-->
രാജ്യം മുഴുവന്‍ ഇപ്പോള്‍ ദീപാവലി ആഘോഷങ്ങളുടെ തിരക്കിലാണ്. ഇതുമായി ബന്ധപ്പെട്ട് നിിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു ഐറിഷ് യുവാവ് തന്റെ ഇന്ത്യക്കാരിയായ കാമുകിയുടെ അമ്മയോട് ദീപാവലി സമ്മാനം നല്‍കിയതിന് നന്ദി പറയുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍, വീഡിയോയെ മനോഹരമാക്കുന്നത് ഹിന്ദിയിലാണ് യുവാവ് നന്ദി പറയാന്‍ ശ്രമിക്കുന്നത് എന്നതാണ്.
കണ്ടന്റ് ക്രിയേറ്ററായ സംസ്‌കൃതി എന്ന യുവതിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 'ചില നിമിഷങ്ങള്‍ക്ക് വിവര്‍ത്തനത്തിന്റെ ആവശ്യമില്ല' എന്ന ക്യാപ്ഷനോടെയാണ് സംസ്‌കൃതി വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ യുവതിയുടെ കാമുകന്‍ അമ്മയെ ഫോണ്‍ വിളിക്കുന്നത് കാണാം. 'ദീപാവലി സമ്മാനത്തിന് തന്റെ ഇന്ത്യക്കാരിയായ അമ്മയോട് ഹിന്ദിയില്‍ നന്ദി പറയുന്ന എന്റെ ഐറിഷ് കാമുകന്‍' എന്ന വാചകത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത് തന്നെ. സംസ്‌കൃതിയുടെ കാമുകനായ ഡാരന്‍ അവളുടെ അമ്മയോട് ഫോണില്‍ സംസാരിക്കുകയാണ്. 'കൈസേ ഹോ?' (സുഖമാണോ?) എന്നാണ് ആദ്യം തന്നെ ചോദിക്കുന്നത്. തുടര്‍ന്ന്, 'ആപ്‌കെ പാര്‍സല്‍ മിലാ, ശുക്രിയ' (നിങ്ങള്‍ അയച്ച പാര്‍സല്‍ കിട്ടി, നന്ദി) എന്നും പറയുന്നത് കേള്‍ക്കാം.
പിന്നീട് ഇംഗ്ലീഷിലും തന്റെ ആഹ്ലാദം അറിയിക്കുകയും നന്ദി പറയുകയും ചെയ്യുന്നുണ്ട് യുവാവ്. ആ സമ്മാനം വളരെ നല്ലതാണ് എന്നും ഡാരന്‍ പറയുന്നു. വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. 'സംസ്‌കൃതിയുടെ കാമുകന്റെ പരിശ്രമം അഭിനന്ദിക്കപ്പെട്ടേ മതിയാവൂ' എന്നാണ് പലരും വീഡിയോയുടെ കമന്റില്‍ കുറിച്ചിരിക്കുന്നത്.