-->
കള്ളന്മാരെ പിടിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പല കുതന്ത്രങ്ങളും പയറ്റാറുണ്ട്. ഇത്തരത്തില്‍ തായ്‌ലന്‍ഡില്‍ ഒരു മോഷണക്കേസ് പ്രതിയെ കുടുക്കാന്‍ നടത്തിയ അതിസാഹസിക നീക്കമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 58 ലക്ഷം രൂപ വിലയുള്ള പുരാതനമായ രണ്ട് ബുദ്ധ പ്രതിമകള്‍ മോഷ്ടിച്ച 33 കാരനെയാണ് അതിവിദഗ്ധമായ മാര്‍ഗത്തിലൂടെ പൂട്ടിയത്.
സായ് നോയ് ജില്ലയിലെ ക്ഷേത്ര പരിസരത്ത് പ്രതി എത്തുമെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന്, പ്രതിയെ തിരിച്ചറിയാനും പിടികൂടാനും പോലീസ് തിരഞ്ഞെടുത്തത് ചൈനീസ് പുതുവത്സരാഘോഷങ്ങളിലെ പ്രധാന ആകര്‍ഷണമായ സിംഹനൃത്തത്തിന്റെ വേഷമായിരുന്നു. മഞ്ഞയും ചുവപ്പും കലര്‍ന്ന വലിയ സിംഹവേഷത്തിനുള്ളില്‍ ഒളിച്ചിരുന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മോഷ്ടാവിനെ പിന്തുടരുകയായിരുന്നു.
തെരുവിലെ ചെണ്ടമേളത്തിനൊപ്പം ചുവടുവെച്ചും നൃത്തം ചെയ്തും ഒടുവില്‍ പ്രതിയുടെ തൊട്ടടുത്തെത്തും വരെ പോലീസ് തങ്ങളുടെ വേഷപ്പകര്‍ച്ച തുടര്‍ന്നു. പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കിയ ഉടന്‍ തന്നെ സിംഹവേഷത്തില്‍ നിന്നിറങ്ങി പോലീസ് പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.
സംഗതി പുറത്തറിഞ്ഞതോടെ പോലീസിന്റെ ക്രിയാത്മകമായ ഇടപെടലിനെ പ്രശംസിച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകളാണ് പങ്കുവെക്കുന്നത്. സാധാരണ വേഷത്തിലോ യൂണിഫോമിലോ എത്തിയാല്‍ പ്രതി രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു തന്ത്രം മെനഞ്ഞതെന്ന് തായ് പോലീസ് വ്യക്തമാക്കി.
Officers from Thailand’s Metropolitan Police Bureau went undercover as a lion dance crew in order to catch a wanted burglar who had managed to evade arrest several times before pic.twitter.com/m7SE820gsG— Reuters (@Reuters) February 20, 2026