-->
ടെഹ്‌റാന്‍: പശ്‌ചിമേഷ്യന്‍ യുദ്ധം 11 ദിവസം പിന്നിടുമ്പോഴും ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ശേഷിക്കു കാര്യമായ പ്രഹരമേല്‍പ്പിക്കാന്‍ കഴിയാതെ യു.എസ്-ഇസ്രയേല്‍ സൈനികനീക്കം തിരിച്ചടി നേരിടുന്നു. ഇസ്രയേലിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും യു.എസ്. താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ കൃത്യതയോടെ ആക്രമണം തുടരുകയാണ്.
ഇറാന്‍ കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്ന (ഏകദേശം 35,000 ഡോളര്‍) ഡ്രോണുകളെയും മധ്യദൂര ബാലിസ്‌റ്റിക് മിസൈലുകളെയും നേരിടാന്‍ ദശലക്ഷക്കണക്കിനു ഡോളര്‍ ചെലവുള്ള മിസൈലുകളാണ് യു.എസും ഗള്‍ഫ് രാജ്യങ്ങളും പ്രയോഗിക്കുന്നത്. ഇതിലൂടെ യു.എസിനും സഖ്യരാഷ്‌ട്രങ്ങള്‍ക്കും കനത്ത സാമ്പത്തികനഷ്‌ടം വരുത്തുന്നതിനു പുറമേ, ഹോര്‍മുസ് കടലിടുക്ക് അടച്ച തന്ത്രപ്രധാനനീക്കത്തിലുടെ ആഗോള എണ്ണവിപണിയെ കനത്ത പ്രതിസന്ധിയിലേക്കു തള്ളിയിടാനും ഇറാന് കഴിഞ്ഞു.
നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കിയും ആള്‍നാശം കുറച്ചുമുള്ള പുതുതലമുറ യുദ്ധതന്ത്രമാണ്, ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' മാതൃകയില്‍, പശ്‌ചിമേഷ്യ കേന്ദ്രീകരിച്ച് നടക്കുന്നത്. ആയുധങ്ങളുടെ കാര്യത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കേണ്ടതിന്റെ പ്രാധാന്യവും ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഈ യുദ്ധം പഠിപ്പിക്കുന്നു. കനത്ത ഉപരോധങ്ങള്‍ നേരിടുമ്പോഴും റഷ്യന്‍, ചൈനീസ് മിസൈലുകളില്‍നിന്നുള്ള 'റിവേഴ്‌സ് എന്‍ജിനീയറിങ്ങി'ലൂടെ ദീര്‍ഘദൂര മിസൈല്‍, ഡ്രോണ്‍ ആയുധശേഖരം വികസിപ്പിച്ചെടുക്കാന്‍ ഇറാന് കഴിഞ്ഞു.
ഇറാന്റെ ചെലവ് കുറഞ്ഞ ഷഹീദ് 136 കാമികാസെ പോലെയുള്ള ഡ്രോണുകള്‍ വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യയുടെ ഡി.ആര്‍.ഡി.ഒയ്‌ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. വന്‍തോതില്‍ മിസൈല്‍ മോട്ടോറുകള്‍, മിസൈല്‍ ഇന്ധനം എന്നിവ നിര്‍മിക്കാന്‍ മാത്രമല്ല, ജി.പി.എസ്. അധിഷ്‌ഠിതവും ലക്ഷ്യം മുന്‍കൂട്ടി നിശ്‌ചയിക്കാവുന്നതുമായ തൊടുക്കല്‍ സംവിധാനവും ഇറാന് സ്വന്തമായുണ്ട്.
ഇറാന്റെ ബഹുമുഖയുദ്ധതന്ത്രങ്ങളുടെ ഫലമായി ആഗോള എണ്ണവിപണിയേയും ഓഹരി വിപണിയേയും ബാധിച്ച പ്രതിസന്ധി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ആഭ്യന്തരമായും രാജ്യാന്തരതലത്തിലും സമ്മര്‍ദത്തിലാക്കുന്നു. ആഭ്യന്തരപ്രശ്‌നങ്ങള്‍ ഏറെയുണ്ടെങ്കിലും രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ഒന്നിച്ചുനില്‍ക്കുന്ന ജനതയാകട്ടെ ഇറാനിലെ ഭരണമാറ്റമെന്ന യു.എസ്. ലക്ഷ്യത്തെ ഏറെ അകലെയാക്കുന്നു.