-->
ആണ്‍കുട്ടികളാണെന്ന് തോന്നിപ്പിക്കും വിധം വേഷം മാറി പകല്‍സമയങ്ങളില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ബംഗളൂരുവിലാണ് സംഭവം. തനരി റോഡ് സ്വദേശികളായ ശാലു, നീലു എന്നിവരെയാണ് സമ്പഗെഹള്ളി പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ വിചിത്രമായ മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ കൗമാരക്കാരായ ആണ്‍കുട്ടികളെപ്പോലെ വസ്ത്രം ധരിച്ചായിരുന്നു ഇവര്‍ മോഷണത്തിനായി എത്തിയിരുന്നത്. സ്‌കൂട്ടറില്‍ കറങ്ങി നടന്ന് വീട്ടുകാര്‍ പുറത്തുപോകുന്നത് വരെ ഇവര്‍ നിരീക്ഷിക്കും. വീട് ഒഴിഞ്ഞെന്ന് ഉറപ്പായാല്‍ ഉടന്‍ അകത്തുകയറി പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവരും. ഈ വേഷപ്പകര്‍ച്ച കാരണം അയല്‍വാസികളുടെയോ വഴിപോക്കരുടെയോ കണ്ണില്‍പ്പെടാതെ പകല്‍സമയത്ത് മോഷണം നടത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു.
ഒടുവില്‍ ജനുവരി 13ന് യെലഹങ്കയ്ക്ക് സമീപമുള്ള അഗ്രഹാര ലേഔട്ടില്‍ നടന്ന മോഷണമാണ് കേസില്‍ നിര്‍ണ്ണായകമായത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഓട്ടോ െ്രെഡവര്‍ സംഗമേഷ്, തന്റെ വീട് കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവര്‍ന്നതായി കണ്ടെത്തി. വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു മോഷണം. സംഗമേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
ദൃശ്യങ്ങളില്‍ രണ്ട് ആണ്‍കുട്ടികള്‍ സ്‌കൂട്ടറില്‍ വന്നുപോകുന്നത് വ്യക്തമായിരുന്നു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതികളെ വലയിലാക്കി. പ്രതികളെ സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ അത്ഭുതപ്പെട്ടു. സിസിടിവിയില്‍ കണ്ടത് ആണ്‍കുട്ടികളെയായിരുന്നെങ്കിലും പിടിക്കപ്പെട്ടത് രണ്ട് യുവതികളായിരുന്നു. ചോദ്യം ചെയ്യലില്‍, വേഷം മാറി തങ്ങള്‍ പലയിടങ്ങളിലും മോഷണം നടത്തിയിട്ടുണ്ടെന്ന് ഇവര്‍ സമ്മതിച്ചു. പകല്‍സമയത്തും വീടുകള്‍ സുരക്ഷിതമായി പൂട്ടണമെന്നും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും സമ്പഗെഹള്ളി പോലീസ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.