-->
സാങ്കേതിക പുരോഗതി പ്രാപിച്ചെങ്കിലും ഇന്ന് ഓണ്‍ലൈന്‍ മേഖലകളില്‍ തട്ടിപ്പുകള്‍ക്കും കുറവില്ല. പ്രത്യേകിച്ചും ഭാവി പ്രവചനം. ഓണ്‍ലൈനില്‍ ഭാവി പ്രവചിക്കുന്ന ഒരുപാടാളുകളുണ്ടിന്ന്. അതിലൂടെ പറ്റിക്കപ്പെടുന്നവരും. അങ്ങനെ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചൈനയില്‍ നിന്നും പുറത്ത് വരുന്നത്. ഒരു യുവതി തന്റെ ഭര്‍ത്താവ് തന്നെ ചതിക്കുകയാണ് എന്നും അയാള്‍ക്ക് മറ്റ് ബന്ധങ്ങളുണ്ട് എന്നും ആരോപിച്ച് വീട്ടില്‍ വലിയ പ്രശ്‌നമുണ്ടാക്കി. എന്നാല്‍, ഇതിന്റെയെല്ലാം കാരണമായിത്തീര്‍ന്നത് ഒരു ഓണ്‍ലൈന്‍ ജോത്സ്യനാണ്.
ഈ ജോത്സ്യനാണ് യുവതിയോട് നിങ്ങളുടെ ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ട് എന്ന് പറഞ്ഞത്. ഭര്‍ത്താവ് തന്നെയാണ് ഭാര്യ തനിക്ക് നേരെ കഴമ്പില്ലാത്ത ആരോപണം ഉന്നയിക്കുന്നുവെന്നും പറഞ്ഞ് പോലീസിനെ സമീപിച്ചത്. കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ വുഹുവില്‍ നിന്നുള്ള ഒരു സ്ത്രീയാണ് തന്റെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ചത്. അന്‍ഹുയി ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനാണ് ഒക്ടോബര്‍ 22 ന് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അതോടെ ഓണ്‍ലൈനിലടക്കം ഇത് വലിയ ചര്‍ച്ചയായി. അതേസമയം ദമ്പതികളുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
70 ഡോളര്‍ അതായത് ഏകദേശം 6000 രൂപ ഓണ്‍ലൈനില്‍ അടച്ച് നേടിയ പ്രവചനത്തിന് പിന്നാലെയാണ് ഭാര്യ ഭര്‍ത്താവിനുമേല്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നത് ആളുകളെ അമ്പരപ്പിച്ചു. എന്തായാലും, പ്രവചനം നടത്തുന്നയാള്‍ യുവതിയോട് പറഞ്ഞത്, നിങ്ങളുടെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്, നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുള്ള ഇയാള്‍ ഹോട്ടല്‍ റൂമുകളിലും അവര്‍ക്കൊപ്പം പോകാറുണ്ട്, ഇതൊന്നും കൂടാതെ ലൈം?ഗികത്തൊഴിലാളികളുടെ അടുത്തും പോകാറുണ്ട് എന്നാണ്. ഭാര്യ ഇയാളുടെ പ്രവചനം പൂര്‍ണമായും വിശ്വസിച്ചതായും ഗ്വാണ്ടൂ പോലീസ് പറയുന്നു.
ഭാര്യയുടെ ആരോപണം ശക്തമായതോടെയാണ് ഭര്‍ത്താവ് പൊലീസിനെ സമീപിക്കാനും തന്റെ നിരപരാധിത്വം തെളിയിക്കാനും തീരുമാനിച്ചത്. രാവിലെ മുതല്‍ ഭാര്യ ജോത്സ്യനെ വിളിച്ചുകൊണ്ടിരിക്കുമെന്നും ജീവിതം സഹിക്കാന്‍ പറ്റാത്ത രീതിയിലായി എന്നും ഭര്‍ത്താവ് പരാതിപ്പെടുന്നു. എന്തായാലും, പോലീസ് ഭാര്യയെയും ഭര്‍ത്താവിനെയും വിളിച്ച് സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.