Wednesday, March 11, 2026 Last Updated 5 Min 33 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 10 Mar 2026 11.36 PM

ക്ളൈമാക്‌സില്‍ ട്വിസ്‌റ്റ്‌; കലഹം രാജിയായി; ഗണേഷ്‌ 'തുടരും', വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റായതോടെ ഇടതുമുന്നണിക്കും ആശ്വാസം

ഗണേഷ്‌കുമാറിന്റെ ഉറ്റസുഹൃത്തും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ അംഗവുമായ കെ.എസ്‌. ബാലഗോപാലിന്റെ മധ്യസ്‌ഥതയില്‍ നടന്ന ചര്‍ച്ചയിലാണ്‌ സമവായത്തിനു വഴിതെളിഞ്ഞത്‌. ബാലഗോപാലിന്റെ ഫോണിലൂടെ മന്ത്രിയും ഭാര്യയും തമ്മില്‍ സംസാരിച്ചതോടെ ഇരുവര്‍ക്കുമിടയില്‍ മഞ്ഞുരുകി.
uploads/news/2026/03/829506/Ganesh-and-Wife.jpg

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ രാജിയുടെ വക്കോളമെത്തിയ കുടുംബകലഹവിവാദത്തില്‍ നാടകീയ വഴിത്തിരിവ്‌. വിവാഹേതരബന്ധം സംബന്ധിച്ച്‌ ആരോപണമുന്നയിച്ച ഭാര്യ ബിന്ദു മേനോന്‍ മന്ത്രിക്കു മാപ്പ്‌ നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ്‌ സര്‍ക്കാരിനെ പിടിച്ചുലച്ച വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റായതോടെ ഇടതുമുന്നണിക്കും ആശ്വാസം.

ഗണേഷ്‌കുമാറിന്റെ ഉറ്റസുഹൃത്തും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ അംഗവുമായ കെ.എസ്‌. ബാലഗോപാലിന്റെ മധ്യസ്‌ഥതയില്‍ നടന്ന ചര്‍ച്ചയിലാണ്‌ സമവായത്തിനു വഴിതെളിഞ്ഞത്‌. ബാലഗോപാലിന്റെ ഫോണിലൂടെ മന്ത്രിയും ഭാര്യയും തമ്മില്‍ സംസാരിച്ചതോടെ ഇരുവര്‍ക്കുമിടയില്‍ മഞ്ഞുരുകി. മന്ത്രി ഭാര്യയോട്‌ മാപ്പുപറഞ്ഞതായും തുടര്‍ന്ന്‌ ഒന്നിച്ചുപോകാന്‍ തീരുമാനിച്ചതായുമാണ്‌ സൂചന. ഇതോടെയാണ്‌ മന്ത്രിയായി തുടരാന്‍ ഗണേഷിനു സി.പി.എം. നേതൃത്വം പച്ചക്കൊടി കാട്ടിയത്‌.

അനുനയചര്‍ച്ചകള്‍ക്കുശേഷം ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച്‌ പ്രശ്‌നം പരിഹരിച്ചതായി അറിയിച്ചു.

ആവര്‍ത്തിച്ചുണ്ടാകുന്ന വിവാദങ്ങളില്‍ മുഖ്യമന്ത്രി അതൃപ്‌തി അറിയിച്ചെങ്കിലും ഭാര്യക്കു പരാതിയില്ലാത്ത സാഹചര്യത്തില്‍ രാജി വേണ്ടെന്ന്‌ തീരുമാനിച്ചു. വിവാദം കത്തിനില്‍ക്കുന്നതിനിടെ, മന്ത്രിസഭായോഗത്തിലും ഗണേഷ്‌കുമാര്‍ പങ്കെടുത്തു. എന്നാല്‍, യോഗത്തില്‍ വിവാദം ചര്‍ച്ചയായില്ല. ഭാര്യ പരാതി നല്‍കാത്ത സാഹചര്യത്തില്‍ രാജി ആവശ്യപ്പെടേണ്ടതില്ലെന്ന നിലപാടാണ്‌ സി.പി.എം. സ്വീകരിച്ചത്‌. സി.പി.ഐയും അതിനെ പിന്തുണച്ചു. മന്ത്രിസഭായോഗത്തിനുശേഷം പുറത്തിറങ്ങിയ ഗണേഷ്‌കുമാര്‍ കരുതലോടെയാണ്‌ പ്രതികരിച്ചത്‌.

ഗണേഷിനെ ഉപേക്ഷിക്കില്ല; അത്രയ്‌ക്ക്‌ ഇഷ്‌ടമെന്ന്‌ ഭാര്യ

പാലക്കാട്‌: ഒന്നല്ല, അയ്യായിരം പ്രണയമുണ്ടെന്നു മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞതാണ്‌ തന്നെ ഏറെ വേദനിപ്പിച്ചതെന്ന്‌ ഭാര്യ ബിന്ദു മേനോന്‍. ഗണേഷ്‌ തന്നോട്‌ മാപ്പ്‌ പറഞ്ഞതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും ബിന്ദു പറഞ്ഞു.
ഗണേഷിന്റെ ഫോണ്‍ വിളിക്കായാണ്‌ താന്‍ കാത്തിരുന്നത്‌. അദ്ദേഹം വൈകാരികമായാണ്‌ സംസാരിച്ചത്‌. കഴിഞ്ഞദിവസങ്ങളില്‍ താന്‍ നടത്തിയ പ്രതികരണങ്ങളും വൈകാരികമായിരുന്നു. വിവാദങ്ങളുമായി മുന്നോട്ടുപോകാന്‍ താത്‌പര്യമില്ല. കൂടെ ജീവിക്കേണ്ടത്‌ താനായതുകൊണ്ട്‌ മന്ത്രി ജനങ്ങളോട്‌ മാപ്പ്‌ പറയേണ്ട കാര്യമില്ല. വിവാദങ്ങള്‍ അവസാനിപ്പിക്കണം. ഗണേഷിനെ ഇട്ടെറിഞ്ഞ്‌ പോകാനില്ലെന്നും അത്രമേല്‍ ഇഷ്‌ടമാണെന്നും ബിന്ദു പറഞ്ഞു.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 10 Mar 2026 11.36 PM
Ads by Google
LATEST NEWS
TRENDING NOW