-->
കൊച്ചി: പശ്‌ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ പാചകവാതകലഭ്യത കുറയുമെന്നു വ്യാപക ആശങ്ക. തട്ടുകടകളും ഹോട്ടലുകളും അടച്ചിടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്കു മുന്‍ഗണന നല്‍കാനാണ് വാണിജ്യ സിലിണ്ടര്‍ വിതരണം കുറച്ചത്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോഗ്രാം, 47.5 കിലോഗ്രാം സിലിണ്ടറുകളുടെ ഉത്‌പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്.
പ്രതിസന്ധി മറികടക്കാന്‍ ഉത്‌പാദനം വര്‍ധിപ്പിക്കുമെന്ന് എണ്ണക്കമ്പനികള്‍ വ്യക്‌തമാക്കി. നിര്‍ത്തിവച്ച വാണിജ്യ സിലിണ്ടര്‍ വിതരണം പുനരാരംഭിക്കുമെന്നും സൂചന. ഗാര്‍ഹിക പാചകവാതകസിലിണ്ടര്‍ ഒരെണ്ണമുള്ളവര്‍ക്ക് 21 ദിവസത്തിനുള്ളിലും രണ്ടെണ്ണമുള്ളവര്‍ക്ക് 25 ദിവസത്തിനുള്ളിലും മറ്റൊന്നുകൂടി നല്‍കുമെന്നാണ് എണ്ണക്കമ്പനികളുടെ അറിയിപ്പ്. ബുക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഉപയോക്‌താക്കള്‍ ആശങ്കയിലാണ്. ഇതോടെ ബുക്കിങ് വര്‍ധിച്ചതായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വക്‌താവ് പറഞ്ഞു. എല്ലാവര്‍ക്കും പാചകവാതകം ലഭ്യമാക്കാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിലവിലെ സാഹചര്യത്തില്‍ ആവശ്യത്തിനു കരുതല്‍ ശേഖരമുണ്ടെന്നും ഐ.ഒ.സി. അറിയിച്ചു.
വാണിജ്യ സിലിണ്ടര്‍ വിതരണം ഐ.ഒ.സി. കുറച്ചത് ഹോട്ടല്‍ മേഖലയ്‌ക്കു തിരിച്ചടിയായി. എന്നാല്‍, അടുത്തദിവസം എണ്ണക്കമ്പനികളുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍മാരുടെ യോഗത്തില്‍ വിതരണം പഴയപടിയാക്കാന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. 82-90% പാചകവാതകവും ഗാര്‍ഹികവിഭാഗത്തിലാണ് ഉപയോഗിക്കുന്നത്. യുദ്ധം നീണ്ടാല്‍ എല്‍.പി.ജി. വിതരണം സ്‌തംഭിക്കാന്‍ സാധ്യതയേറെയാണ്.
കഴിഞ്ഞ മൂന്നുദിവസമായി സിലിണ്ടറുകള്‍ കിട്ടാത്തതിനാല്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ വന്‍നഗരങ്ങളില്‍ ഹോട്ടലുകള്‍ പലതും അടച്ചു.
സ്‌റ്റോക്കുള്ള സിലിണ്ടറുകള്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നവയും അടയ്‌ക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ റസ്‌റ്റൊറന്റ് അസോസിയേഷന്‍ അറിയിച്ചു. പ്രതിസന്ധി പരിഹരിക്കണമെന്ന് അഭ്യര്‍ഥിച്ച് സംഘടന പ്രധാനമന്ത്രിക്കും കേന്ദ്ര പെട്രോളിയം മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. പതിനായിരക്കണക്കിനു തൊഴിലാളികളെയും പൊതുജനങ്ങളെയും ബാധിക്കുന്ന വിഷയമായതിനാല്‍ ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്കെന്നപോലെ പാചകവാതകം അവശ്യവസ്‌തുവായി പരിഗണിച്ച് ഹോട്ടലുകള്‍ക്കും വിതരണം ചെയ്യാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജി. ജയപാലും ജനറല്‍ സെക്രട്ടറി എന്‍. അബ്‌ദുള്‍ റസാഖും ആവശ്യപ്പെട്ടു.