Wednesday, March 11, 2026 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

വെനസ്വേലയുടെ പേരില്‍ ഇടച്ചില്‍; റഷ്യന്‍ പതാകയുള്ള ടാങ്കര്‍ പിടിച്ച്‌ യു.എസ്‌., നിയമലംഘനമെന്ന് റഷ്യ, 'രാജ്യമില്ലാത്ത' കപ്പലാണു പിടിച്ചതെന്നു യു.എസ്

റഷ്യന്‍ പതാകയുള്ള എണ്ണ ടാങ്കര്‍ -മരിനേരയെ യു.എസ്‌. കോസ്‌റ്റ്‌ ഗാര്‍ഡും സൈന്യവും ചേര്‍ന്നു പിടിച്ചെടുത്തു. യു.എസ്‌. ഉപരോധം മറികടന്നു വെനസ്വേലയില്‍നിന്നു അസംസ്‌കൃത എണ്ണ കൊണ്ടുപോയി എന്നാണ്‌ ആരോപണം.
uploads/news/2026/01/819586/int1.jpg

വാഷിങ്‌ടണ്‍: വെനസ്വേലയുടെ പേരില്‍ കടലില്‍ 'ഏറ്റുമുട്ടി' യു.എസും റഷ്യയും. റഷ്യന്‍ പതാകയുള്ള എണ്ണ ടാങ്കര്‍ -മരിനേരയെ യു.എസ്‌. കോസ്‌റ്റ്‌ ഗാര്‍ഡും സൈന്യവും ചേര്‍ന്നു പിടിച്ചെടുത്തു. യു.എസ്‌. ഉപരോധം മറികടന്നു വെനസ്വേലയില്‍നിന്നു അസംസ്‌കൃത എണ്ണ കൊണ്ടുപോയി എന്നാണ്‌ ആരോപണം.
അറ്റ്‌ലാന്റിക്‌ സമുദ്രത്തില്‍ രണ്ടാഴ്‌ചയോളം നീണ്ട പിന്തുടരലിന്‌ ശേഷമാണു റഷ്യന്‍ പതാകയുള്ള 'മരിനേര' എന്ന എണ്ണ ടാങ്കര്‍ അമേരിക്ക പിടിച്ചെടുത്തത്‌. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണു യു.എസ്‌. നടത്തിയതെന്നു റഷ്യ പ്രതികരിച്ചു. എന്നാല്‍, 'രാജ്യമില്ലാത്ത(സ്‌റ്റേറ്റ്‌ലെസ്‌)' കപ്പലാണു പിടിയിലായതെന്നാണു യു.എസിന്റെ നിലപാട്‌.
നേവിയെ ഉപയോഗിച്ച്‌ കപ്പലിനെ സംരക്ഷിക്കാന്‍ റഷ്യ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്‌. കപ്പലിനു സമീപം റഷ്യന്‍ അന്തര്‍വാഹിനികളുടെ സാന്നിധ്യമുണ്ടായിരുന്നതായി പാശ്‌ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
അമേരിക്കന്‍ സൈന്യത്തിന്റെ യൂറോപ്യന്‍ കമാന്‍ഡ്‌ എക്‌സില്‍ (ട്വിറ്റര്‍) സൈനിക നീക്കം സ്‌ഥിരീകരിച്ചു. അമേരിക്കന്‍ ഉപരോധങ്ങള്‍ ലംഘിച്ചതിനാണ്‌ ടാങ്കര്‍ പിടിച്ചെടുത്തതെന്ന്‌ യു.എസ്‌. നീതിന്യായ വകുപ്പ്‌, ഹോംലാന്‍ഡ്‌ സെക്യൂരിറ്റി വകുപ്പ്‌, പ്രതിരോധ വകുപ്പ്‌ എന്നിവ വ്യക്‌തമാക്കി.
'അനധികൃതവുമായി' വെനസ്വേലന്‍ എണ്ണ കൊണ്ടുപോകുന്നത്‌ അനുവദിക്കില്ലെന്നു യു.എസ്‌. പ്രതിരോധ വകുപ്പ്‌ അറിയിച്ചു. ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതനുസരിച്ച്‌, അമേരിക്കന്‍ കോസ്‌റ്റ്‌ ഗാര്‍ഡ്‌ കപ്പലില്‍ കയറിയപ്പോള്‍ റഷ്യന്‍ കപ്പലുകളൊന്നും സമീപത്ത്‌ ഉണ്ടായിരുന്നില്ല. ഇത്‌ അമേരിക്ക- റഷ്യ സേനകള്‍ തമ്മിലുള്ള ഒരു സംഘര്‍ഷം ഒഴിവാക്കാന്‍ സഹായിച്ചു. എണ്ണ ടാങ്കറിനെ ഹെലികോപ്‌റ്റര്‍ സമീപിക്കുന്നതിന്റെ രണ്ട്‌ വ്യക്‌തമല്ലാത്ത ചിത്രങ്ങള്‍ റഷ്യന്‍ സര്‍ക്കാര്‍ ചാനലായ ആര്‍.ടി. പുറത്തുവിട്ടിരുന്നു. ഒരു ഓപ്പറേഷന്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന്‌ അവര്‍ പറഞ്ഞു.
