-->
ദോഹ: വാക്കുകളുടെ മിന്നലേറ്റ് കാലം കോരിത്തരിച്ച തലമുറകളിലൂടെ ഒഴുകുന്ന സ്നേഹപ്രവാഹം. കേരളത്തിന്റെ സ്വന്തം കലയായ കഥാപ്രസംഗം ഖത്തർ സംസ്കൃതി വേദിയിലൂടെആസ്വാദകർക്ക്പുതുമയേറിയ അനുഭവമായി. ഐ സി സി അശോകഹാളിൽ പന്ത്രണ്ടാമത് സി വി ശ്രീരാമൻ ചെറുകഥ പുരസ്‌ക്കാര സമർപ്പണ വേദിയിൽ കാഥികൻ സൂരജ് സത്യൻ അവതരിപ്പിച്ച ഉറൂബിന്റെ'സുന്ദരികളും സുന്ദരൻമാരും' കഥാ പ്രസംഗം ഖത്തർ മലയാളികളെ വിസ്മയഭരിതമാക്കി. ശബ്ദവും അഭിനയവും മുഖഭാവങ്ങളും അംഗചലനങ്ങളും ആസ്വാദകരുടെ ഹൃദയം നിറച്ചു.
വേദിയിൽ മുഴങ്ങിയ കഥാപ്രസംഗത്തിന്റെ ഉശിരാർന്ന ഈരടികൾപോയ കാലത്തിനും പ്രതിഭകൾക്കുമുള്ളസംസ്കൃതി ഖത്തറിന്റെ സ്മരണാഞ്‌ജലിയും
പുതുപാതകൾ വെട്ടിത്തെളിക്കുന്നപ്രതിഭ കൾക്കുള്ള പ്രോത്സാഹനവുമായി.
സ്നേഹിക്കുമ്പോഴും, വെറുക്കുമ്പോഴും, ദു:ഖിക്കുമ്പോഴും മനുഷ്യനിൽ സൗന്ദര്യം ദർശിക്കുകയും മനുഷ്യജീവിതത്തെ ആരാധിക്കുകയും ചെയ്യുന്ന ഉറൂബിന്റെ കഥാലോകത്തുനിന്നുള്ള 'സുന്ദരികളും സുന്ദരൻമാരും' കഥാ പ്രസംഗകലയുടെ കുലപതിയായിരുന്ന കെടാമംഗലം സദാനന്ദന്റെ ശിഷ്യൻ കൂടിയായ
സൂരജ് സത്യൻ മികവാർന്നരീതിയിൽ അവതരിപ്പിച്ചു.ഒരു കാലഘട്ടത്തിന്റെ വികാരവിചാരങ്ങൾ വിസ്മയകരമാംവിധം ഒപ്പിയെടുത്ത ഉറൂബിന്റെ വിഖ്യാത നോവലിന്റെ കഥാപ്രസംഗാവിഷ്ക്കാരം കെടാമംഗലത്തിൻ്റെ പകർപ്പല്ലാതെ സ്വന്തം സംഭാവനകൾ കൂടി സമന്വയിപ്പിച്ച് കാലത്തോടൊപ്പം സഞ്ചരിക്കുന്ന വിധമായിരുന്നു സൂരജിൻ്റെ കഥാഖ്യാനം.
പ്രശസ്ത സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് ഒരുക്കിയ സംഗീതം സൂരജിന്റെ അവതരണത്തിനു തിളക്കമേകുന്നു. കഥാപ്രസംഗവേദിയിലെ അഭിവാജ്യമായ അകമ്പടിവാദ്യങ്ങളായ ഗസൽ സോമന്റെ തബലയും,എൻ.മുരളിയുടെ കീബോർഡും ആലപ്പി ഋഷികേശിന്റെ
ഹാർമോണിയവും കാണികൾ അലിഞ്ഞാസ്വദിച്ചു. 35 വർഷം പിന്നിടുന്ന സൂരജ് സത്യൻ്റെ കഥാപ്രസംഗ സപര്യയിൽ കെടാമംഗലത്തിൻ്റെ രമണനും, കർണ്ണനും, കരുണയും അങ്കക്കളരിയുമൊക്കെ കേരളത്തിലൂടനീളം സൂരജ് അവതരിപ്പിച്ചുവരുന്നു .ദ്രൗപദി, പരശുരാമൻ,വ്യാസൻ്റെചിരി, തുടങ്ങിയ ധാരാളം കഥകൾ വേറെയും അവതരിപ്പിക്കുന്നുണ്ട്. കേരള സംഗീത നാടക അക്കാദമി അവാർഡ്,വയലാർ രാമവർമ്മ സ്മാരകസമിതി അവാർഡ്,ഇടക്കൊച്ചി പ്രഭാകരൻ സ്മാരക പുരസ്കാരംഉൾപ്പടെ ബഹുമതികളേറെ നേടിയിട്ടുണ്ട് സൂരജ് സത്യൻ.
ഷഫീക്ക് അറക്കൽ