-->
വലിപ്പ ചെറുപ്പം നോക്കാതെ ആളുകളെ ബഹുമാനിക്കുകയും, ചേര്‍ത്തുനിര്‍ത്തുകയും, സഹജീവി സ്‌നേഹം പുലര്‍ത്തുകയും ചെയ്യുന്ന നിരവധി ആളുകളുണ്ട് നമ്മുടെ സമൂഹത്തില്‍. അവിടെ പണത്തിനോ, നിറത്തിനോ ഒരു സ്ഥാനവും ഇല്ലെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. വീട്ടിലെ പാചകക്കാരനായ റാംജി ബാബയുടെ 70 ാം പിറന്നാളാഘോഷിക്കുന്ന ഒരു കുടുംബത്തിന്റെ ഈ ദൃശ്യങ്ങളാണ് നെറ്റീസണ്‍സിന്റെ മനസ്സ് കീഴടക്കിയത്.
റാംജി ബാബ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 46 വര്‍ഷമായി ഒരു വീടിന്റെ അടുക്കള സമ്പന്നമാക്കിയ ഷെഫാണ് റാംജി ബാബ. അദ്ദേഹത്തിന് 70 വയസായിരിക്കുന്നു. ജീവിത കാലത്ത് ഒരിക്കല്‍ പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ലെന്നും വീഡിയോയില്‍ പറയുന്നു. വീഡിയോയില്‍, അദ്ദേഹത്തെ ഇത്രയും സന്തോഷത്തോടെ കാണുന്ന് ആദ്യമായിട്ടാണെന്ന് പറയുന്നു.
ലജ്ജയും സന്തോഷവും നിറഞ്ഞ ആ മുഖത്ത് വിരിയുന്ന ചെറു പുഞ്ചിരി ഏതൊരു കാഴ്ചക്കാരന്റെയും ഹൃദയം കീഴടക്കും. കുടുംബാംഗങ്ങളെല്ലാം അദ്ദേഹത്തിനായി ജന്മദിന ഗാനം ചൊല്ലുന്നു. 'റാംജി ബാബയെ പരിചയപ്പെടാം. വളരെ എളിമയുള്ള, ലളിതനായ, അത്ഭുതകരമായ ഒരു പാചകക്കാരന്‍. അടുത്തിടെ, അദ്ദേഹത്തിന് 70 വയസ്സ് തികഞ്ഞു, പക്ഷേ, പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്നതിന് ഒരു ഉദാഹരണമായി അദ്ദേഹം തെളിയിക്കപ്പെടുന്നു!' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര്‍ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു. ഒരേ സ്ഥലത്ത് 40 വര്‍ഷം ജോലി ചെയ്യുന്നത് ശ്രീ റാംജി ബാബയുടെ സമര്‍പ്പണമാണ്. നിങ്ങളും നിങ്ങളുടെ കുടുംബവും 4 പതിറ്റാണ്ടുകളായി അദ്ദേഹത്തോട് എങ്ങനെ നന്നായി പെരുമാറി എന്നതിനെക്കുറിച്ചും ഇത് ധാരാളം പറയുന്നുവെന്ന് ഒരു കാഴ്ചക്കാരന്‍ കുറിച്ചു. 30 സെക്കന്‍ഡ് റീലില്‍ തന്നെ അദ്ദേഹത്തിന്റെ നിഷ്‌കളങ്കതയും ഊഷ്മളതയും എനിക്ക് അനുഭവിക്കാന്‍ കഴിയുമെന്നായിരുന്നു മറ്റൊരു കുറിപ്പ്.