-->
പരിക്കേറ്റ അതീവ ഗുരുതരാവസ്ഥയിലായ മൂര്‍ഖന്‍ പാമ്പിന് ശസ്ത്രക്രിയയിലൂടെ പുതുജീവന്‍. ഹരിയാനയിലെ മൃഗസംരക്ഷണ വകുപ്പാണ് അടിയന്തരമായി നടത്തിയ ശസ്ത്രക്രിയയിലൂടെ ഗുരുതരമായി പരിക്കേറ്റ മൂര്‍ഖന്‍ പാമ്പിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. പാമ്പിന്റെ കുടല്‍ പുറത്തേക്ക് തള്ളിവരികയും അഴുകിയ നിലയിലുമായിരുന്നു. ബിഭാനിയിലെ സര്‍ക്കാര്‍ വെറ്റിനറി ആശുപത്രിയിലായിരുന്നു സങ്കീര്‍ണമായ ശസ്ത്രക്രിയ.
കൈരു ഗ്രാമപ്രദേശത്തെ ആളുകളാണ് പരിക്കേറ്റ മൂര്‍ഖനെ ആദ്യം കണ്ടത്. ദയ തോന്നിയ ഗ്രാമവാസികള്‍ അതിനെ കൊല്ലാന്‍ കൂട്ടാകാതെ പ്ലാസ്റ്റിക്ക് ബാഗിലാക്കി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പാമ്പിനെ നേരിട്ട് ഏറ്റെടുക്കാന്‍ നിയമ പരിധിയുണ്ടായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ വന്യജീവി വകുപ്പിനെ വിവരമറിയിച്ചു. തുടര്‍ന്ന് അവിടെ നിന്നും ഉദ്യോഗസ്ഥരെത്തി പാമ്പിനെ കസ്റ്റഡിയിലെടുത്ത ശേഷം ആശുപത്രിക്ക് കൈമാറുകയാണ് ചെയ്തത്.
വളരെ ഗുരുതരമായ അവസ്ഥയിലാണ് മൂര്‍ഖനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് വെറ്റിനറി സര്‍ജന്‍ ഡോ ജോനി പറയുന്നു. പരിശോധനയില്‍ മൂര്‍ഖന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് മറ്റ് രണ്ട് സീനിയര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണമായി ആരോഗ്യം വീണ്ടെടുത്ത മൂര്‍ഖനെ തിരികെ വനത്തില്‍ തുറന്നുവിട്ടതായി അധികൃതര്‍ വ്യക്തമാക്കി.