-->
സ്വന്തം ഇഷ്ടത്തിന് ഭാര്യ ഡിഷ് വാഷര്‍ വാങ്ങിയതിന്റെ പേരില്‍ വീട് മുഴുവന്‍ അടിച്ചുതകര്‍ത്തിരിക്കുകയാണ് ഇവിടെ ഒരു ഭര്‍ത്താവ്. ദക്ഷിണചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലാണ് സംഭവം. ജനുവരി എട്ടിന് 1,500 യുവാന്‍ (19,731 രൂപ) മുടക്കി യുവതി ഒരു ഓണ്‍ലൈന്‍ പ്ലാഫ്‌റോമില്‍ നിന്ന് ഡിഷ്‌വാഷര്‍ വാങ്ങിയതാണ് എല്ലാത്തിന്റേയും തുടക്കം. ഇക്കാര്യം ഭര്‍ത്താവിനോട് അവര്‍ പറഞ്ഞിരുന്നില്ല. തണുപ്പുകാലത്ത് കൈകൊണ്ട് പാത്രങ്ങള്‍ കഴുകുമ്പോള്‍ അസഹനീയമായ തണുപ്പാണ് അനുഭവപ്പെടുകയെന്നും അതുകൊണ്ടാണ് ഡിഷ് വാഷര്‍ വാങ്ങിയതെന്നും യുവതി പറയുന്നു. പാത്രങ്ങള്‍ കഴുകാന്‍ ഭര്‍ത്താവ് സഹായിക്കാറില്ലെന്നും യുവതി പറഞ്ഞതായി സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
കമ്പനിയില്‍ നിന്ന് ഡിഷ്‌വാഷര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ജീവനക്കാരന്‍ ഇവരുടെ വാടക ഫ്‌ളാറ്റില്‍ എത്തിയപ്പോള്‍ മാത്രമാണ് ഭര്‍ത്താവ് ഇതേക്കുറിച്ച് അറിയുന്നത്. വെള്ളത്തിന്റേയും വൈദ്യുതിയുടേയും ബില്‍ വലിയതോതില്‍ വര്‍ധിക്കുമെന്നും അതിനാല്‍ ഇപ്പോള്‍ തന്നെ ഡിഷ്‌വാഷര്‍ തിരികെ കൊടുക്കണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇതിന് വഴങ്ങിയില്ല. വലിയ പണച്ചെലവുണ്ടാകില്ലെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് ജീവനക്കാരനോട് ജോലി നിര്‍ത്താന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു. ഭാര്യ ഇതിനെ എതിര്‍ത്തതോടെയാണ് വീട് 'യുദ്ധക്കള'മായത്. കോപാകുലനായ ഭര്‍ത്താവ് വീട്ടിലെ ഫര്‍ണിച്ചറുകളും മറ്റ് സാധനങ്ങളുമെല്ലാം അടിച്ച് തകര്‍ക്കുകയായിരുന്നു. ഇതോടെ ഭയന്നുപോയ യുവതി നിലവിളിച്ചുകൊണ്ട് തെരുവിലൂടെ ഓടിരക്ഷപ്പെട്ടു. ഹോട്ടല്‍മുറിയിലാണ് അവര്‍ അന്ന് കഴിച്ചുകൂട്ടിയത്.
എന്തിനാണ് ഭര്‍ത്താവ് എതിര്‍ത്തതെന്ന് അറിയില്ലെന്ന് യുവതി പറയുന്നു. വീട്ടില്‍നിന്ന് അകലെയുള്ള ഒരിടത്താണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. 11,000 യുവാനാണ് (1,44,729 രൂപ) ശമ്പളം. വീട്ടമ്മയാണ് യുവതി. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. വീഡിയോ വൈറലായതോടെ ചൈനീസ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയമായി ഇത് മാറി. ഇത്രയും പ്രശ്‌നനങ്ങളുണ്ടായതോടെ യുവതി അടുത്തദിവസം തന്നെ ഡിഷ്‌വാഷര്‍ റിട്ടേണ്‍ ചെയ്തു. പിന്നാലെ ഭര്‍ത്താവ് മാപ്പ് പറഞ്ഞുകൊണ്ട് മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തു. തന്റെ മൂഡ് ശരിയല്ലായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.