Wednesday, March 11, 2026 Last Updated 6 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 01.48 PM

വയ്യാത്ത അമ്മായിമ്മയെ നോക്കാന്‍ ജോലി ഉപേക്ഷിക്കണമെന്ന് ഭര്‍ത്താവും കുടുംബവും: വിസമ്മതിച്ച യുവതിക്ക് ഒടുവില്‍ ഡിവോഴ്‌സ് നോട്ടീസ്

wife, refuse, care, husband, mother, divorce, notice

കാലം പുരോഗതി പ്രാപിച്ചെങ്കിലും ഇന്ത്യയിലടക്കമുള്ള പല സ്ഥലങ്ങളിലും സ്ത്രീകളെകുറിച്ചുള്ള പഴയ ചിന്താഗതികള്‍ ഇന്നും വെച്ച് പുലര്‍ത്തുന്നവരുണ്ട്. സ്ത്രീകള്‍ ജോലി ഉപേക്ഷിച്ച് കുടുംബം നോക്കേണ്ടവരാണ് എന്ന ചിന്തയുള്ളവരാണ് ഇതില്‍ കൂടുതലും. അതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജോലി ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഒരു ഇന്ത്യന്‍ ടെക് പ്രൊഫഷണലിന് തന്റെ ദാമ്പത്യം ഉപേക്ഷിക്കേണ്ടി വന്നു. എക്‌സില്‍ (ട്വിറ്റര്‍) യുവതിയുടെ സുഹൃത്താണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

പ്ലസ് ടു പഠനകാലത്ത് തുടങ്ങിയ പ്രണയമായിരുന്നു ഇവരുടേത്. പിന്നീട്, ബി.ടെക് ഒരുമിച്ച് പഠിക്കുകയും 'ടെക് മഹിന്ദ്ര'യില്‍ ഒരേസമയം ഇരുവരും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. പിന്നീട് കമ്പനികള്‍ മാറി, കരിയറില്‍ ഒരുമിച്ച് വളര്‍ന്നു, വിവാഹിതരാകുകയും സ്വന്തമായി വീട് വാങ്ങുകയും ചെയ്തു. രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. കഠിനാധ്വാനിയായ യുവതി പ്രസവാവധി ഒഴികെ ഒരിക്കല്‍ പോലും ജോലിയില്‍ നിന്ന് വിട്ടുനിന്നിട്ടില്ല. രണ്ടാമത്തെ പ്രസവത്തിന് ശേഷം പുതിയ സാങ്കേതികവിദ്യകള്‍ പഠിച്ചെടുത്ത അവര്‍ കരിയറില്‍ ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന ശമ്പളം നേടുന്ന നിലയിലേക്ക് വളര്‍ന്നു.

ഭര്‍ത്താവിന്റെ അമ്മയ്ക്ക് അസുഖം ബാധിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അമ്മയെ ശുശ്രൂഷിക്കാന്‍ യുവതി ജോലി രാജിവെക്കണമെന്ന് ഭര്‍ത്താവും വീട്ടുകാരും നിര്‍ബന്ധിച്ചു. എന്നാല്‍ തന്റെ കരിയര്‍ ഉപേക്ഷിക്കാന്‍ യുവതി തയ്യാറായില്ല. പകരം അവര്‍ ഒരു വഴിയും മുന്നോട്ടുവെച്ചു. യുവതി ജോലി തുടരും, വീടിന്റെ സാമ്പത്തിക ഉത്തരവാദിത്തവും ഏറ്റെടുക്കാം. പകരം ഭര്‍ത്താവ് കരിയറില്‍ നിന്ന് ഒരു ഇടവേള എടുത്ത് അമ്മയെ നോക്കണം. പ്രസവത്തിന്റെ സമയത്ത് തന്നെ താന്‍ ബ്രേക്ക് എടുത്തതാണ്. ഇത്തവണ ഭര്‍ത്താവ് ജോലിയില്‍ നിന്നും ബ്രേക്ക് എടുക്കട്ടെ. സഹായത്തിനായി യുവതിയുടെ അമ്മയെ വീട്ടിലേക്ക് കൊണ്ടുവരാമെന്നും അവര്‍ സമ്മതിച്ചു.

എന്നാല്‍, യുവതിയുടെ ഈ നിര്‍ദ്ദേശങ്ങള്‍ ഭര്‍ത്താവും വീട്ടുകാരും തള്ളി. മകന്റെ വീട്ടില്‍ പെണ്‍കുട്ടിയുടെ അമ്മ വരുന്നത് ശരിയല്ലെന്നായിരുന്നു ഭര്‍ത്താവിന്റെ അമ്മയുടെ നിലപാട്. വീട് വാങ്ങാന്‍ യുവതിയും പണം നല്‍കിയിരുന്നു എന്ന വസ്തുത ഇവര്‍ വിസ്മരിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ ജോലി ഉപേക്ഷിക്കേണ്ടത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാണെന്ന് അവര്‍ ശഠിച്ചു. ജോലിക്ക് ആളെ വയ്ക്കാം എന്ന് പറഞ്ഞതുപോലും അവര്‍ കേട്ടില്ല. യുവതി വഴങ്ങാതിരുന്നതോടെ വലിയ രീതിയിലുള്ള മാനസിക പീഡനമാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്.

പീഡനം സഹിക്കവയ്യാതെ യുവതി കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് മാറി. അവിടെ നിന്നും ഭര്‍ത്താവിന്റെ അമ്മയെ ശുശ്രൂഷിക്കാന്‍ താന്‍ തയ്യാറാണെന്ന് അവര്‍ അറിയിച്ചെങ്കിലും ഭര്‍ത്താവ് വിവാഹമോചന നോട്ടീസ് അയക്കുകയാണുണ്ടായത്. ഒടുവില്‍ യുവതി വിവാഹമോചനത്തിന് അപേക്ഷ നല്‍കി. ഒരു പുരുഷാധിപത്യ വ്യവസ്ഥിതിയില്‍, ഒരു സ്ത്രീ എത്രത്തോളം കഠിനാധ്വാനം ചെയ്താലും, എത്ര സമ്പാദിച്ചാലും, എത്രത്തോളം സ്‌നേഹിച്ചാലും ത്യാഗങ്ങള്‍ സഹിച്ചാലും സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള അധികാരം വിട്ടുകൊടുക്കാന്‍ തയ്യാറല്ലാതാവുന്ന നിമിഷം, അവള്‍ വിലയില്ലാത്തവളായി കണക്കാക്കപ്പെടുന്നു എന്ന കുറിപ്പോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് യുവതിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സ്ത്രീകള്‍ ഒരിക്കലും തങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം പണയപ്പെടുത്തരുതെന്നും, പുരുഷാധിപത്യ ചിന്താഗതികള്‍ ഒരു കുടുംബത്തെ എങ്ങനെ തകര്‍ക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതെന്നും സോഷ്യല്‍ മീഡിയയില്‍ മിക്കവരും പ്രതികരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW