-->
മരണശേഷവും പങ്കാളികളോടുള്ള സ്‌നേഹം കാത്ത് സൂക്ഷിക്കുന്ന നിരവധിപേരുണ്ട്. ഇപ്പോഴിതാ എഴുപതാം വയസ്സിലും ഭര്‍ത്താവിനോടുള്ള സ്‌നേഹം ഒരു വേറിട്ട രീതിയില്‍ പ്രകടിപ്പിച്ചിരിക്കുകയാണ് ലിങ്കണ്‍ഷെയര്‍ സ്വദേശിനിയായ എഴുപതുകാരി ജെന്നി ഫോക്‌സ്. ക്യാന്‍സര്‍ ബാധിച്ച് 2025ല്‍ അന്തരിച്ച തന്റെ ഭര്‍ത്താവ് അലന്റെ ചിതാഭസ്മം ഡ്രോണ്‍ ഉപയോഗിച്ചാണ് ജെന്നി നോര്‍ത്ത് സീയില്‍ വിതറിയത്. റോയല്‍ നേവിയിലും പിന്നീട് മത്സ്യത്തൊഴിലാളിയായും ജീവിതത്തിന്റെ ഭൂരിഭാഗവും കടലിനോട് ചേര്‍ന്നുനിന്ന അലന്, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സ്‌കെഗ്‌നസ് കടല്‍ത്തീരത്ത് നല്‍കിയ ഈ വിടവാങ്ങല്‍ വാക്കുകള്‍ക്ക് അതീതമാണെന്ന് ജെന്നി വികാരാധീനയായി പറയുന്നു.
വിമാനങ്ങളോടും ആകാശത്തോടും ഏറെ താല്‍പ്പര്യമുണ്ടായിരുന്ന അലന് ഏറ്റവും അനുയോജ്യമായ യാത്രയയപ്പ് നല്‍കാനാണ് ജെന്നി ഡ്രോണ്‍ തിരഞ്ഞെടുത്തത്. സാധാരണയായി ചിതാഭസ്മം വിതറുമ്പോള്‍ കാറ്റടിച്ച് ശരീരത്തിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു സാങ്കേതിക മാര്‍ഗ്ഗം സ്വീകരിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാക്ഷിയായ ചടങ്ങില്‍, അവരുടെ തലയ്ക്കു മുകളിലൂടെ പറന്ന ഡ്രോണ്‍ അലന്റെ ഭൗതികാവശിഷ്ടങ്ങള്‍ തിരമാലകളിലേക്ക് അര്‍പ്പിച്ചു. ഏറെക്കാലമായി വാര്‍ഡ്രോബിനുള്ളിലിരുന്ന ചിതാഭസ്മം ഒടുവില്‍ പ്രിയപ്പെട്ട കടലിന്റെ മടിത്തട്ടിലെത്തിയത് അലനെ സന്തോഷിപ്പിക്കുന്നുണ്ടാകുമെന്ന് ജെന്നി വിശ്വസിക്കുന്നു.
വിയോഗത്തിന്റെ വേദനയില്‍ കഴിയുന്നവര്‍ക്ക് വലിയ ആശ്വാസവും സമാധാനവും നല്‍കുന്ന ഒന്നാണ് ഇത്തരം മാന്യമായ വിടവാങ്ങല്‍ ചടങ്ങുകളെന്ന് ഈ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച 'ഏരിയല്‍ ആഷസ്' ഉടമ മാറ്റ് യംഗ് വ്യക്തമാക്കുന്നു. 40 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ അലന്‍ വിടവാങ്ങിയെങ്കിലും, ആ ജീവിതത്തിന്റെ ആഘോഷമായി ഈ ചടങ്ങ് മാറി. പ്രിയപ്പെട്ടവര്‍ക്കായി ചെയ്യുന്ന ഇത്തരം ചെറിയ കാര്യങ്ങള്‍ അവരുടെ ഓര്‍മ്മകളെ എന്നെന്നും നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് ജെന്നിയുടെ ഈ തീരുമാനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.