-->
ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഓരോ പാഠങ്ങളാണ്. ഇത് തെളിയിക്കുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇവയില്‍ ചിലതൊക്കെ ഏറെ അവിശ്വസനീയമായി തോന്നാം. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിന്റെ മനം കവര്‍ന്നിരിക്കുന്നത്. കടയിലേക്ക് തോക്കുമായി കയറിയ മോഷ്ടാവിന് കടയുടമയുടെ കുഞ്ഞു മകള്‍ തന്റെ കൈയിലെ ലോലിപോപ്പ് നീട്ടി. പിന്നാലെ മാനസാന്തരപ്പെട്ട മോഷ്ടാവ് അവിടെ നിന്നെടുത്തതെല്ലാം തിരികെ വച്ച് പോകുന്നതാണ് വീഡിയോ.
വീഡിയോ കണ്ടവരില്‍ നിരവധി പേര്‍ അത് അവിശ്വസനീയമെന്നാണ് കുറിച്ചത്. മറ്റ് ചിലര്‍ സ്‌ക്രിപ്റ്റഡ് എന്നും മറ്റെവിടെ നടന്നാലും പാകിസ്ഥാനില്‍ ഒരിക്കലും നടക്കില്ലെന്നും കുറിച്ചു. അതെ, സിസിടിവി വീഡിയോ പാകിസ്ഥാനിലെ ഏതോ ഒരു കടയുടെ ഉള്ളില്‍ നിന്നുള്ളതാണ്. കടയുടമയും അദ്ദേഹത്തിന്റെ കുഞ്ഞും കടയ്ക്കുള്ളില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് മുഖം മറച്ച ഒരാള്‍ കയറിവരുന്നു. അടുത്തിരിക്കുന്ന കുട്ടിയെ പോലും ശ്രദ്ധിക്കാതെ കൈയിലെ തോക്ക് ചൂണ്ടി മോഷ്ടാവ് കടയുടമയുടെ മുഖത്ത് അടിച്ച് പണം എടുക്കാന്‍ ആവശ്യപ്പെടുന്നു.അപ്രതീക്ഷിതമായ അടിയില്‍ പതറിപ്പോയ കടയുടമ എല്ലായിടത്തും പണം തപ്പുന്നെങ്കിലും നിരാശപ്പെടുന്നു.
ഒടുവില്‍ അയാള്‍ തന്റെ കീശയിലുണ്ടായിരുന്ന പണമെല്ലാം മോഷ്ടാവിന് കൈമാറുന്നു. ഇതിനിടെ മോഷ്ടാവ് കടയുടമയുടെ മുഖത്ത് നിരവധി തവണ അടിക്കുന്നതും വീഡിയോയില്‍ കാണാം. ഈ സമയമത്രയും ഭയന്നിരുന്ന കുട്ടി തന്റെ കൈയിലുണ്ടായിരുന്ന ലോലിപോപ്പ് കള്ളന് നേരെ നീട്ടുന്നു. ഇതോടെ വികാരാധീനനാകുന്ന അയാള്‍ കിട്ടിയ പണമെല്ലാം അവിടെ ഉപേക്ഷിച്ച് ഒരു നിമിഷം കുട്ടികളുടെ നെറ്റിയില്‍ ചുംബിക്കുകയും അസ്വസ്ഥതയോടെ പുറത്തിറങ്ങി തന്നെ കാത്ത് നില്‍ക്കുന്ന ബൈക്കില്‍ കയറി പോകുന്നു. കുട്ടിയുടെ അപ്രതീക്ഷിത നീക്കം കള്ളനെ അടിമുടി ഉലച്ചുകളഞ്ഞെന്ന് വ്യക്തം. കുട്ടികള്‍ അനുഗ്രഹിക്കപ്പെട്ടവരാണെന്നും അവരുടെ നിഷ്‌ക്കളങ്കത അപകടകരമായ സാഹചര്യങ്ങളില്‍ കരുണയുടെ വര്‍ഷമാകുമെന്ന് കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.