അമേരിക്കയുടെ പിടിയിലായ കപ്പലിന്റെ ആദ്യ പേര്‌ 'ബെല്ല 1' എന്നായിരുന്നു. ഈ ടാങ്കറിനെ രണ്ട്‌ വര്‍ഷം മുമ്പ്‌ അമേരിക്ക ഉപരോധിച്ചിരുന്നു. പിന്നീട്‌ പേര്‍ 'മരിനേര' എന്നാക്കി മാറ്റി. ഇറാനില്‍നിന്ന്‌ വെനസ്വേലയിലേക്കാണ്‌ മരിനേര യാത്ര ചെയ്‌തുകൊണ്ടിരുന്നത്‌. എന്നാല്‍, വെനസ്വേലന്‍ കടല്‍ത്തീരത്തിനടുത്തുള്ള ഉപരോധം നേരിടുന്ന എണ്ണ ടാങ്കറുകളെ പിടിച്ചെടുക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ മറികടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന്‌ ടാങ്കര്‍ അറ്റ്‌ലാന്റിക്കിലേക്ക്‌ തിരിക്കുകയായിരുന്നു. ഇന്നലെ 'മരിനേര' പെട്ടെന്ന്‌ ദിശമാറ്റുകയും വേഗത കുറയ്‌ക്കുകയും ചെയ്‌തതായി റിപ്പോര്‍ട്ടുണ്ട്‌.
അടുത്തിടെയായി ഈ കപ്പല്‍ യു.എസ്‌. നിരീക്ഷണത്തിലായായിരുന്നു. ഐസ്‌ലന്‍ഡിലെ അമേരിക്കന്‍ താവളങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ ഉള്‍പ്പെടെ നിരവധി നിരീക്ഷണ വിമാനങ്ങള്‍ കപ്പലിന്‌ മുകളില്‍ കണ്ടെത്തിയിരുന്നു.
ഇതാദ്യമായല്ല അമേരിക്കന്‍ സേന ഈ ടാങ്കറിനെ തടയാന്‍ ശ്രമിക്കുന്നത്‌. വെനസ്വേലയക്ക്‌ സമീപം നങ്കൂരമിട്ടിരുന്ന കപ്പലില്‍ കഴിഞ്ഞ ഡിസംബറില്‍ അമേരിക്കന്‍ ഉദ്യോഗസ്‌ഥര്‍ കയറാന്‍ ശ്രമിച്ചിരുന്നു. അന്നു ജീവനക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന്‌ വീണ്ടും യു.എസ്‌. ഇടപെടലുണ്ടാകാതിരിക്കാന്‍ കപ്പല്‍ രാജ്യാന്തര കപ്പല്‍ ചാലിലേക്ക്‌ മാറ്റുകയും ചെയ്‌തിരുന്നു. നിയമവിരുദ്ധമായി എണ്ണ കടത്തുന്ന റഷ്യയുടെ 'ഷാഡോ ഫ്ലീറ്റിന്റെ' ഭാഗമാണ്‌ ഈ കപ്പലെന്നാണ്‌ യു.എസ്‌. ആരോപിക്കുന്നത്‌.
ആ സംഭവത്തിന്‌ ശേഷം, കപ്പലിന്റെ പുറത്ത്‌ റഷ്യന്‍ പതാക പതിപ്പിക്കുകയും അത്‌ റഷ്യയുടെ ഔദ്യോഗിക ഷിപ്പിങ്‌ രജിസ്‌റ്ററില്‍ ചേര്‍ക്കുകയും ചെയ്‌തു. തുടര്‍ന്നു റഷ്യ ഔദ്യോഗിക നയതന്ത്ര പ്രതിഷേധം നടത്തി, അമേരിക്കയോട്‌ കപ്പലിനെ പിന്തുടരുന്നത്‌ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. ലാറ്റിന്‍ അമേരിക്കന്‍ കടല്‍ത്തീരങ്ങളില്‍ മറ്റൊരു വെനസ്വേലബന്ധമുള്ള ടാങ്കറിനെയും അമേരിക്കന്‍ കോസ്‌റ്റ്‌ ഗാര്‍ഡ്‌ തടഞ്ഞിട്ടുണ്ട്‌.

Ads by Google
Ads by Google
TRENDING NOW