Wednesday, March 11, 2026 Last Updated 29 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

വിമാനസര്‍വീസ്‌ മുടക്കം: തപാല്‍ ബുക്കിങ്‌ നിര്‍ത്തി ഇന്ത്യ

ദോഹ; പശ്‌ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന്‌ വിമാന സര്‍വീസുകള്‍ തടസപ്പെട്ട സാഹചര്യത്തില്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള 10 രാജ്യങ്ങളിലേക്കുള്ള രാജ്യാന്തര തപാല്‍ ബുക്കിങ്ങുകള്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിമാന സര്‍വീസ്‌ പുനഃസ്‌ഥാപിക്കുന്നതു വരെ എല്ലാ വിഭാഗത്തിലുമുള്ള തപാല്‍ ഉരുപ്പടികള്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.
യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വിമാനങ്ങള്‍ ലഭ്യമല്ലാത്തതാണ്‌ ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്‌, ബഹ്‌റൈന്‍, ഇസ്രയേല്‍, തുര്‍ക്കി, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങലേക്കുള്ള രജിസ്‌റ്റേഡ്‌ ബുക്കിങ്‌ നിര്‍ത്താന്‍ കാരണം. ഈ രാജ്യങ്ങളിലേക്ക്‌ അയയ്‌ക്കാന്‍ ഇതിനകം ബുക്ക്‌ ചെയ്‌തതും എന്നാല്‍, ഇന്ത്യയില്‍നിന്ന്‌ അയയ്‌ക്കാത്തതുമായ പാഴ്‌സലുകള്‍ തിരികെ വാങ്ങാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്‌. ഇതിനായി ഉപഭോക്‌താക്കള്‍ തപാല്‍ ബുക്ക്‌ ചെയ്‌ത ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതാണ്‌. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകുന്ന മുറയ്‌ക്ക്‌ ബുക്കിങ്‌ പുനരാരംഭിക്കും.
രാജ്യാന്തര കൊറിയര്‍ സര്‍വീസുകളെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്‌. വിദേശത്തുള്ള ബന്ധുക്കള്‍ക്ക്‌ മരുന്നുകളും മറ്റും അയയ്‌ക്കാനുള്ളവര്‍ നിലവിലെ യാത്രാ തടസങ്ങള്‍ കണക്കിലെടുത്ത്‌ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്‌.
ഒമാനിലെ മസ്‌കറ്റ്‌ വിമാനത്താവളം പ്രവര്‍ത്തിക്കുന്നതിനാല്‍, അവിടേക്ക്‌ സാധനങ്ങള്‍ എത്തിച്ച്‌ അവിടെനിന്ന്‌ റോഡ്‌ മാര്‍ഗം യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക്‌ പാഴ്‌സലുകള്‍ എത്തിക്കാന്‍ ചില സ്വകാര്യ ഏജന്‍സികള്‍ ശ്രമിക്കുന്നുണ്ട്‌. ഖത്തറിലേക്ക്‌ ചരക്കുകള്‍ എത്തിക്കുന്നതിനായി സൗദി അറേബ്യ വഴിയുള്ള കരമാര്‍ഗമുള്ള പുതിയ ട്രാന്‍സിറ്റ്‌ റൂട്ട്‌ കഴിഞ്ഞദിവസം പ്രാബല്യത്തില്‍ വന്നു. ജിദ്ദ തുറമുഖത്തോ വിമാനത്താവളത്തിലോ എത്തുന്ന സാധനങ്ങള്‍ ട്രക്കുകള്‍ വഴി ഖത്തറില്‍ എത്തിക്കാനാകും.

ഷഫീക്ക്‌ അറയ്‌ക്കല്‍

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW