-->
ബെയ്‌റൂട്ട്: തെക്കന്‍ ലെബനന്‍ പട്ടണമായ യഹ്‌മോറില്‍ വീടുകള്‍ക്കുമേല്‍ ഇസ്രായേല്‍ സൈന്യം മാരകമായ വൈറ്റ് ഫോസ്‌ഫറസ് ഉപയോഗിച്ച് ആക്രമണം നടത്തിയതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആരോപിച്ചു. യഹ്‌മോറിലെയും മറ്റ് 50 ഗ്രാമങ്ങളിലെയും താമസക്കാര്‍ ഒഴിഞ്ഞുപോകണമെന്ന് ഈ മാസം മൂന്നിന് രാവിലെ ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആക്രമണമെന്നും ഹ്യൂമന്‍റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനവാസ മേഖലകളില്‍ ഉപയോഗിക്കുന്നതിനു നിരോധനമുള്ളതാണു വൈറ്റ് ഫോസ്‌ഫറസ്.
ഓക്‌സിജനുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ കത്തുന്ന രാസവസ്‌തുവാണ് വൈറ്റ് ഫോസ്‌ഫറസ്. ഷെല്ലുകളിലും ബോംബുകളിലും റോക്കറ്റുകളിലുമാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. പതിക്കുന്നിടത്തു തീപിടിക്കാന്‍ ഇതു കാരണമാകും. ആളുകള്‍ക്കു പൊള്ളലുണ്ടാക്കുന്നതിനു പുറമേ അണുബാധയ്‌ക്കും ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് മരണത്തിനും കാരണമാകും. ജീവിച്ചിരിക്കുന്നവര്‍ക്കു ജീവതകാലം മുഴുവന്‍ ദുരിതം അനുഭവിക്കേണ്ടി വരുമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ ലെബനന്‍ ഗവേഷകനായ റാംസി കൈസ് പ്രസ്‌താവനയില്‍ പറഞ്ഞു.
യുദ്ധഭൂമിയില്‍ പുകപടലം സൃഷ്‌ടിക്കാനും ലക്ഷ്യം നിശ്‌ചയിക്കാനും കെട്ടിടങ്ങളും ബങ്കറുകളും മറ്റും കത്തിക്കാനും വൈറ്റ് ഫോസ്‌ഫറസ് യുദ്ധോപകരണങ്ങള്‍ നിയമപരമായി ഉപയോഗിക്കാം. എന്നാല്‍, ജനങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ വൈറ്റ് ഫോസ്‌ഫറസ് പ്രയോഗിക്കുന്നത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നു ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വ്യക്‌തമാക്കി. അതേ സമയം, വൈറ്റ് ഫോസ്‌ഫറസ് നിറച്ച ഷെല്ലുകള്‍ ഉപയോഗിച്ചതായി ഇസ്രയേല്‍ സൈന്യം സ്‌ഥിരീകരിച്ചിട്ടില്ല. ലബനന്‍ അധികൃതരും റിപ്പോര്‍ട്ടിനോടു പ്രതികരിച്ചില്ല. ഒരാഴ്‌ചയിലേറെയായി ലെബനനില്‍ നടക്കുന്ന ഇസ്രയേലി ആക്രമണങ്ങളില്‍ 400 പേരാണു കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്‌തു.
ഹിസ്‌ബുള്ളയുമായി മുന്‍പ് നടന്ന ഏറ്റുമുട്ടലുകളിലും ഇസ്രയേല്‍ ഇത്തരത്തില്‍ വൈറ്റ് ഫോസ്‌ഫറസ് ഉപയോഗിച്ചിരുന്നതായി ആംനസ്‌റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 2023 ല്‍ ഇസ്രയേല്‍ വൈറ്റ് ഫോസ്‌ഫറസ് ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നു മേഖലയില്‍ കൃഷി പുനരാരംഭിക്കാന്‍ കഴിയുമോയെന്നു നിര്‍ണയിക്കാന്‍ കര്‍ഷകര്‍ മണ്ണ് പരിശോധന നടത്തിയിരുന്നു. 2023 ഒക്‌ടോബര്‍ മുതല്‍ തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ വൈറ്റ് ഫോസ്‌ഫറസ് ഉപയോഗിച്ച് 175 ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും 1,480 ഏക്കര്‍ കൃഷിഭൂമിക്കു തീപിടിച്ചതായും ലബനീസ് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്റി റിസര്‍ച്ച് പറഞ്ഞു.