-->
ദോഹ: പുസ്തകങ്ങളുമായി കൂട്ടുകൂടാനും എഴുത്തുകാരുമായി സംവദിക്കാനും പ്രവാസ ലോകത്തെ സാഹിത്യ പ്രേമികൾക്കായി ഖത്തറിലെ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓഥേഴ്സ് ഫോറം (ഖിയാഫ്)സംഘടിപ്പിക്കുന്ന പ്രഥമ സാഹിത്യോത്സവമായ ദോഹ ലിറ്ററേച്ചർ ഫെസ്റ്റിന്റെ (ഖിയാഫ്ഡി.എല്‍.എഫ്) പോസ്റ്റര്‍ പ്രകാശനം ചെയ്തു. റേഡിയോ മലയാളം 98.6 FM സ്റ്റുഡിയോ ഫ്ലോറിൽ നടന്ന ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഷറഫ് പി ഹമീദും റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈനും ചേര്‍ന്ന് പോസ്റ്റര്‍ പ്രകാശനം ചെയ്തു.
ഡിസംബര്‍ 4, 5 തിയ്യതികളിലായി അബൂഹമൂര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന സാഹിത്യോത്സവം ആധുനിക മലയാളകവിതയുടെ അഗ്രഗാമികളില്‍ ഒരാളായ കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് പ്രൊഫ. കെ. സച്ചിദാനന്ദന്‍ ഉത്ഘാടനം ചെയ്യും.രണ്ടു ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തിൽ സാത്യശില്‍പശാലാ സെഷനുകൾ, വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക സെഷന്‍, പുസ്തക പ്രകാശനം, പുസ്തക പ്രദര്‍ശനം,സാംസ്കാരിക സമ്മേളനം എന്നിവ നടക്കും.തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ സാഹിത്യാധ്യാപകനും നോവലിസ്റ്റും ഭാഷാവിദഗ്‌ദനായ ഡോ.അശോക് ഡിക്രൂസ്, കവിയും വിവർത്തകനും അധ്യാപകനുമായ കെ.ടി.സൂപ്പി, മലയാളത്തിലെ ശ്രദ്ധേയയായ നോവലിസ്റ്റ് ഷീല ടോമി എന്നിവർ വിവിധ സെഷനുകൾ നയിക്കും.
കേരളത്തിലെ പ്രശസ്ത ഗസൽ-ഖവാലി ഗായക സംഘമായ സമീർ ബിൻസി, ഇമാം മജ്‍ബൂർ ടീമിന്റെ ലൈവ് സംഗീതസായാഹ്‌നവും അരങ്ങേറും.
പോസ്റ്റർ പ്രകാശന ചടങ്ങില്‍ ഖിയാഫ്പ്രസിഡണ്ട് ഡോ. സാബു. കെ. സി,ഡി.എല്‍.എഫ് ജനറൽ കണ്‍വീനര്‍ തന്‍സീം കുറ്റ്യാടി,
ആക്ടിംഗ് ജനറല്‍സെക്രട്ടറി മജീദ് പുതുപ്പറമ്പ്, വൈസ് പ്രസിഡന്റ് അഷ്റഫ് മടിയാരി, സംഘാടക സമിതി അംഗങ്ങളായ അൻവർ ബാബു, ഷംല ജഹ്ഫര്‍ എന്നിവർ സംസാരിച്ചു. ട്രഷറർ അൻസാർ അരിമ്പ്ര, ജോ:കൺവീനർ മുരളി വാളൂരാൻ എന്നിവർ സാന്നിധ്യം വഹിച്ചു.ആര്‍.ജെ പാര്‍വ്വതി അവതാരകയായിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് qiafdlf2025@gmail.com എന്ന ഇമെയിലിലോ 3332 4499, 5039 0307 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://forms.gle/fLuKthfyku5C2vch6 എന്ന ഗൂഗിൾ ഫോമിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഷഫീക്ക് അറക്കൽ