-->
പാമ്പുകളുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു ദൃശ്യമാണ് അജ്മീറിലെ പുഷ്‌കറില്‍ നിന്നും പുറത്തുവരുന്നത്. ഇവിടെ ഒരു ഹോട്ടല്‍ മുറിയിലെ ക്ലോസറ്റില്‍ നിന്ന് മൂര്‍ഖനെ കണ്ടെത്തിയതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്.
ഹോട്ടലില്‍ നിന്നുള്ള വീഡിയോയില്‍, ക്ലോസറ്റിനുള്ളില്‍ നിന്ന് ഒരു മൂര്‍ഖന്‍ ചീറ്റുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഹോട്ടല്‍ മാനേജ്‌മെന്റ് ഉടന്‍ തന്നെ രാജസ്ഥാന്‍ കോബ്ര ടീമിനെ സംഭവത്തെക്കുറിച്ച് അറിയിക്കുകയായിരുന്നത്രെ. 'അജ്മീര്‍ ജില്ലയിലെ പുഷ്‌കറില്‍ ഒരു ഹോട്ടലിന്റെ രണ്ടാം നിലയില്‍ അഞ്ചടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടതോടെ അവിടമാകെ പരിഭ്രാന്തി പരന്നു. ക്ലോസറ്റില്‍ മൂര്‍ഖന്‍ ചീറ്റുന്നത് കണ്ടതോടെ വിനോദസഞ്ചാരികളുടെ ശ്വാസം നിലച്ചു.
വിവരം ലഭിച്ചയുടനെ രാജസ്ഥാന്‍ കോബ്ര ടീം സ്ഥലത്തെത്തി, വളരെ ബുദ്ധിമുട്ടിയാണെങ്കിലും പാമ്പിനെ പിടികൂടി സുരക്ഷിതമായി കാട്ടിലേക്ക് തുറന്നുവിട്ടു. മൂര്‍ഖനെ നീക്കം ചെയ്ത ശേഷമാണ് ഹോട്ടലില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരികള്‍ക്കും ജീവനക്കാര്‍ക്കും ശ്വാസം നേരെ വീണത്' എന്ന് വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിരിക്കുന്നത് കാണാം. വീഡിയോയില്‍ കാണുന്നത് ക്ലോസറ്റില്‍ നിന്നും ഒരു മൂര്‍ഖന്‍ പാമ്പ് ചീറ്റുന്നതായിട്ടുള്ള ഭയാനകമായ രംഗമാണ്. ചുറ്റും കൂടി നില്‍ക്കുന്നവരുടെ സംസാരവും വീഡിയോയില്‍ കേള്‍ക്കാം. എങ്ങനെയാണ് ഈ പാമ്പ് രണ്ടാം നിലയില്‍ എത്തിയത് എന്നാണ് പലരും ചോദിക്കുന്നത്.