-->
ബെയ്‌റൂട്ട്: ഇറാനെ പിന്തുണയ്‌ക്കുന്ന ഹിസ്‌ബുള്ള സായുധസംഘം രാജ്യത്തെ യുദ്ധത്തിലേക്കു വലിച്ചിഴയ്‌ക്കുകയാണെന്നു ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔന്‍. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇസ്രയേലുമായി തുറന്ന ചര്‍ച്ചയ്‌ക്കു തയാറാണെന്നും പ്രതികരണം.
പശ്‌ചിമേഷ്യ യുദ്ധത്തില്‍ ഇറാനെ പിന്തുണയ്‌ക്കുന്ന ഹിസ്‌ബുള്ളയെ ലക്ഷ്യമിട്ട് ലെബനനില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണു നീക്കം. അതിര്‍ത്തികളില്‍ സുരക്ഷയും സ്‌ഥിരതയും ഉറപ്പാക്കാനാവശ്യമായ ക്രമീകരണങ്ങള്‍ക്കു പദ്ധതി ആവിഷ്‌കരിക്കണമെന്നു കഴിഞ്ഞദിവസം യൂറോപ്യന്‍ യൂണിയന്‍ ഉന്നതരുമായി നടത്തിയ വര്‍ച്വല്‍ യോഗത്തില്‍ ലെബനീസ് പ്രസിഡന്റ് ഔന്‍ ആവശ്യപ്പെട്ടിരുന്നു. ഔന്‍ മുന്നോട്ടുവച്ച നാലിന പദ്ധതിപ്രകാരം ഹിസ്‌ബുള്ളയുടെ നിരായുധീകരണത്തിനൊപ്പം സമ്പൂര്‍ണ വെടിനിര്‍ത്തലും സാധ്യമാക്കും. കൂടാതെ സംഘര്‍ഷബാധിത മേഖലകളുടെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ലെബനീസ്‌സേനയ്‌ക്ക് രാജ്യാന്തര സഹായം ഉറപ്പാക്കണം. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ രാജ്യാന്തര നിരീക്ഷണത്തിനുകീഴില്‍ ലെബനനും ഇസ്രയേലും നേരിട്ടു ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും നിര്‍ദേശങ്ങളിലുണ്ട്. പക്ഷേ, ഇതിനോട് ഇസ്രയേല്‍ സര്‍ക്കാരോ ഉന്നതരോ പ്രതികരിച്ചിട്ടില്ല.
ലെബനന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് ഷിയാ മുസ്ലിം സായുധസംഘവും രാഷ്‌ട്രീയ പ്രസ്‌ഥാനവുമായ ഹിസ്‌ബുള്ള പ്രവര്‍ത്തിക്കുന്നതെന്ന് ഔന്‍ കുറ്റപ്പെടുത്തി. ലെബനീസ് ജനതയുടെ ജീവന് അവര്‍ വിലകല്‍പ്പിക്കുന്നില്ല. ആക്രമണങ്ങളിലൂടെയും അരാജകത്വത്തിലൂടെയും ലെബനീസ് ഭരണകൂടം തകരാനാണ് ഹിസ്‌ബുള്ള ആഗ്രഹിക്കുന്നതെന്നും ഔന്‍ പറഞ്ഞു.
കഴിഞ്ഞ ഒന്‍പതുദിവസത്തിനിടെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറുകണക്കിന് ലെബനീസ് പൗരന്മാര്‍ക്കു ജീവന്‍ നഷ്‌ടമായതായാണ് യു.എന്‍. സംഘടനകള്‍ പറയുന്നത്. രണ്ടുലക്ഷത്തിലധികം കുട്ടികള്‍ ഉള്‍പ്പെടെ ഏഴുലക്ഷത്തിലധികം പേര്‍ക്കു പലായനം ചെയ്യേണ്ടിവന്നു. പലരും നിരത്തുകളിലാണ് അന്തിയുറങ്ങുന്നത്.
ഹിസ്‌ബുള്ളയുടെ സൈനിക നീക്കങ്ങള്‍ നിയമവിരുദ്ധമാണെന്നു കഴിഞ്ഞയാഴ്‌ച സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, സ്വന്തം നിലയില്‍ ഹിസ്‌ബുള്ളയെ നിരായുധീകരിക്കാനുള്ള ശേഷി ലെബനീസ് സര്‍ക്കാരിനില്ല.