-->
ദോഹ: ന്യുഡൽഹിയിൽ നടക്കുന്ന അക്ഷരങ്ങളുടെ മഹോത്സവത്തിന്ഖത്തറിന്റെ സാംസ്കാരിക സാന്നിധ്യം.ഡൽഹി ജനപഥ് മണ്ഡപത്തിൽ നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ വർഷത്തെ ലോക പുസ്തകമേളയിൽ ഖത്തർ വിശിഷ്ടാതിഥിയാകും. ജനുവരി 10 മുതൽ 18 വരെ നീളുന്ന പുസ്തകമേളയിൽ മൂവായിരത്തോളം പവിലിയനുകൾ അക്ഷരലോകത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിക്കും.അറിവിന്റെയും വായനയുടെയും ഉത്സവമായി മാറുന്ന പുസ്തകമേളയിൽ രാജ്യത്തിന്റെയും ലോക ത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രസാധകരെയും
അക്കാദമിക് സ്ഥാപനങ്ങളെയും വിദ്യാർത്ഥികളെയും വായനാസ്വാദകരെയും ഒരുമിപ്പിക്കും.വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ബുക്ക് ട്രസ്റ്റ് (NBT) ഇന്ത്യയാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയസാഹിത്യോത്സവങ്ങളി
ലൊന്നായ ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയർ, വായനയെ ആഘോഷിക്കുകയും അറിവിന്റെ വാതിലുകൾ തുറക്കുകയും ചെയ്യുന്ന ബൗദ്ധിക സംഗമമായി വീണ്ടും മാറുമ്പോൾഖത്തർ സാംസ്കാരിക മന്ത്രാലയം ഒരുക്കുന്ന പവിലിയൻ പ്രത്യേക ആകർഷണമാകും.
ഖത്തരി സാഹിത്യവും കലയും ചരിത്രവും സമകാലിക ചിന്തകളും ഒത്തുചേരുന്ന ഈ പവിലിയൻ അറബ് സംസ്‌കാരത്തിന്റെ അക്ഷരലോകം വായനക്കാരുടെ മുന്നിൽതുറന്നുവയ്ക്കും.ആഗോളതലത്തിൽ ഖത്തറി സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും, സാഹിത്യ–സാംസ്കാരിക മേഖലകളെ ആഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിനും, നൂതന ആശയങ്ങളും നാഗരിക വൈവിധ്യങ്ങളും പങ്കുവയ്ക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പങ്കാളിത്തമെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി.ആഗോള ചിന്തയ്ക്കും വിജ്ഞാനത്തിനും ദിശ കാട്ടിയ ഏറ്റവും പുരാതന മനുഷ്യ നാഗരികതകളിലൊന്നായ ഇന്ത്യൻ മണ്ണിൽസാംസ്കാരിക ഇടപഴകലിന് പുതിയ വാതിലുകൾ തുറക്കുന്ന വേദിയാകും ഈ പുസ്തകമേളയെന്ന് ദോഹ അന്താരാഷ്ട്ര പുസ്തകമേള ഡയറക്ടർ ജാസിം അഹമ്മദ് അൽ ബുവൈനൈൻ പറഞ്ഞു. സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, ആഗോള അനുഭവങ്ങളോടുള്ള തുറന്ന മനസ്സിനും ഊന്നൽ നൽകുന്നതും, സാംസ്കാരിക–പ്രസാധന സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതും, അറബ് കൂടാതെ ആഗോള സാംസ്കാരിക രംഗത്തിന് പിന്തുണ നൽകുന്നതുമായ ഖത്തറിന്റെ ശ്രമങ്ങളുടെ തുടർച്ചയാണ് ഈ പങ്കാളിത്തം.സാഹിത്യം, കവിത, ചിന്ത, കല എന്നീ മേഖലകളിൽ ഖത്തരി ബൗദ്ധിക ചൈതന്യം അവതരിപ്പിക്കാനും, ആഗോള വേദികളിൽ അറബ് സംസ്‌കാരത്തിന്റെ സാന്നിധ്യം കൂടുതൽ ഉറപ്പാക്കാനുംഈ സഹകരണം സഹായകരമാകും. ഖത്തറിന്റെ സാംസ്കാരിക പൈതൃകത്തിന്റെ
താളം പകർത്തുന്ന അർദ്ധ നൃത്തവും പരമ്പരാഗത നാടോടി കലകളും, ഖത്തരി നാടോടി ട്രൂപ്പിന്റെ പങ്കാളിത്തത്തോടെ മേളയിലെ സാംസ്‌കാരിക പരിപാടികളിൽ അരങ്ങേറും.
ഷഫീക്ക് അറക്കൽ