഞ്ഞ് കരഞ്ഞപ്പോള്‍ അമ്മ നിസ്സഹായതയോടെ നോക്കിനില്‍ക്കുകയായിരുന്നു. അതിനാലാണ് അദ്ദേഹം പുതിയൊരു തൊട്ടില്‍ തന്നെ വാങ്ങി നല്‍കാന്‍ തീരുമാനിക്കുന്നത്.

വീഡിയോയുടെ തുടക്കത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരത്തടിയില്‍ കെട്ടിയിരിക്കുന്ന തുണിത്തൊട്ടില്‍ തട്ടിക്കളയുന്നത് അമ്മ വേദനയോടെ നോക്കിനില്‍ക്കുന്നതാണ് കാണുന്നത്. എന്നാല്‍, പിന്നീട് അദ്ദേഹം പുതിയ തൊട്ടില്‍ വാങ്ങിക്കൊണ്ടുവന്ന് കുഞ്ഞിനെ അതില്‍ കിടത്തുമ്പോള്‍ അവര്‍ നന്ദിയോടെ നോക്കുന്നതും കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. പോലീസുകാരനേക്കാളുപരി, നല്ല ഒരു അച്ഛന്‍ കൂടിയായിരിക്കാം അദ്ദേഹം എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരുപാട് ആളുകള്‍ ഈ ഭൂമിയില്‍ വേണം എന്നും ആളുകള്‍ കമന്റ് നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW