-->
കൊച്ചി: അടിസ്‌ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടു സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ യു.എന്‍.എയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി. നഴ്‌സുമാരുടെ സമരത്തെത്തുടര്‍ന്ന് ആശുപത്രിയിലെ സേവനങ്ങള്‍ മുടങ്ങരുതെന്നു ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. എസ്‌മ (ആവശ്യ സേവന പരിപാലന നിയമം) പ്രയോഗിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
സര്‍ക്കാരും തൊഴില്‍ വകുപ്പും ആശുപത്രികളിലെ സേവനങ്ങള്‍ മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണം, ആശുപത്രികളില്‍ പോലീസ് സംരക്ഷണം ഉറപ്പാക്കണം, ജോലി ചെയ്യാന്‍ തയാറാകുന്ന നഴ്‌സുമാരെ യൂണിയന്‍ അംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണം എന്നീ നിര്‍ദേശങ്ങളും കോടതി നല്‍കി. ൈപ്രവറ്റ് ഹോസ്‌പിറ്റല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
അതേസമയം, ആവശ്യം അംഗീകരിക്കുന്നതുവരെ സമരത്തില്‍നിന്നു പിന്നോട്ടില്ലെന്ന് യു.എന്‍.എ. ദേശീയ അധ്യക്ഷന്‍ ജാസ്‌മിന്‍ ഷാ പറഞ്ഞു. സമരത്തിനെതിരേ നിലപാടെടുത്ത കേരള ൈപ്രവറ്റ് ഹോസ്‌പിറ്റല്‍ അസോസിയേഷനും അദ്ദേഹം മറുപടി നല്‍കി. ആസ്‌ത്‌മ രോഗികളെ നോക്കുന്നവരെ എസ്‌മ എന്നു പറഞ്ഞു പേടിപ്പിക്കരുതെന്നും രോഗികളുടെ ജീവന്‍വച്ചു പന്താടുന്നത് ആശുപത്രി മാനേജ്‌മെന്റുകളാണെന്നും ജാസ്‌മിന്‍ ഷാ പറഞ്ഞു.
മാനേജ്‌മെന്റുകള്‍ക്കെതിരേയാണ് സര്‍ക്കാര്‍ നടപടിയെടുക്കേണ്ടത്. സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കു വിളിക്കണം. നിയമപരമായ ഒത്തുതീര്‍പ്പിനുമാത്രമേ യു.എന്‍.എയുള്ളു. ഒത്തുതീര്‍പ്പിനു തയാറായ ആശുപത്രി മാനേജ്‌മെന്റുകളെ ഹോസ്‌പിറ്റല്‍ അസോസിയേഷന്‍ പിന്തിരിപ്പിക്കുന്നുവെന്നും ജാസ്‌മിന്‍ ഷാ ആരോപിച്ചു.