-->
പാമ്പുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭൂരിഭാഗം ആളുകള്‍ക്കും പേടിയാണ്. എന്നാല്‍ ഈ പാമ്പുകളെ അതും ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ പാമ്പുകളെ അരുമകളായി വളര്‍ത്തിയാലോ? കേള്‍ക്കുമ്പോള്‍ തന്നെ ഭയം അരിച്ചിറങ്ങുമല്ലേ? എന്നാല്‍ അങ്ങനെ ഒരു ഗ്രാമത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മഹാരാഷ്ട്രയുടെ ഒരു വിദൂര കോണിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഷെത്ഫാല്‍ എന്നാണ് ഗ്രാമത്തിന്റെ പേര്. ഇവിടെ മൂര്‍ഖന്‍ പാമ്പുകള്‍ കുടുംബാംഗങ്ങളാണ്. ഇവിടെ മൂര്‍ഖന്‍ പാമ്പുകളെ വീടുകളിലേക്ക് സ്വാഗതം ചെയ്യുകയും, അഭയം നല്‍കുകയും, പവിത്രമായ പ്രതീകങ്ങളായി കണക്കാക്കുകയും ചെയ്യുന്നു.
ഷെത്ഫലില്‍, നിങ്ങള്‍ക്ക് നായ്ക്കള്‍ കുരയ്ക്കുന്നതോ പൂച്ചകള്‍ കട്ടിലുകളില്‍ ചുരുണ്ടുകൂടി കിടക്കുന്നതോ കാണാന്‍ കഴിയില്ല. പകരം, വീടുകളിലും വയലുകളിലും കിടപ്പുമുറികളിലും പോലും സുഖമായി ഇഴയുന്ന മൂര്‍ഖന്‍ പാമ്പുകളെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അതുകൊണ്ടാണ് ഈ ഗ്രാമം 'ഇന്ത്യയിലെ പാമ്പ് ഗ്രാമം' എന്നറിയപ്പെടുന്നത്. പാമ്പുകള്‍ക്കൊപ്പം ഒരു ഭയവുമില്ലാതെ കുട്ടികള്‍ കളിക്കുന്നു. പാമ്പുകള്‍ ഇവിടത്തെ വളര്‍ത്തുജീവിയായിട്ട് നൂറ്റാണ്ടുകളായത്രേ. ശിവന്റെ കഴുത്തിലുള പാമ്പാണ് മൂര്‍ഖന്‍. അതിനാല്‍ത്തന്നെ ഇതിനെ ഉപദ്രവിക്കരുതെന്നും സംരക്ഷിക്കണമെന്നുമാണ് ഇവിടത്തുകാര്‍ പറയുന്നത്. ഗ്രാമവാസികളെ ഒരിക്കലും പാമ്പുകള്‍ ഉപദ്രവിച്ചിട്ടില്ലെന്നാണ് വിവരം. എന്നാല്‍ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്.